Connect with us

Editorial

ഒബാമയുടെ സുരക്ഷയില്‍ എന്തൊരു വ്യഗ്രത!

Published

|

Last Updated

ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത സുരക്ഷാ സംവിധാനമാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രാജ്യത്ത് ഒരുക്കുന്നത്. രാജ്പഥിലെ വി വി ഐ പികളുടെ ഇരിപ്പിടങ്ങള്‍ക്ക് ചുറ്റും സജ്ജീകരിക്കുന്നത് ഏഴ് തലങ്ങളിലുള്ള സുരക്ഷാ വലയമാണ്. ഡല്‍ഹി പൊലീസിന്റെ 80,000 സുരക്ഷാ ഉദ്യോഗസ്ഥരെയും 20,000 സമാന്തര സൈനിക ഉദ്യോഗസ്ഥരെയും രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയും രാജ്പഥിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം വിന്യസിച്ചു കഴിഞ്ഞു. തലസ്ഥാനത്ത് 15000 സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് നിരീക്ഷിക്കാനുള്ള കണ്‍ട്രോള്‍ റൂമുകളില്‍ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടാകും. രാജ്പഥിനു സമീപമുള്ള മെട്രോ സ്‌റ്റേഷനുകളും ഓഫീസുകളും ഇപ്പോള്‍ അമേരിക്കന്‍ സുരക്ഷാ സേനയുടെ വലയത്തിലാണ്. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന മുഖ്യാഥിതി രാഷ്ട്രപതിക്കൊപ്പം ഇന്ത്യയുടെ ഔദ്യോഗിക കാറില്‍ രാജ്പഥിലെ വേദിയിലേക്കെത്തുകയാണ് കീഴ്‌വഴക്കമെങ്കിലും, ഒബാമയുടെ ഇന്ത്യയിലെ യാത്ര തന്റെ ഔദ്യോഗിക വാഹനമായ “ബീസ്റ്റ ്” കാറിലായിരിക്കുമെന്നാണ് വിവരം.
അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ് ബി ഐ), സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി ഐ എ), നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ)കളുടെ വന്‍ സംഘങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പേ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഒബാമയുടെ സുരക്ഷക്കായി അവര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളെല്ലാം ഭവ്യതയോടെ അംഗീകരിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്ര ഭരണകൂടം. സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ നിരീക്ഷണത്തിനായി യു എസ് പോലീസിനെ മാത്രം വിന്യസിക്കണം, ഒബാമ സഞ്ചരിക്കുന്ന പാതയില്‍ മറ്റ് ഇന്ത്യന്‍ നേതാക്കളൊന്നും സഞ്ചരിക്കരുത്, റിപ്പബ്ലിക് ചടങ്ങിന്റെ ഭാഗമായുള്ള വ്യോമാഭ്യാസങ്ങള്‍ ഒഴിവാക്കണം, ഒബാമയുടെ ആഗ്ര സന്ദര്‍ശനത്തോടനുബന്ധിച്ചു അവിടുത്തെ ലോഡ്ജുകളും ഫ്‌ളാറ്റുകളും ദിവസങ്ങള്‍ക്ക് മുമ്പേ അടച്ചിടണം തുടങ്ങി വൈറ്റ് ഹൗസിന്റെ ചില ആജ്ഞകളോട് തുടക്കത്തില്‍ ഡല്‍ഹി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും “ലോക പോലീസ്” കണ്ണുരുട്ടിയതോടെ അവയും ഒന്നൊന്നായി അംഗീകരിച്ചുകൊണ്ടിരിക്കുകയാണ്. പരേഡ് നടക്കുന്ന സ്ഥലത്ത് വിമാനങ്ങള്‍ പറക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം അംഗീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി.
വി വി ഐ പി സുരക്ഷ ഒരുക്കാനുള്ള ശേഷിയും പരിശീലനവും ഇന്ത്യന്‍ സേനക്കും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുമുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയ വിദേശ നേതാക്കളെല്ലാം യാതൊരു പോറലുമേല്‍ക്കാതെ സുരക്ഷിതരായി തിരിച്ചുപോയതുമാണ്. അവര്‍ക്കെല്ലാം ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങളില്‍ വിശ്വാസവുമുണ്ട്. എന്നാല്‍ അമേരിക്കന്‍ ഭരണകൂടത്തിന് ഇന്ത്യയുടെ എന്നല്ല, മറ്റൊരു രാജ്യത്തിന്റെയും സുരക്ഷാ സംവിധാനങ്ങളില്‍ വിശ്വാസമില്ല. ഒബാമയുടെ സുരക്ഷ നോക്കുന്നത് യു എസ് മാത്രമായിരിക്കണമെന്നും രാജ്ഘട്ടിന്റെ സമീപപ്രദേശങ്ങളിലെയും ആഗ്രയിലെയും കെട്ടിടങ്ങളുടെ നിരീക്ഷണത്തിനായി നിയോഗിക്കുന്നത് യു എസ് പോലീസിനെ മാത്രമായിരിക്കണമെന്നുമുള്ള നിര്‍ദേശത്തിന്റെ പൊരുള്‍ അതാണല്ലോ. യു എസ് പ്രസിഡന്റ് മറ്റെവിടെ പോകുമ്പോഴും സ്വന്തം സുരക്ഷാസംവിധാനങ്ങളെ മാത്രമേ അവലംബിക്കാറുള്ളൂ. എന്നാല്‍ അവരുടെ സുരക്ഷയുടെ കാര്യക്ഷമത വേള്‍ഡ് ട്രേഡ് സെന്റര്‍, പെന്റഗണ്‍ ആക്രമണ വേളയില്‍ ലോകം കണ്ടതാണ്. അമേരിക്കയുടെ ഇത്തരം ധാര്‍ഷ്ട്യത്തിന് വഴങ്ങുന്നത് തനി ദാസ്യത്വവും തരം താണ വിധേയത്വവുമാണ്. ശാക്തിക രാഷ്ട്രങ്ങളുടെ ശ്രേണിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് അവരുടെ അഹന്തക്ക് മുമ്പില്‍ തലകുനിക്കേണ്ട ആവശ്യമുണ്ടോ?
ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ട പോലെ, ഒബാമക്കു വേണ്ടി എത്ര വേഗതയിലാണ് ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ സജജീകരിച്ചത്.! അതേസമയം, കോടതിയുടെ കര്‍ശന ഉത്തരവുണ്ടായാല്‍ പോലും സ്വന്തം പൗരന്മാരുടെ സുരക്ഷക്കായി വല്ലതും സ്ഥാപിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ തന്നെയെടുക്കും. സ്ത്രീ പീഡനം തടയാന്‍ ഡല്‍ഹിയില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ഡല്‍ഹി കൂട്ടബലാത്സംഗത്തിനുടനെയുള്ള കോടതിയുടെ നിര്‍ദേശം ഇതുവരെ നടപ്പാക്കിയിട്ടില്ല. രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്ന് മാത്രമല്ല, പൂര്‍വോപരി വര്‍ധിച്ചിരിക്കുകയുമാണ്. തിരോഭവിക്കുന്ന കുട്ടികളുടെ എണ്ണവും പെരുകിക്കൊണ്ടിരിക്കുന്നു. കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പാര്‍ലിമെന്റ് പാസാക്കിയ സ്ത്രീപീഡന വിരുദ്ധ നിയമം ഏട്ടിലെ പശുവാ ണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷയില്‍ കാണിക്കുന്ന വ്യഗ്രതയുടെയും താത്പര്യത്തിന്റെയും ചെറിയൊരു അംശമെങ്കിലും സര്‍ക്കാര്‍ സ്വന്തം പൗരന്മാരുടെ കാര്യത്തില്‍ പ്രകടിപ്പിച്ചിരുന്നെങ്കില്‍.!

Latest