Connect with us

National

ഗാംഗുലി ബി ജെ പിയില്‍ ചേരുമെന്ന് അഭ്യൂഹം

Published

|

Last Updated

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി വലിയ ചരടുവലികള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി ജെ പി സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും ഗാംഗുലി നിരസിക്കുകയായിരുന്നു. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ കായിക മന്ത്രിയാക്കുമെന്ന് വരെ അന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. അതേസമയം ഗാംഗുലി വാര്‍ത്ത നിഷേധിച്ചു. ബി ജെ പിയും തള്ളി.
പശ്ചിമ ബംഗാളിലെ ഏറ്റവും സ്വീകാര്യതയുള്ള വ്യക്തിത്വമാണ് ഗാംഗുലിയുടെത്. ഇത് മുതലെടുക്കാനാണ് ബി ജെ പിയുടെ നീക്കം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വരവറിയിച്ച ബി ജെ പി, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കണ്ണുവെച്ചിരിക്കുന്നത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇതിനായുള്ള തന്ത്രങ്ങളിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് തവണയാണ് അമിത് ഷാ ബംഗാള്‍ സന്ദര്‍ശിച്ചത്. ഇപ്രാവശ്യം കൂടുതല്‍ പേര്‍ ബി ജെ പി അംഗത്വം സ്വീകരിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 ശതമാനം വോട്ട് നേടാന്‍ ബി ജെ പിക്കായി. അസാന്‍സോള്‍, ഡാര്‍ജിലിംഗ് സീറ്റുകള്‍ നേടാനുമായി. ഇടത്, തൃണമൂല്‍ കോണ്‍ഗ്രസ് ധ്രുവങ്ങളിലുള്ള സംസ്ഥാന രാഷ്ട്രീയത്തിന്റെ സമവാക്യം തിരുത്താന്‍ സാധിക്കുമെന്നാണ് ബി ജെ പിയുടെ വിശ്വാസം. ഈയടുത്ത് തൃണമൂല്‍, ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പതിവായിരുന്നു. മമതാ ബാനര്‍ജിയുടെ മുഖ്യ രാഷ്ട്രീയ ശത്രു ബി ജെ പി ആയിട്ടുമുണ്ട്.

---- facebook comment plugin here -----

Latest