Connect with us

Kerala

ആര്‍ എസ് എസ് നേതാവിന്റെ കൊല: അഞ്ച് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Published

|

Last Updated

മാവേലിക്കര: ആര്‍ എസ് എസ് പ്രാദേശിക നേതാവ് വള്ളികുന്നം ചെങ്കിലാത്ത് വടക്കേതില്‍ വീട്ടില്‍ വിനോദ്(23) വധക്കേസില്‍ എസ് ഡി പി ഐ മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ തുകയായി 2.5ലക്ഷം രൂപ വിനോദിന്റെ പിതാവിന് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കണം. ജീവപര്യന്തത്തിന് പുറമെ അന്യായമായ സംഘം ചേരല്‍, മാരകായുധങ്ങളുമായി സംഘം ചേരല്‍, ലഹള, ആയുധം ഉപയോഗിച്ച് ലഹള എന്നീ വകുപ്പുകള്‍ പ്രകാരം നാല് വര്‍ഷവും ഏഴ് മാസം തടവും ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. മാവേലിക്കര അഡീഷനല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി മുഹമ്മദ് വസിമാണ് ശിക്ഷ വിധിച്ച് ഉത്തരവായത്. എസ് ഡി പി ഐ പ്രവര്‍ത്തകരായ കൊല്ലം പാവുമ്പ തഴവ നൂര്‍മഹല്‍ വീട്ടില്‍ നജീബ്(36), കൊല്ലം പാവുമ്പ തഴവ പുത്തന്‍പുരയില്‍ ഷാമര്‍(30), പോപ്പുലര്‍ ഫ്രണ്ട് കായംകുളം മണ്ഡലം പ്രസിഡന്റ് വള്ളികുന്നം താളിരാടി പാലത്തിന്റെ കിഴക്കേവീട്ടില്‍ നൗഷാദ്(കൊച്ചുമോന്‍-36), എസ് ഡി പി ഐ വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് വള്ളികുന്നം തളിരാടി ദാറുല്‍ ഇഹ്താല്‍ വീട്ടില്‍ നിസാം(നിസാമുദ്ദീന്‍-34), എസ് ഡി പി ഐ മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് വള്ളികുന്നം കടുവിനാല്‍ ഷിഹാബ് മന്‍സില്‍ ഷിഹാബുദ്ദീന്‍(34) എന്നിവരെയാണ് ശിക്ഷിച്ചത്.
2007 ഡിസംബര്‍ 23ന് രാത്രി 7.30നാണ് സംഭവം നടന്നത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന വിനോദിനെ വള്ളികുന്നം നാലുവിള ജംഗ്ഷന് പടിഞ്ഞാറുവശത്തു വെച്ച് അഞ്ച് ബൈക്കുകളിലായെത്തിയ എന്‍ ഡി എഫ് സംഘം ആക്രമിച്ചു.
രക്ഷപ്പെടാനായി സമീപത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും കാര്‍പോര്‍ച്ചില്‍ ഇട്ട് ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. അഞ്ച് പേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. 38 സാക്ഷികളെ വിസ്തരിച്ചു. 67 രേഖകളും ആയുധങ്ങള്‍ ഉള്‍പ്പെടെ 15 തൊണ്ടിമുതലും കോടതി തെളിവായി സ്വീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം വര്‍ഗീസ്, അഡ്വ.പ്രതാപ് ജി പടിക്കല്‍ എന്നിവര്‍ ഹാജരായി.