Connect with us

International

ഇനി മണിക്കൂറുകള്‍ മാത്രം; ബന്ദികളെ മോചിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ജപ്പാന്‍

Published

|

Last Updated

ടോക്യോ: ഇസില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ രണ്ട് പേരുടെ മോചനത്തിന് വേണ്ടി സാധ്യമായ എല്ലാ വഴികളും പരിഗണിക്കുമെന്ന് ജപ്പാന്‍. 72 മണിക്കൂറിനുള്ളില്‍ 20 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്നായിരുന്നു ഇസില്‍ ഭീഷണി. തീവ്രവാദികള്‍ മുന്നോട്ടുവെച്ച സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ സാഹചര്യത്തിലാണ് ബന്ദികളെ മോചിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ജപ്പാന്‍ നിലപാട് വ്യക്തമാക്കിയത്. ഇസില്‍ ഭീഷണി ഉയര്‍ത്തിയ ഉടനെ, ഇവര്‍ക്ക് കീഴടങ്ങില്ലെന്നായിരുന്നു ജപ്പാന്റെ പ്രതികരണം. ബന്ദികളുടെ മോചനത്തിനായി ഇറാന്‍, ഇറാഖ്, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ സഹായം ജപ്പാന്‍ തേടിയിട്ടുണ്ട്. എന്നാല്‍ വീഡിയോ സന്ദേശം പുറത്തുവിട്ടതിന് ശേഷം ഇസില്‍ തീവ്രവാദികള്‍ ബന്ദികളെ കുറിച്ചുള്ള ഒരു നിലപാടും ജപ്പാനെ അറിയിച്ചിട്ടില്ല. ഇസില്‍ തീവ്രവാദികളുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന് സന്നദ്ധനായി ക്യോട്ടോയിലെ ദോശിശ യൂനിവേഴ്‌സിറ്റിയിലെ മുന്‍ പ്രൊഫസര്‍ കോ നകാത രംഗത്തെത്തി. തീവ്രവാദികളുടെ ഭീഷണി പുറത്തുവന്നപ്പോള്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വിദേശ പര്യടനത്തിലായിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ അദ്ദേഹം ജപ്പാനില്‍ തിരിച്ചെത്തിയിരുന്നു. ഇസില്‍ തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്ക് ഇരയായ രാജ്യങ്ങള്‍ക്ക് 20 കോടി ഡോളര്‍ സഹായം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് ഇസില്‍ തീവ്രവാദികള്‍ ബന്ദികളുടെ മോചനത്തിനായി 20 കോടി ഡോളര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആവശ്യപ്പെട്ട തുക ജപ്പാന്‍ കൈമാറുമോ എന്ന കാര്യം ഉറപ്പായിട്ടില്ല.