Connect with us

Gulf

നാല് പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിരാമം; മുത്തു ഹാജി ഇനി തൃത്താലയില്‍

Published

|

Last Updated

അല്‍ ഐന്‍: നാല് പതിറ്റാണ്ട് നീണ്ട പ്രവാസം മതിയാക്കി പാലക്കാട് തൃത്താല സ്വദേശി തച്ചറതൊടിയില്‍ മുത്തു ഹാജി എന്ന അബ്ദുല്‍ മുത്തലിബ് ഹാജി സ്വദേശത്തേക്ക്. പട്ടാമ്പി തൃത്താല തച്ചറതൊടിയില്‍ അബൂബകര്‍ ആമിന ദമ്പതികളുടെ ഒമ്പത് മക്കളില്‍ അഞ്ചാമനായ ഇദ്ദേഹം 1976 ആഗസ്റ്റ് 16 നാണ് ദ്വാരക എന്ന യാത്രാ കപ്പലില്‍ ദുബൈ റാശിദ് പോര്‍ട്ടില്‍ എത്തിയത്. കാറ്റും മഴയും നിറഞ്ഞ പ്രതികൂല കാലവസ്ഥയില്‍ കടല്‍ ചുരുക്കും കൂറ്റന്‍ തിരമാലകള്‍ക്കിടയിലൂടെ മരണം മുന്നില്‍ കണ്ടുള്ള ഒമ്പത് ദിവസം നീണ്ട യാത്രയും തീരെ അവശനാക്കിയ ഘട്ടത്തില്‍ തിരൂര്‍ സ്വദേശിയായ ബാവക്ക നല്‍കിയ ഒരു കപ്പ് ചായയാണ് തന്റെ ജീവന്‍ നിലനിറുത്തിയതെന്ന് ഇന്നും അദ്ദേഹം വിശ്വസിക്കുന്നു.
ഷാര്‍ജയിലെ ദബ്ബാസ് ഇലക്ട്രിക്കല്‍ കോണ്ട്രാക്റ്റിംഗ് കമ്പനിയില്‍ സഹായിയായി മൂന്നു വര്‍ഷക്കാലം ജോലി ചെയ്ത അദ്ദേഹം പിന്നീട് പത്ത് വര്‍ഷത്തോളം സ്വന്തമായി ബിസിനസ് നടത്തുകയും ചെയ്തു. ഇക്കാലയളവില്‍ മുപ്പത്തഞ്ചോളം പേരെ നാട്ടില്‍ നിന്ന് കൊണ്ടുവരികയും അവരെല്ലാം ഇന്ന് വളരെ നല്ല നിലയില്‍ എത്തിപ്പെടുകയും ചെയ്തു. അതുപോലെ മക്കള്‍ നാല് പേരെയും നല്ല നിലയില്‍ പഠിപ്പിച്ച് ഉന്നതിയില്‍ എത്തിക്കുവാന്‍ കഴിഞ്ഞതിലും വളരെ സന്തോഷവാനാണ്. 1989 ജനുവരി ഒന്ന് മുതല്‍ ഇരുപത്തിഅഞ്ച് വര്‍ഷത്തോളമായി അല്‍ ഐന്‍ യു എ ഇ യുനിവേഴ്‌സിറ്റിയില്‍ ജോലി നോക്കുന്ന അദ്ദേഹം തികഞ്ഞ സംതൃപ്തിയോടെയാണ് തിരിച്ചു പോകുന്നത്.
പണ്ഡിതരെയും, സജ്ജനങ്ങളെയും ഒരുപാട് ഇഷ്ടപ്പെടുന്ന ഹാജി അനാഥ അഗതികളെയും അവശത അനുഭവിക്കുന്നവരെയും അകമഴിഞ്ഞ് സഹായിക്കുവാനും പ്രത്യകം താല്‍പര്യം കാണിക്കുന്ന വ്യക്തിത്വമാണ്. ജില്ലയിലെ ഒട്ടനവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യും കണക്കുമില്ലാതെ സഹായിക്കുന്ന അദ്ദേഹം മണ്ണാര്‍ക്കാട് മര്‍ക്കസുല്‍ അബ്‌റാറിന്റെയും, പാലക്കാട് ജില്ലാ സാന്ത്വനം സമിതി അല്‍ ഐന്‍ കമ്മിറ്റിയുടെയും സജീവ സഹകാരിയാണ്. നാട്ടിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു ജീവിക്കാനാണ് താല്‍പര്യം.
പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ ഡോ. അസ്ഹര്‍, ദുബൈയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായ അനസ്, അബൂബക്കാര്‍ ഷഹീന്‍ എന്നിവര്‍ മക്കളാണ്. ഏക മകള്‍ ആമിന ഭര്‍ത്താവ് ഡോ. സഹദുദ്ദീനുമൊത്ത് ആസ്‌ത്രേലിയയില്‍ താമസമാണ്. ഭാര്യ: സഫിയ. ഹാജിയെ ബന്ധപ്പെടാവുന്ന നമ്പര്‍: 050-59 38211.