Connect with us

Gulf

അബ്ദുല്ല രാജാവ് ഇനി ഒാര്‍മകളില്‍

Published

|

Last Updated

ചിത്രങ്ങള്‍ക്ക് കടപ്പാട് – അറബ് ന്യൂസ്

king abdulla

റിയാദ്: ഇരുഗേഹങ്ങളുടെയും പരിപാലകനായി അറിയപ്പെട്ടിരുന്ന സഊദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസിന് വിട. അബ്ദുല്ല രാജാവിന്റെ ജനാസ ജുമുഅ നിസ്‌കാര ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ ഖബറടക്കി. ലോക നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ ഒന്നിനാണ് അന്തരിച്ചത്. രാജ്യത്തെ ഔദ്യോഗിക ടെലിവിഷനിലൂടെയാണ് മരണവാര്‍ത്ത പുറത്തു വിട്ടത്.

അബ്ദുല്ല രാജാവിന്റെ അര്‍ധ സഹോദരനും കിരീടാവകാശിയുമായിരുന്ന സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസാണ് സഊദിയുടെ പുതിയ രാജാവ്. മുഖ്‌റിന്‍ രാജകുമാരനെ പുതിയ കിരീടാവകാശിയായും നിയമിച്ചതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ അറിയിച്ചു. ഇരുവരും ഇശാ നിസ്‌കാരത്തിനു ശേഷം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഹമ്മദ് ബിന്‍ നായിഫ് ആണ് ഉപ കിരിടാവകാശി.

ന്യൂമോണിയ ബാധയെ തുടര്‍ന്ന് അബ്ദുല്ല രാജാവ് ഡിസംബര്‍ 31 മുതല്‍ റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ പൊതുപരിപാടികളില്‍ നിന്ന് നേരത്തേ വിട്ടുനിന്നിരുന്നു. തുടര്‍ന്ന് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസായിരുന്നു അദ്ദേഹത്തിന് പകരം രാജ്യത്തിന്റെ പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നത്. അബ്ദുല്ല രാജാവിന്റെ മരണത്തോടെ സല്‍മാന്‍ രാജാവ് രാജ കുടുംബത്തിന്റെ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ആധുനിക സഊദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ മകനായി 1924 ആഗസ്റ്റ് 21ന് റിയാദിലെ ദര്‍ഇയ്യയിലാണ് അദ്ദേഹം ജനിച്ചത്. മക്കയുടെ മേയര്‍ സ്ഥാനം ഉള്‍പ്പെടെ നിരവധി പദവികള്‍ അബ്ദുല്ല രാജാവ് വഹിച്ചിട്ടുണ്ട്. 1961ലാണ് മക്കയുടെ മേയറാകുന്നത്. 1962ല്‍ സൗഊദി അറേബ്യ ദേശീയ ഗാര്‍ഡിന്റെ കമാന്‍ഡറായി നിയമിക്കപ്പെട്ടു. ഈ പദവിയില്‍ സഊദി രാജാവായ ശേഷവും തുടര്‍ന്നു. 1975ല്‍ ഖാലിദ് രാജാവിന്റെ കാലത്ത് രണ്ടാം ഉപപ്രധാനമന്ത്രിയായി. 1982ല്‍ ഫഹദ് രാജാവിന്റെ കാലത്ത് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായി.

ഫഹദ് രാജാവിന്റെ വിയോഗത്തെ തുടര്‍ന്ന് സഊദി അറേബ്യയുടെ ആറാമത്തെ ഭരണാധികാരിയായി 2005 ആഗസ്റ്റ് ഒന്നിന് അബ്ദുല്ല രാജാവ് അധികാരമേറ്റെടുത്തു. 2012 ജൂണില്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ മരണത്തെ തുടര്‍ന്ന് സല്‍മാന്‍ രാജകുമാരനെ അടുത്ത കീരിടാവകാശിയായി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചിരുന്നു. 2014 മാര്‍ച്ചില്‍ മുഖ്‌റിനെ ഉപ കിരീടാവകാശിയായും പ്രഖ്യാപിച്ചു.

അബ്ദുല്ല രാജാവിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു എസ് പ്രസിഡന്റ് ബരാക് ഒബാമ, യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം അറിയിച്ചു.

Latest