Connect with us

National

കിരണ്‍ ബേദിയെ പ്രശംസിച്ച് ശാന്തി ഭൂഷണ്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പിയിലെത്തിയ കിരണ്‍ ബേദിയെ പ്രശംസിച്ച് ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യ ഉപദേശകനും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍. ഇന്ത്യാ എഗന്‍സ്റ്റ് കറപ്ഷന്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബേദിയുടെ സംഭാവന അമൂല്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എ എ പി വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന കിരണ്‍ ബേദി ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ്. കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുക വഴി ബി ജെ പി വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്നും ശാന്തി ഭൂഷണ്‍ പറഞ്ഞു.
എ എ പിയില്‍ കാര്യങ്ങള്‍ നല്ല നിലയിലല്ല പോകുന്നത്. കിരണ്‍ ബേദി ഡല്‍ഹി മുഖ്യമന്ത്രിയാകുന്നതില്‍ എ എ പി സന്തോഷിക്കുകയാണ് വേണ്ടത്. എ എ പി പിറന്നത് അഴിമതിക്കെതിരായ കുരിശുയുദ്ധത്തില്‍ നിന്നാണ്. അതേ ദൗത്യത്തിലെ ഒരംഗം മുഖ്യമന്ത്രിയാകുന്നതില്‍ പാര്‍ട്ടി സന്തോഷിക്കുകയല്ലേ വേണ്ടത്? പാര്‍ട്ടി എന്തിനാണോ രൂപവത്കരിച്ചത് ആ ലക്ഷ്യങ്ങളില്‍ നിന്ന് അകന്നിരിക്കുന്നു. ശരിയായ രേഖയിലൂടെയല്ല അത് കടന്ന് പോകുന്നത്. രാഷ്ട്രീയ സംവിധാനം പരിഷ്‌കരിക്കുന്നതിനും രാഷ്ട്രീയ നിലവാരം ഉയര്‍ത്തുന്നതിനുമാണ് എ എ പി ശ്രമിക്കേണ്ടതെന്നും ശാന്തി ഭൂഷണ്‍ പറഞ്ഞു.
അതിനിടെ, തനിക്ക് ശാന്തി ഭൂഷണ്‍ നല്‍കിയ പിന്തുണക്ക് കിരണ്‍ ബേദി നന്ദി പറഞ്ഞു. ഒരു ജനാധിപത്യ പ്രസ്ഥാനം എന്ന നിലയില്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു എ എ പി വക്താവ് അഷുതോഷിന്റെ പ്രതികരണം. എന്നാല്‍ ശാന്തി ഭൂഷണിന്റെ അഭിപ്രായം അദ്ദേഹത്തിന്റെത് മാത്രമാണ്. പാര്‍ട്ടി അത് അംഗീകരിക്കുന്നില്ല. കിരണ്‍ ബേദി നടത്തിയത് രാഷ്ട്രീയ അവസരവാദം തന്നെയാണെന്ന് അഷുതോഷ് പറഞ്ഞു. 70 അംഗ ഡല്‍ഹി നിയമസഭയിലേക്ക് അടുത്ത മാസം ഏഴിനാണ് വോട്ടെടുപ്പ്. പത്തിന് വോട്ടെണ്ണും.

---- facebook comment plugin here -----

Latest