Connect with us

Kerala

മലബാര്‍ സിമന്റ്‌സ് അഴിമതി: സി പി എം നേതാവുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ വിജിലന്‍സ് കേസ്

Published

|

Last Updated

പാലക്കാട്: കഴിഞ്ഞ ഇടതുപക്ഷസര്‍ക്കാറിന്റെ കാലത്ത് പൊതുമേഖലാസ്ഥാപനമായ മലബാര്‍സിമന്റ്‌സില്‍ മലിനീകരണ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചതില്‍ നടന്ന കോടികളുടെ അഴിമതിയെക്കുറിച്ച് സംസ്ഥാന വിജിലന്‍സ് വകുപ്പ് അന്വേഷണം ആരംഭിച്ചു. 2010-11 കാലഘട്ടത്തിലാണ് വാളയാറിലെയും ചേര്‍ത്തലയിലെയും മലബാര്‍ സിമന്റ്‌സ് ഫാക്ടറികളില്‍ 14.73 കോടി രൂപയുടെ പ്ലാന്റ് സ്ഥാപിച്ചത്. ഫാക്ടറിയില്‍ നിന്ന് പുറത്തുവരുന്ന പൊടിപടലം അന്തരീക്ഷത്തില്‍ പടരാതെ ശേഖരിക്കുന്ന പ്ലാന്റാണ് സ്ഥാപിച്ചത്. ഡല്‍ഹിയിലെ ഹിമാചല്‍ എന്‍വയോണ്‍മെന്റ് എന്‍ജിനീയറിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് പ്ലാന്റ് സ്ഥാപിച്ചത്. ഇടപാടില്‍ 8.94 കോടി രൂപയുടെ അഴിമതി നടന്നതായാണ് ജോയ് കൈതാരം നല്‍കിയ പരാതി. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസില്‍ വിജിലന്‍സ് സംഘം വാളയാര്‍, എറണാകുളം, ചേര്‍ത്തല എന്നിവിടങ്ങളില്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു. അന്നത്തെ ഡയറക്ടര്‍മാരായ സി പി എം സംസ്ഥാനസമിതി അംഗം പി ഉണ്ണി, എന്‍ ആര്‍ സുബ്രമണ്യന്‍, ജോസഫ് മാത്യു, അന്നത്തെ മാനേജിംഗ് ഡയറക്ടര്‍ സുന്ദരമൂര്‍ത്തി, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ ബൈജു മാളിയേക്കല്‍, ഡെപ്യൂട്ടി ചീഫ്എന്‍ജിനീയര്‍ അജിത്കുമാര്‍, ഹിമാചല്‍ എന്‍വിറോ കമ്പനി എം ഡി മനോജ് ഗാര്‍ഗ് എന്നിവരാണ് കേസിലെ പ്രതികള്‍.
മൂലധന ഉപസമിതി അംഗങ്ങള്‍ എന്ന പദവി ഉപയോഗിച്ച് ഡയറക്ടര്‍മാര്‍ കരാറുകാരനുമായി വന്‍തുകക്ക് വിലപേശിയതായി പ്രഥമവിവര റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഇതിലൂടെ 8.94 കോടിരൂപ അധികമായി വില ഉറപ്പിക്കുകയായിരുന്നു.
ന്യൂഡല്‍ഹിയിലെ കണ്‍സല്‍ട്ടന്റായ മോസ്‌റ്റേഴ്‌സ് എന്‍വിയോണ്‍മെന്റ് എന്‍ജിനീയറിങ് കമ്പനി 5.79 കോടി രൂപയാണ് പ്ലാന്റിന് യഥാര്‍ഥ വില നിശ്ചയിച്ചിരുന്നത്. ഇതാണ് 14.73 കോടി രൂപയായി ഉയര്‍ത്തിയത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി വരുന്ന ഘട്ടത്തിലാണ് തിരിമറി നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. പൊടി ശേഖരിക്കുന്ന ചങ്ങല ഇടക്കിടെ പൊട്ടുന്നത് കാരണം പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് രണ്ടു കോടിയോളം രൂപ പുതിയ എം ഡി പത്മകുമാര്‍ കമ്പനിക്ക് നല്‍കിയില്ല. തുടര്‍ന്ന് കരാര്‍ കമ്പനി മലബാര്‍ സിമന്റ്‌സിനെതിരെ കേസ് കൊടുക്കുകയായിരുന്നു. മലബാര്‍ സിമന്റ്‌സും കമ്പനിക്കെതിരെ പരാതി നല്‍കിയിരുന്നു. 11.70 കോടി രൂപയാണ് കരാര്‍ കമ്പനിക്ക് മലബാര്‍ സിമന്റ്‌സ് നല്‍കിയിട്ടുള്ളത്.
സി പി എം പാലക്കാട് ജില്ലാ മുന്‍സെക്രട്ടറിയായ തൃത്താല സ്വദേശി പി ഉണ്ണി കഴിഞ്ഞ സമ്മേളനകാലത്താണ് സംസ്ഥാനസമിതി അംഗമായത്. പാലക്കാട് വിജിലന്‍സ് ഡിവൈ എസ്. പി എം സുകുമാരന്റെ നേതൃത്വത്തില്‍ ്പ്രതികളുടെ വീടുകളിലും പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു. സി ഐമാരായ ഫിറോസ്, എം ഷഫീഖ്, സുനില്‍കുമാര്‍, എസ് ഐമാരായ പ്രവീണ്‍കുമാര്‍, വിജയകുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.