Connect with us

Palakkad

കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ക്ഷേത്ര ജീവനക്കാരന് പൊള്ളലേറ്റു

Published

|

Last Updated

പാലക്കാട്: കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ക്ഷേത്ര ജീവനക്കാരന് ഗുരുതരമായി പൊള്ളലേറ്റു.
വടക്കന്തറ ആലങ്ങോട് വീട്ടില്‍ മാധവന്റെ മകന്‍ ഗണേശനാ(51)ണ് ദേഹമാസകലം സാരമായി പൊള്ളലേറ്റത്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ വടക്കന്തറ ശ്രീ തിരുപുരായ്ക്കല്‍ ഭഗവതി ദേവസ്വത്തിലാണ് സംഭവം. ക്ഷേത്രപറമ്പില്‍ കുളത്തിനോട് ചേര്‍ന്നുള്ള കതിന പുരയില്‍ ഉച്ചപൂജയ്ക്ക് ശേഷം പൊട്ടിക്കാനുള്ള കതിന നിറയ്ക്കുകയായിരുന്നു ഗണേശന്‍.
അപ്രതീക്ഷിതമായി കതിന പുരയില്‍ നിന്നും പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. ഗണേശന്‍ പുറത്തേക്ക് തെറിച്ചുവീണു. ഓട് മേഞ്ഞ പുര കത്തിയമര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഗണേശനെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനകം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ തീയണച്ചു.
കതിന നിറയ്ക്കുന്നതിന് ഗണേശനെ കൂടാതെ മറ്റൊരു ജീവനക്കാരന്‍ കൂടി ക്ഷേത്രത്തിലുണ്ട്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ ക്ഷേത്രത്തിലായതിനാല്‍ അപകടത്തില്‍പ്പെട്ടില്ല.രാവിലെ നടതുറക്കുന്നതു മുതല്‍ വടക്കന്തറ ക്ഷേത്രത്തില്‍ കതിന പൊട്ടിക്കുന്നത് കാലങ്ങളായുള്ള ആചാരമാണ്. നടതുറക്കുമ്പോള്‍ മൂന്നും ഉഷപൂജയ്ക്കും ഉച്ചപൂജയ്ക്കും അഞ്ചുവീതവും വൈകീട്ട് 108 കതിനയും ഇവിടെ പതിവാണ്.
ഇതിനായി വെടിമരുന്ന് സൂക്ഷിക്കാന്‍ ദേവസ്വത്തിന് ലൈസന്‍സുമുണ്ടെന്ന് പോലീസ് അറിയിച്ചു. കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ സ്പാര്‍ക്കാവാം അപകട കാരണമെന്നാണ് കരുതുന്നത്. സംഭവത്തില്‍ ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്തു.

Latest