Connect with us

Malappuram

ജില്ലയില്‍ മലമ്പനിയും ഡെങ്കിപ്പനിയും വര്‍ധിച്ചു വരുന്നതായി കണ്ടെത്തല്‍

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ കൊതുകുജന്യ രോഗങ്ങളായ മലമ്പനിയും ഡെങ്കിപ്പനിയും വര്‍ധിച്ചുവരുന്നതായി ഡി എം ഒ ഉമ്മര്‍ ഫാറൂഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് നിന്ന് മലമ്പനി നിര്‍മാര്‍ജനം ചെയ്തിട്ടുണ്ടെങ്കിലും വിവിധ ആവശ്യങ്ങള്‍ക്കായി ഇതര സംസ്ഥാനങ്ങളില്‍ പോയി തിരിച്ചെത്തുന്ന നാട്ടുകാരിലും ഇതര സംസ്ഥാന തൊഴിലാളികളിലും മലമ്പനി ബാധിക്കുന്നുണ്ട്.
ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ 230 മലമ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികളുടെ വര്‍ധനവും കൊതുക് സാന്ദ്രതയും തദ്ദേശീയ മലമ്പനി ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ്. വിവിധ പ്രദേശങ്ങൡലായി 15 തദ്ദേശീയ മലമ്പനി കേസുകള്‍ 2014ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മലമ്പനിയുടെ ലക്ഷണങ്ങളായ ഇടവിട്ടുള്ള പനിയും വിറയലും ഉണ്ടായാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തി രക്ത പരിശോധന നടത്തണം.
ഗൃഹ സന്ദര്‍ശന പ്രവര്‍ത്തനം നടത്തുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ജൂനിയര്‍ പബ്ലിക് നെഴ്‌സുമാരും മലമ്പനി സംശയിക്കുന്ന രോഗികളില്‍ നിന്നും രക്ത സാമ്പിളെടുത്ത് പരിശോധനക്ക് അയക്കും. മലമ്പനി- മന്ത് രോഗ നിയന്ത്രണം മുന്‍നിര്‍ത്തി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 40 സ്‌ക്രീനിംഗ് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയിരുന്നു. ഈ ക്യാമ്പില്‍ മലമ്പനിയുടെ ലക്ഷണങ്ങളൊന്നുമില്ലാത്ത എട്ട് പേരില്‍ രോഗാണുക്കളെ കണ്ടെത്തിയിരുന്നു. രോഗ ലക്ഷണങ്ങള്‍ പുറമെ കാണിക്കാതെയുള്ള രോഗ വാഹകര്‍ തദ്ദേശീയ മലമ്പനി കേസുകള്‍ വലിയ പങ്കാണ് വഹിക്കുക. 2014 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ജില്ലയില്‍ 145 ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന 403 കേസുകളും ജില്ലയില്‍ ഡെങ്കിപ്പനി കേസുകളും ജില്ലയില്‍ ഉണ്ടായിട്ടുണ്ട്. പനി, സന്ധിവേദന, തൊലിപ്പുറത്തെ പാടുകള്‍ എന്നീ ലക്ഷണങ്ങളുള്ള ഡെങ്കിപ്പനിയുള്ളവര്‍ക്ക് തുടക്കത്തിലേ ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണത്തിന് കാരണമായേക്കാം ആശുപത്രിയില്‍ പോകാതെയുള്ള സ്വയം ചികിത്സ അപകടകരമാണ്.
പകല്‍ സമയം കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകളാണ് രോഗം പടര്‍ത്തുന്നത്. ടയര്‍, ചിരട്ട, വാട്ടര്‍ ടാങ്കുള്‍, പാത്രങ്ങള്‍, പൊട്ടിയ കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിതട്ടിലെ വെള്ളം, ചെടിച്ചട്ടിക്കടിയിലെ പാത്രം ടെറസില്‍ കെട്ടി നില്‍ക്കുന്ന വെള്ളം, മരപ്പൊത്തുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കൊതുകുകള്‍ മുട്ടയിടുന്നത്. കൊതുകുകള്‍ വരാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും ആഴ്ചയിലൊരിക്കലെങ്കിലും വീടും പിരിസരവും നിരീക്ഷിക്കുകയും വൃത്തിയാക്കുകയും ചെയ്യുന്ന ശീലം വളര്‍ത്തിയെടുത്താല്‍ മാത്രമേ ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളില്‍ നിന്നും മുക്തി നേടാനാകൂവെന്നും ഡി എം ഒ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ മലേറിയ ഓഫീസര്‍ ബി എസ് അനില്‍കുമാര്‍, മാസ് മീഡിയ ഓഫീസര്‍ ടി എം ഗോപാലന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് വേലായുധന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ കെ പി സ്വാദിഖലി സംബന്ധിച്ചു.