Connect with us

Kerala

കസ്റ്റഡി മരണത്തിന് ഉത്തരവാദി സര്‍ക്കാറെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: പോലീസ് കസ്റ്റഡില്‍ ആളുകള്‍ മരിക്കാനിടയായാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍. അല്ലാത്ത പക്ഷം അത് തങ്ങളുടെ കുറ്റകരമായ അനാസ്ഥ കൊണ്ടല്ലെന്ന് തെളിയിക്കേണ്ടത് കസ്റ്റഡി ചുമതലക്കാരുടെ ഉത്തരവാദിത്വമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ഏതു തരത്തിലുള്ള കസ്റ്റഡി മരണത്തിനും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും നടപടിക്രമത്തില്‍ പറയുന്നു. ജയിലുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 280 തടവുകാര്‍ മരിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നിരീക്ഷണം.
ഒരാള്‍ സര്‍ക്കാറിന്റെ കസ്റ്റഡിയിലായാല്‍ അയാളെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ കര്‍ത്തവ്യമാണെന്ന് ഉത്തരവില്‍ പറയുന്നു. പോലീസിന്റെയോ ജയില്‍ അധികൃതരുടെയോ പീഡനം കാരണം തടവുകാര്‍ മരിക്കുമ്പോള്‍ അത് ആത്മഹത്യയാക്കി മാറ്റാറുണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. അസുഖങ്ങള്‍ വരുമ്പോള്‍ ശരിയായ ചികിത്സ ലഭിക്കാതെയും തടവുകാര്‍ മരിക്കുന്നുണ്ട്. ജയിലില്‍ കിടക്കുന്നവരെല്ലാം കുറ്റക്കാരല്ല. കൂടുതലും റിമാന്‍ഡ് തടവുകാരാണ്. ചിലര്‍ക്ക് ജാമ്യം എടുക്കാന്‍ ആളുകാണില്ല. ജയിലില്‍ കഴിയുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മനുഷ്യാവകാശമുണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
ജയില്‍ പരിവര്‍ത്തന കേന്ദ്രമായി മാറണം. ജയിലില്‍ സംഭവിക്കുന്ന മരണങ്ങള്‍ക്ക് സാക്ഷിയില്ലാത്തതിനാല്‍ കുറ്റക്കാര്‍ രക്ഷപ്പെടാറുണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ജയിലുകളില്‍ കൂടുതല്‍ സൗകര്യങ്ങളുണ്ടാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ജയിലറകളുടെ എണ്ണം വര്‍ധിപ്പിക്കണം. ജയിലിലെ ആശുപത്രിയില്‍ 24 മണിക്കൂര്‍ ഡോക്ടറുടെ സേവനം ഏര്‍പ്പെടുത്തണം. 40 തടവുകാരില്‍ കുടുതലുള്ള ജയിലുകളില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭിക്കുന്ന ആശുപത്രികള്‍ അനുവദിക്കണം. ജയിലുകളില്‍ തടവുകാരുടെ തിരക്ക് ഒഴിവാക്കണം. രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ ആശുപത്രിയിലെത്തിക്കാന്‍ താമസിക്കുകയാണെങ്കില്‍ ഉദേ്യാഗസ്ഥരുടെ പേരില്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ പ്രാഥമികമായി നിരീക്ഷിച്ചു.
കസ്റ്റഡിമരണം ഒഴിവാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ കമ്മീഷനെ രേഖാമൂലം അറിയിക്കണം. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ്‌സെക്രട്ടറിയും ജയില്‍ ഡി ജി പി യും ഫെബ്രുവരി 15 നകം വിശദീകരണം സമര്‍പ്പിക്കണം.
കേസ് ഫെബ്രുവരി 26 ന് തിരുവനന്തപുരത്ത് പരിഗണിക്കും. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ചത് 77 പേ രാണ്.