Connect with us

Gulf

നിക്ഷേപത്തിന് അഭ്യര്‍ഥന;പക്ഷേ......

Published

|

Last Updated

പ്രശ്‌നങ്ങള്‍, പ്രതികരണങ്ങള്‍-4

പ്രവാസി സംഗമങ്ങളില്‍ ഉയര്‍ന്നുവന്ന
വിഷയങ്ങളെക്കുറിച്ചുള്ള വിശകലനം

അടിസ്ഥാന സൗകര്യം ഒരുക്കിയെന്നും കേരളത്തിലേക്ക് വിദേശ മലയാളികളുടെ നിക്ഷേപം എത്തണമെന്നും മന്ത്രിമാര്‍ പറയാറുണ്ട്. വിദേശത്ത് അധ്വാനിച്ച് സ്വരുക്കൂട്ടിയ തുകയുമായി കേരളത്തിലെത്തിയാല്‍ ഇപ്പോഴും പലതരം കടമ്പകള്‍. വിദേശത്ത് 25 വര്‍ഷത്തോളം ജോലി ചെയ്ത് തൃശൂരില്‍ 25 സെന്റ് ഭൂമി വാങ്ങി ജൈവകൃഷി നടത്താന്‍ പുറപ്പെട്ട് വെട്ടിലായ ഒരാള്‍ ആഗോള മലയാളീ പ്രവാസി സംഗമത്തില്‍ കരച്ചിലിന്റെ വക്കിലായിരുന്നു. സെന്റിന് അഞ്ചുലക്ഷം മുടക്കി സ്ഥലം വാങ്ങിയിട്ട് വര്‍ഷങ്ങളായി. പക്ഷേ, ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി കാരണം വസ്തുവിന്റെ രജിസ്‌ട്രേഷന്‍ സാധ്യമായിട്ടില്ല. ഒന്നര ലക്ഷം രൂപയോളം സ്റ്റാമ്പ് ഡ്യൂട്ടി വേണ്ടിവരുന്നു. ഇത് പറയുമ്പോള്‍ മന്ത്രിമാര്‍ വേദിയിലുണ്ടായിരുന്നു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. വൈ എ റഹീം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ക്ഷോഭിച്ചു. മുഖ്യമന്ത്രി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തിയപ്പോള്‍ പലവാഗ്ദാനങ്ങളും യു എ ഇ മലയാളികള്‍ക്കു നല്‍കിയിരുന്നു. അതിലെത്ര നടപ്പാക്കി. കേരളത്തില്‍ പച്ചക്കറി കൃഷി നടത്താന്‍ അനുകൂല സാഹചര്യമില്ല. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി ആര്‍ക്കും കൈവശം പാടില്ലെന്ന നിയമം, കൃഷിക്കും വ്യവസായത്തിനും ദോഷം ചെയ്യും. തമിഴ്‌നാട്ടില്‍ നൂറും ഇരുനൂറും ഏക്കര്‍ ഭൂമിയിലാണ് പച്ചക്കറികൃഷി. ഭൂമിയില്ലാതെ എങ്ങിനെ ഫലം വിളയിക്കാനാണ്? “റഹീം ചോദിച്ചു.”
കാര്‍ഷിക, വ്യാവസായിക ആവശ്യത്തിന് ഭൂ പരിധി ഉയര്‍ത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് മറുപടി. അടുത്ത വര്‍ഷം ആഗോള മലയാളീ പ്രവാസി നടക്കുമെങ്കില്‍ ചോദ്യം ഒന്നുകൂടി ആവര്‍ത്തിക്കാമെന്ന് റഹീം.
കെ എസ് ആര്‍ ടി സിയെപ്പോലും നന്നായി നടത്താന്‍ കഴിയാത്ത സര്‍ക്കാര്‍ എങ്ങിനെയാണ് എയര്‍കേരളയെ വിജയിപ്പിക്കുകയെന്ന് പ്രതിനിധികളിലൊരാള്‍ പരിഹസിച്ചു. എയര്‍ കേരളയെ നെടുമ്പാശ്ശേരി വിമാനത്താവളവുമായാണ് താരതമ്യം ചെയ്യേണ്ടതെന്ന് മുഖ്യ മന്ത്രി. നെടുമ്പാശ്ശേരി വിമാനത്താവളം ലോകത്തിന് മാതൃകയാണ്. വിദേശ മലയാളികളുടെ വലിയ പങ്കാളിത്തത്തോടെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ചതാണത്. നിക്ഷേപകര്‍ക്ക് 160 ശതമാനം തിരിച്ചുകിട്ടി. എയര്‍ കേരളയിലും കണ്ണൂര്‍ വിമാനത്താവളത്തിലും മറ്റും നിക്ഷേപം നടത്തിയാല്‍ ആര്‍ക്കും നഷ്ടം വരില്ല- മുഖ്യ മന്ത്രി ഉറപ്പു നല്‍കി.
എന്നാല്‍, കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരിക്കു വേണ്ടി ശ്രമം നടത്തിയവരുടെ ആശങ്ക ഇനിയും അവസാനിച്ചിട്ടില്ലെന്നത് യാഥാര്‍ഥ്യം. കുറഞ്ഞത് അഞ്ചു ലക്ഷം രൂപയുടെ ഓഹരി വാങ്ങണമെന്നായിരുന്നു ആദ്യ നിര്‍ദേശം. യു എ ഇയില്‍ നിന്നടക്കം ഗള്‍ഫ് മലയാളികള്‍, വിശേഷിച്ച് മലബാറുകാര്‍ അപേക്ഷ നല്‍കി. എസ് ബി ടി വഴി പണം അയച്ചു. ഓഹരി സര്‍ട്ടിഫിക്കറ്റ് പലര്‍ക്കും കിട്ടിയില്ല.
കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തില്‍ സാധാരണക്കാരെയും പങ്കാളികളാക്കണമെന്ന് പലയിടങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നു. ഇപ്പോള്‍ 50,000 രൂപ മുടക്കാന്‍ തയ്യാറുള്ളവര്‍ക്കും ഓഹരി നല്‍കുമെന്ന് മന്ത്രി ബാബു. പക്ഷേ, തുടക്കത്തിലെ ആശയക്കുഴപ്പം കാരണം ഇപ്പോള്‍ ആളുകള്‍ക്ക് താത്പര്യം കുറഞ്ഞു.
വിദേശ മലയാളികളുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ “പ്രവാസികള്‍ക്ക് അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ നിക്ഷേപിക്കാനുള്ള അവസരങ്ങള്‍” എന്ന പേരില്‍ പ്രത്യേക സെഷന്‍ ഉണ്ടായിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി ശിവകുമാര്‍, പൊതുമരാമത്ത് മന്ത്രി വി കെ. ഇബ്‌റാഹീം കുഞ്ഞ്, കൊച്ചി മെട്രോ എം ഡി ഏലിയാസ് ജോര്‍ജ്, സ്റ്റാര്‍ട്ടപ്പ് വില്ലേജ് ഐഡിയ ഹബ് സി ഇ ഒ പ്രണവ് കുമാര്‍, കണ്ണൂര്‍ വിമാനത്താവളം എം ഡി ജി ചന്ദ്രമൗലി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ ഐസക് പട്ടാണിപ്പറമ്പില്‍, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തില്‍ എല്ലാ വികസന മേഖലയിലും വിദേശ മലയാളി പങ്കാളിത്തം ആകാമെന്ന് മന്ത്രിമാര്‍ പറഞ്ഞു. ഒമ്പത് മെഡിക്കല്‍ കോളജുകള്‍ പൊതു സ്വകാര്യ ഉടമസ്ഥതയില്‍ സാധ്യതയുണ്ടെന്ന് മന്ത്രി ശിവകുമാര്‍ ചൂണ്ടിക്കാട്ടി. പക്ഷേ, സര്‍ക്കാറിന് വ്യക്തമായ കര്‍മ പദ്ധതികളില്ലെങ്കില്‍ എങ്ങിനെ, ആര് നിക്ഷേപം നടത്തും. കേരളത്തില്‍ വിനോദ സഞ്ചാരം, ഐ ടി മേഖലകളില്‍ വികസനം പൊടിപൊടിക്കുമെന്ന് പറഞ്ഞിട്ട് യാതൊന്നും നടന്നിട്ടില്ല. സ്മാര്‍ട് സിറ്റി പദ്ധതി ഇനിയും ഉദ്ഘാടനം ചെയ്തിട്ടില്ല. ഇതിനിടയില്‍, വന്‍കിട കോര്‍പറേറ്റുകളായ അംബാനിയും അദാനിയും ടാറ്റയും മറ്റും കേരളത്തിലെത്താതെന്ത് എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തി.
(തുടരും)

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest