Connect with us

Articles

'ചരിത്രം' അജ്ഞത നടിക്കുന്ന ഒരു ഗൂഢാലോചനയെക്കുറിച്ച്

Published

|

Last Updated

അനശ്വര വിപ്ലവ സമരനായകനാണ് നേതാജി സുഭാഷ് ചന്ദ്രബോസ്. അദ്ദേഹത്തിന് മരണദിനമില്ല; ഇനിയൊരിക്കലും മരിക്കുകയുമില്ല. മഹാകവി രവീന്ദ്രനാഥ ടാഗോര്‍ നേതാജിയെ രാഷ്ട്രനായകനെന്ന് വിളിച്ചു. രാഷ്ട്രപിതാവായ ഗാന്ധിജി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആ സ്ഥാനം ലഭിച്ചത് മഹനീയമായിരുന്നു. ഗാന്ധിജിയും നേതാജിക്ക് പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് “രാഷ്ട്രനായകനെ”ന്നു തന്നെ അഭിസംബോധന ചെയ്തു. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം അതൊരു പ്രായശ്ചിത്തം കൂടിയായിരുന്നു. നേതാജിയോട് ഗാന്ധിജിയും കോണ്‍ഗ്രസ് നേതാക്കളും ചെയ്ത അപരാധങ്ങള്‍ക്കുള്ള പ്രായശ്ചിത്തം. നേതാജിയുടെ 119-ാം ജന്മവാര്‍ഷികമാചരിക്കുന്ന ഈ വേളയില്‍ ചരിത്രത്തില്‍നിന്ന് നിര്‍ബന്ധപൂര്‍വം ചില ഓര്‍മകള്‍ ചികഞ്ഞെടുക്കേണ്ടതുണ്ട്.
1938-ലെ ഹരിപുരാ കോണ്‍ഗ്രസില്‍ സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ടത് ആകസ്മികമായിരുന്നില്ല. ബ്രിട്ടീഷ് ചൂഷണവാഴ്ചക്കെതിരെ ഉദിച്ചുയര്‍ന്നുകൊണ്ടിരുന്ന സമരങ്ങളില്‍, കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുള്ളിലെ സന്ധിയില്ലാ സമരധാരയുടെ ശുക്രനക്ഷത്രമായിരുന്നു അന്ന് സുഭാഷ് ചന്ദ്രബോസ്. അനിഷേധ്യമായിട്ടാണ് ആ സ്ഥാനത്തേക്ക് അന്നദ്ദേഹം അവരോധിതനായത്. എന്നാല്‍, പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം നടത്തിയ ആദ്യത്തെ പ്രസംഗം വിറകൊള്ളിച്ചത് ശത്രുസൈന്യമായ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മാത്രമല്ല കോണ്‍ഗ്രസിനുള്ളിലെ ഗാന്ധിയന്‍ നേതൃത്വത്തെക്കൂടിയായിരുന്നു. ലോകം രണ്ടാം ലോകമഹായുദ്ധത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന മുഹൂര്‍ത്തത്തില്‍ നടത്തിയ ആ പ്രസംഗത്തില്‍ നേതാജി പറഞ്ഞു: “”യുദ്ധസാഹചര്യത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നാം ആഞ്ഞടിക്കണം. പൂര്‍ണ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ വന്‍തോതില്‍ ബഹുജന പ്രക്ഷോഭം കെട്ടഴിച്ചുവിടണം””. ശത്രു ദുര്‍ബലനായിരിക്കുമ്പോഴാണ് നമുക്കു ഏറ്റവും നന്നായി പ്രഹരിക്കാനാവുക എന്ന ചരിത്രപാഠവും അദ്ദേഹം മുന്നോട്ടുവെച്ചു. മറ്റ് സമയങ്ങളിലാണ് സമരമെങ്കില്‍ അതിനെ അടിച്ചമര്‍ത്താന്‍ അവര്‍ സൈന്യത്തെ പൂര്‍ണമായും ഇന്ത്യന്‍ ജനതക്കെതിരെ വിന്യസിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. അന്തര്‍ദേശീയ സാഹചര്യങ്ങളെ നന്നായി വിശകലനം ചെയ്തുകൊണ്ടാണത് പറഞ്ഞത്.
എന്നാല്‍, യുദ്ധത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ വിജയിക്കണം എന്ന തന്റെ അഭിലാഷത്തിന് നിരക്കുംവിധം, ഗവണ്‍മെന്റിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ് മഹാത്മാ ഗാന്ധി ചെയ്തത്. എന്നുമാത്രമല്ല, 1937-ല്‍ പ്രവിശ്യകളില്‍ കോണ്‍ഗ്രസ് മന്ത്രിസഭകള്‍ രൂപവത്കൃതമായതോടെ, കോണ്‍ഗ്രസിനുളളില്‍ വിപത്കരമായ രീതിയില്‍ പുതുഭരണഘടനാവാദം തലയുയര്‍ത്താന്‍ തുടങ്ങിയിരുന്നു. അതിനും വളരെ മുമ്പു തന്നെ ബ്രിട്ടീഷ് അധികാരികളുമായി സന്ധി ചെയ്തുകൊണ്ടുള്ള നടപടികളിലേക്കു കോണ്‍ഗ്രസ് നേതൃത്വം ചെന്നെത്തിക്കഴിഞ്ഞിരുന്നു.
1938-ല്‍ സ്വാതന്ത്ര്യത്തിനായുള്ള ദേശീയ പ്രക്ഷോഭം പുനരാരംഭിക്കാന്‍ തയ്യാറല്ലെന്ന് ഗാന്ധിജി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ, കോണ്‍ഗ്രസിനുള്ളില്‍ ഒരു പിളര്‍പ്പ് അനിവാര്യമായി മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ നേതാജിയുടെ ഹരിപുരാ കോണ്‍ഗ്രസ് പ്രസംഗം ചരിത്രപ്രാധാന്യമര്‍ഹിക്കുന്നു. ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോകാനുള്ള ആഹ്വാനമായിരുന്നു അത്.
എന്നാല്‍, സുഭാഷിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ ലൈനിന് തിരിച്ചടി നല്‍കാന്‍ ഗാന്ധിജിയും കൂട്ടരും തൊട്ടടുത്ത വര്‍ഷം ത്രിപൂരിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ നേതാജിക്കെതിരെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുകയാണ് ചെയ്തത്. സുഭാഷ് ചന്ദ്രബോസിനെതിരെ മത്സരിക്കാന്‍ ഗാന്ധിജിക്ക് ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താനായില്ലായെന്നതാണ് സത്യം. നെഹ്‌റുവും മൗലാനാ ആസാദും ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനാര്‍ഥികളാകാന്‍ വിസമ്മതിച്ചു. അവസാനം ഡോ. പട്ടാഭി സീതാരാമയ്യയുടെ അനുവാദമില്ലാതെ തന്നെ അദ്ദേഹത്തെ ഗാന്ധിജി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയാണുണ്ടായത്. എന്നിട്ട്, എല്ലാ തത്വങ്ങളും ലംഘിച്ചുകൊണ്ട്, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ പേരില്‍ “ഗാന്ധിയന്‍മാര്‍” സീതാരാമയ്യക്ക് വേണ്ടി പരസ്യമായി വോട്ടഭ്യര്‍ഥിച്ചു. പക്ഷേ, ഗാന്ധിജിയുടെ സ്വന്തം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിക്കൊണ്ട് സുഭാഷ് ചന്ദ്രബോസ് വീണ്ടും കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. “ഇത് എന്റെ പരാജയം” എന്ന് മഹാത്മാ ഗാന്ധിക്ക് തല കുനിച്ച് സമ്മതിക്കേണ്ടി വന്നു.
പക്ഷേ, അതവിടംകൊണ്ട് അവസാനിക്കുകയായിരുന്നില്ല, നേതാജിയെ പുറത്താക്കാനുളള ഗൂഢാലോചന അതോടെ ആരംഭിക്കുന്നതിനാണ് ചരിത്രം സാക്ഷ്യം വഹിച്ചത്. 1939 മാര്‍ച്ച് മാസം നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പ്രസിഡന്റ് എന്ന നിലക്കു സുഭാഷ്ചന്ദ്രബോസ് വ്യക്തമായ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു. ആറ് മാസത്തിനുള്ളില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കണം എന്ന നിബന്ധന സര്‍ക്കാറിന് അയക്കാന്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നതായിരുന്നു അത്. എന്നാല്‍ ഗാന്ധിയന്‍ വിഭാഗം ആ നിര്‍ദേശം തള്ളി, എന്നു മാത്രമല്ല ഗോവിന്ദ് വല്ലഭ പന്ത് ഒരു പുതിയ പ്രമേയം അവതരിപ്പിച്ചു പാസാക്കുകയും ചെയ്തു- വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കണമെങ്കില്‍ ഗാന്ധിജിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന പ്രമേയം. ഫലത്തില്‍ പ്രസിഡന്റിന് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യത്തെ ഗാന്ധിയന്‍ വിഭാഗം തടയുകയായിരുന്നു. ബ്രിട്ടീഷ് ചരിത്രകാരനായ മൈക്കേല്‍ എഡ്‌വ്വേഡ് അതിനെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തുന്നു: “ഇപ്പോള്‍ ഗാന്ധിജി തന്റെ അഹിംസാ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് ബ്രിട്ടീഷുകാര്‍ക്കെതിരെയല്ല, കോണ്‍ഗ്രസിന്റെ സ്വന്തം പ്രസിഡന്റിനെതിരെയാണ്.”
എന്തായാലും ആ സമരധാരകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചത് നേതാജി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചുകൊണ്ട് ഇടതുപക്ഷക്കാരെ ഏകോപിപ്പിക്കാനായി ഫോര്‍വേഡ് ബ്ലോക്ക് രൂപവത്കരിക്കുന്നതിലാണ്. പക്ഷേ, ഇന്ത്യയില്‍ തുടരാന്‍ നേതാജിക്കായില്ല. രാംഗര്‍ സമ്മേളനത്തെ തുടര്‍ന്ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ട് വീട്ടുതടങ്കലിലായി. അവിടെ നിന്ന് രക്ഷപ്പെട്ട് കാബൂള്‍ വഴി ജര്‍മനിയിലും പിന്നീട് ജപ്പാനിലും എത്തിച്ചേര്‍ന്ന് അവരുടെ സഹായത്തോടെ ഇന്ത്യന്‍ ദേശീയ സേനയില്‍(ഐ എന്‍ എ) ചേര്‍ന്ന് സ്വാതന്ത്ര്യപ്രക്ഷോഭം നയിക്കേണ്ടിവന്നൂ ആ മഹാനായ ദേശാഭിമാനിക്ക്. ആ ചരിത്രം ഏവര്‍ക്കുമറിയാം. പക്ഷേ, അങ്ങനെയൊരു അവസ്ഥയിലേക്ക് ഭാരതത്തിന്റെ രാഷ്ട്രനായകനെ നയിച്ച രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് ഔദ്യോഗിക ചരിത്രം എപ്പോഴും അജ്ഞത നടിക്കുകയാണ് ചെയ്യാറുള്ളത്.
യഥാര്‍ഥ ചരിത്രം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനുള്ളിലെ രണ്ട് ധാരകളിലേക്ക് വെളിച്ചം വീശുന്നു. ബ്രിട്ടീഷുകാരുമായി സന്ധി ചെയ്തുകൊണ്ട് അധികാരം കൈക്കലാക്കാന്‍ ശ്രമം നടത്തിയ ഗാന്ധിയന്‍ വിഭാഗം ഒന്ന്. രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം തന്നെ സാമ്പത്തിക സ്വാതന്ത്ര്യവും ജനങ്ങള്‍ക്ക് ലഭിക്കാനായി സന്ധിയില്ലാതെ പൊരുതിയ അനനുരഞ്ജനധാര മറ്റൊന്ന്. ആരംഭം മുതല്‍ തന്നെ ഈ രണ്ട് ധാരകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെ തീഷ്ണമായ ആശയ സമരവേദിയാക്കി മാറ്റിയിരുന്നുവെന്ന് കാണാം. നേതാജി സുഭാഷ്ചന്ദ്രബോസിനെ ഇന്ത്യയില്‍ നിന്ന് പുറത്താക്കിയതോടെ, ഗാന്ധിയന്‍ നേതൃത്വം പൂര്‍ണമായി പിടിമുറുക്കുകയായിരുന്നു. അതിന് കൊടുക്കേണ്ടിവന്ന വില വളരെ വലുതാണ്. രാജ്യം രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെങ്കിലും മുതലാളിത്ത ചൂഷണവ്യവസ്ഥക്ക് അറുതി വരുത്താനാകാതെപോയത് അക്കാരണത്താലായിരുന്നുവെന്ന് ഇന്നെളുപ്പം തിരിച്ചറിയാനാകും. ഇന്ത്യയെ കാത്തിരുന്ന ആ ദുര്‍വിധിയെക്കുറിച്ച് നേതാജിക്ക് 1941 ലേ ദീര്‍ഘവീക്ഷണം ചെയ്യാനായി എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. “ഇന്ത്യന്‍ വിപ്ലവത്തിന്റെ മൗലിക പ്രശ്‌നങ്ങള്‍” എന്ന കൃതിയില്‍ അദ്ദേഹം എഴുതി:”ഗാന്ധി പ്രസ്ഥാനം ഇന്ന് ഭരണഘടനാ വാദത്തിന്റെ മാത്രമല്ല ഏകാധിപത്യത്തിന്റെയും കൂടി ഇരയായിരിക്കുന്നു. ഒരു സമര സംഘടനയില്‍ ഒരളവുവരെ ഏകാധിപത്യം അനുവദനീയവും സ്വാഭാവികവുമാണ്. എന്നാല്‍, ഇന്ന് കാണുന്ന തരത്തിലുള്ള അമിതമായ ഏകാധിപത്യത്തിന് കാരണമന്വേഷിച്ചാല്‍, അത് ഭരണഘടനാ വാദത്തിന് കാരണമായ അതേ ഘടകം തന്നെയാണെന്ന് കാണാം. മന്ത്രിസ്ഥാനങ്ങള്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് ഗാന്ധിയന്മാര്‍ അധികാരത്തിന്റെ രുചിയറിഞ്ഞിരിക്കുന്നു. ഭാവിയില്‍ ഈ അധികാരം തങ്ങളുടെ കുത്തകയാക്കണമെന്ന വ്യഗ്രത അവര്‍ക്കുണ്ടായിരിക്കുന്നു. കോണ്‍ഗ്രസില്‍ ഈ അടുത്തകാലത്തായി നടന്നുകൊണ്ടിരിക്കുന്നത് “അധികാര രാഷ്ട്രീയമാണ്. ഈ “അധികാര രാഷ്ട്രീയ”ത്തിന്റെ പ്രഭവസ്ഥാനം വാര്‍ധയാണ്. ഗാന്ധിയന്മാര്‍ക്ക് എക്കാലത്തേക്കും കാര്യങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയുമാറ് കോണ്‍ഗ്രസിനകത്തെ എല്ലാ എതിരഭിപ്രായങ്ങളെയും അമര്‍ച്ച ചെയ്യുക എന്നതാണ് ഈ അധികാര രാഷ്ട്രീയത്തിന്റെ ലക്ഷ്യം…….. കോണ്‍ഗ്രസില്‍ നിന്ന് എല്ലാ വിമതശക്തികളെയും പുറന്തള്ളി അതിനെ തങ്ങളുടെത് മാത്രമായ ഒരു സംഘടനയാക്കി മാറ്റാന്‍ ഗാന്ധിയന്മാര്‍ക്കു സാധിച്ചേക്കുമെന്നത് ശരിയാണ്. എന്നാല്‍ ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തരാന്‍ അവര്‍ക്ക് സാധിക്കും എന്ന് അതുകൊണ്ട് അര്‍ഥമാകുന്നില്ല””. അഴിമതിയുടെ ഭാഗത്തേക്ക് കോണ്‍ഗ്രസിന്റെ ഗാന്ധിയന്‍ പക്ഷം എത്രയെളുപ്പം അധഃപതിച്ചുവെന്ന് പിന്നീട് കണ്ടല്ലോ.
ഇടതുപക്ഷ നാട്യക്കാരെക്കുറിച്ചും നേതാജി അന്നേ മനസ്സിലാക്കിയിരുന്നു. അദ്ദേഹം പറഞ്ഞു:” സ്വയം ഇടതുപക്ഷക്കാരെന്ന് ഭാവിക്കുകയും സോഷ്യലിസം ഉള്‍പ്പെടെയുള്ള വലിയ വലിയ കാര്യങ്ങള്‍ സംസാരിക്കുകയും എന്നാല്‍ ഒരു സമരത്തെ അഭിമുഖീകരിക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍ അതില്‍നിന്ന് തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുകയും സ്വന്തം നിലപാടിനെ ന്യായീകരിക്കാനായി മുടന്തന്‍ ന്യായങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ആള്‍ക്കാരെ ഇന്ത്യയില്‍ നാം പലപ്പോഴും കാണാറുണ്ട്. ഭീരുത്വം മൂലം സാമ്രാജ്യത്വവുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുകയും മുരഞ്ഞ സാമ്രാജ്യത്വ വാദിയെന്ന് നമുക്കറിയാവുന്ന മിസ്റ്റര്‍. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇക്കാലത്തെ ഏറ്റവും വലിയ വിപ്ലവകാരിയാണെന്ന് വാദിച്ചുകൊണ്ട് സ്വന്തം നിലപാടിനെ ന്യായീകരിക്കുകയും ചെയ്യുന്ന കപട ഇടതുപക്ഷക്കാരെ നമ്മള്‍ കാണുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റ് നാസികളോടും ഫാസിസ്റ്റുകളോടും യുദ്ധം ചെയ്യുന്നതിനാല്‍ അതൊരു വിപ്ലവശക്തിയാണെന്ന് വാദിക്കുന്നത് ഈ കപട ഇടതുപക്ഷക്കാര്‍ക്കിടയില്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ബ്രിട്ടന്‍ നടത്തുന്ന യുദ്ധത്തിന്റെ സാമ്രാജ്യത്വ സ്വഭാവം ഇവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു””. ആയതിനാല്‍, “”യഥാര്‍ഥ സാമ്രാജ്യത്വ വിരോധികള്‍ക്ക്, അതായത് ഇടതുപക്ഷക്കാര്‍ക്ക്, എപ്പോഴും രണ്ട് മുന്നണികളില്‍ സമരം ചെയ്യേണ്ടതായിട്ടുണ്ട്. ഇന്ത്യയിലും അതുപോലെ തന്നെ. അവര്‍ക്ക് ഒരു വശത്ത് വിദേശസാമ്രാജ്യത്വത്തോടും അതിന്റെ ഇന്ത്യന്‍ സഖ്യശക്തികളോടും. മറുവശത്ത് സ്വാമ്രാജ്യത്വവുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ സന്നദ്ധരായ നമ്മുടെ പാലും വെള്ളവും ചേര്‍ന്ന ദേശീയവാദികളോടും അതായത്, വലതുപക്ഷക്കാരോടും സമരം ചെയ്യേണ്ടതുണ്ട്”” (ഇന്ത്യന്‍ വിപ്ലവത്തിന്റെ മൗലിക പ്രശ്‌നങ്ങള്‍).
ഇന്നത്തെ ഇന്ത്യയുടെ സ്ഥിതി അക്ഷരാര്‍ഥത്തില്‍ നേതാജി ഭയപ്പെട്ടതു തന്നെയല്ലേ? സാമ്രാജ്യത്വ ശക്തികളും ഇന്ത്യന്‍ കുത്തകകളും കൈ കോര്‍ക്കുന്ന ഇക്കാലത്ത് നേതാജി സ്വപ്‌നം കണ്ട ഇന്ത്യ സൃഷ്ടിക്കപ്പെടണമെങ്കില്‍ അതികഠിനമായ സമരങ്ങള്‍ തന്നെ വേണ്ടി വരുമെന്നുറപ്പാണ്. യഥാര്‍ഥ സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നേതാജിയുടെ ജീവിതസമര ചരിത്രം ആവേശകരമായ ഉറവയാണ്. മാറ്റം കാംക്ഷിക്കുന്ന വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ പാതയെന്തെന്ന് അദ്ദേഹം കാട്ടിത്തന്നു. ഇന്ത്യന്‍ ക്യാമ്പസ്സിലെ ആദ്യത്തെ വിദ്യാര്‍ഥി പ്രക്ഷോഭം നയിച്ചതും പില്‍ക്കാലത്ത് ഐ സി എസ് പദവി വലിച്ചെറിഞ്ഞിട്ട് സ്വാതന്ത്ര്യസമരഭൂവില്‍ സ്വയം സമര്‍പ്പിച്ച രാഷ്ട്ര നായകന്‍ അദ്ദേഹം തന്നെ. രക്തസാക്ഷി ഗോപിനാഥ് സാഹക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നേതാജി പറഞ്ഞു : “”ഒരു നവോത്ഥാന ഇന്ത്യയുടെ ജന്മത്തിനായി ഈ നിഷ്‌ക്രിയമായ രാജ്യത്തിന്റെ മൃതമായ അസ്ഥികളില്‍ ജീവന്‍ കുത്തിവെക്കാനുള്ള ഊര്‍ജം എങ്ങനെ നമുക്കു സൃഷ്ടിക്കാം എന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാന പ്രശ്‌നം””. സ്വാതന്ത്ര്യത്തിന്റെ അറുപത്തിഅഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷവും നാം നേരിടുന്ന പ്രധാന പ്രശ്‌നവും അതു തന്നെയല്ലേ.?