Connect with us

Gulf

ഡ്രോണ്‍ മത്സരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതികരണം

Published

|

Last Updated

ദുബൈ: മികച്ച ഡ്രോണ്‍ രൂപകല്‍പന ചെയ്യാനുള്ള മത്സരത്തിന് വന്‍ പ്രതികരണം. 57 രാജ്യങ്ങളില്‍ നിന്ന് 800 അപേക്ഷകളാണ് ലഭ്യമായിരിക്കുന്നത്. യു എ ഇയില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിലെ ഗവണ്‍മെന്റ് ഉച്ചകോടിയില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് മത്സരം നടത്താന്‍ നിര്‍ദേശിച്ചത്. ഏറ്റവും കൂടുതല്‍ അപേക്ഷ സ്‌പെയിനില്‍ നിന്നാണ്. 62 അപേക്ഷ ലഭ്യമായി. അമേരിക്കയില്‍ നിന്ന് 47ഉം ഇന്ത്യയില്‍ നിന്ന് 34ഉം അപേക്ഷകള്‍ ലഭിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ 18 അപേക്ഷകളുമായി സഊദി അറേബ്യയാണ് മുന്നില്‍. ഡ്രോണ്‍ നിര്‍മാണത്തിന് ലഭിച്ച പ്രതികരണത്തിന് കേബിനറ്റ് മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി നന്ദി പറഞ്ഞു. ജനങ്ങള്‍ക്ക് സന്തോഷവും അഭിമാനവും നല്‍കുന്ന പദ്ധതികളാണ് യു എ ഇ ആസൂത്രണം ചെയ്തിരിക്കുന്നത്. യു എ ഇ ഡ്രോണ്‍സ് ഫോര്‍ ഗുഡ് അവാര്‍ഡ് എന്ന പേരിലുള്ള പുരസ്‌കാരം രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇതിന്റെ വിധി പ്രഖ്യാപനം താമസിയാതെ ഉണ്ടാകും. ജനങ്ങളുടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട് ആരോഗ്യം, വിദ്യാഭ്യാസം, സിവില്‍ ഡിഫന്‍സ്, ഗതാഗതം തുടങ്ങിയ മേഖലകളില്‍ മികച്ച സേവനം ഉറപ്പു വരുത്തുന്ന ആശയങ്ങള്‍ സമര്‍പിക്കാനും മത്സരമുണ്ട്.
ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന വിഭാഗം, സിവില്‍ ഡിഫന്‍സ് വിഭാഗം തുടങ്ങിയ മേഖലകളിലാണ് മത്സരമുള്ളത്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന വിഭാഗത്തില്‍ 20 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് സേവന വിഭാഗത്തില്‍ 15 അപേക്ഷയാണ് ലഭിച്ചത്. കൊളംബിയ, ഹോളണ്ട്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇതിന് വേണ്ടി അപേക്ഷകള്‍ ലഭ്യമായി. ഫെബ്രുവരിയിലാണ് ഇത് പ്രഖ്യാപനം നടക്കുകയെന്ന് ഉമര്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി പറഞ്ഞു.

Latest