Connect with us

Kannur

താജുല്‍ ഉലമ ഉറൂസ് മുബാറക്: സെമിനാര്‍ ശ്രദ്ധേയമായി

Published

|

Last Updated

എട്ടിക്കുളം: താജുല്‍ ഉലമ ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയുടെ വൈജ്ഞാനിക മണ്ഡലങ്ങളുടെ നാനാതലങ്ങള്‍ സ്പര്‍ശിച്ച് എട്ടിക്കുളത്ത് നടന്ന സെമിനാര്‍ സദസ്സിന് നവ്യാനുഭവമായി. അരനൂറ്റാണ്ട് കലം കേരളീയ സമൂഹത്തിന് ധൈഷണിക നേതൃത്വം നല്‍കിയ ഉള്ളാള്‍ തങ്ങളുടെ അറിവിന്റെ മൂല്യം തുറന്നുകാട്ടിയാണ് സെമിനാര്‍ സമാപിച്ചത്. താജുല്‍ ഉലമയുടെ വിജ്ഞാനത്തിന്റെ ആഴവും പരപ്പും കേരളീയ സമൂഹം കൂടുതല്‍ മനസ്സിലാക്കാതെ പോയത് കുറ്റബോധമായി ഇന്നും അവശേഷിക്കുന്നുവെന്ന് സെമിനാറില്‍ സ്വാഗതം പറഞ്ഞ എസ് എം ഒ ദേശീയ സെക്രട്ടറി ആര്‍ പി ഹുസൈന്‍ അഭിപ്രായപ്പെട്ടു. സാമ്പത്തിക സ്വാധീനമോ മറ്റോകൊണ്ടല്ല താജുല്‍ ഉലമ സമൂഹത്തില്‍ ആദരിക്കപ്പെടുന്നത്. മറിച്ച്, അവിടുത്തെ അഗാധമായ അറിവും ചിന്തയുമാണ്. മുഴുവന്‍ പണ്ഡിതര്‍ക്കും താജുല്‍ ഉലമ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. അറിവ് വര്‍ധിക്കുന്നതിനനുസരിച്ച് പണ്ഡിതന്മാരില്‍ വിനയം കൂടുമെന്നും അത്തരം പണ്ഡിതരില്‍ പ്രമുഖനാണ് ഉള്ളാള്‍ തങ്ങളെന്നും വലിയ ധര്‍മിഷ്ഠനും ആത്മജ്ഞാനിയുമായിരുന്നു തങ്ങളെന്നും എ കെ അബ്ദുല്‍ ഹമീദ് പറഞ്ഞു. ഏതുവിഷയത്തിലും ആഴത്തില്‍ ഇടപെടാനും സധൈര്യം നിലപാടുകള്‍ കൈക്കൊള്ളാനും താജുല്‍ ഉലമയുടെ ധീരത സുന്നി സമൂഹം പ്രത്യേകിച്ചു മലയാളികള്‍ പൊതുവിലും മനസ്സിലാക്കിയതാണെന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച് എസ് എം എ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം എ റഹീം അഭിപ്രായപ്പെട്ടു. സത്യത്തിനെതിരെ വരുന്ന ഏത് നീക്കത്തെയും മുഖം നോക്കാതെ പ്രതികരിക്കാനുള്ള ആര്‍ജവം എന്ന നേതൃഗുണം മേളിച്ച നേതാവാണ് ഉള്ളാള്‍ തങ്ങള്‍. സുന്നത്ത് ജമാഅത്ത് മാത്രമായിരുന്നു തങ്ങള്‍ മുറുകെപിടിച്ചത്. അതിനായിരുന്നു നിലകൊണ്ടത്. അതിനെതിരെയുള്ള ഏത് നീക്കത്തെയും ചെറുത്തുനില്‍ക്കുകയും അനുയായികളെ അതിന് പ്രാപ്തരാക്കുകയും ചെയ്തു- അദ്ദേഹം ചൂണ്ടിക്കാട്ടി.
താജുല്‍ ഉലമയുടെ വൈജ്ഞാനിക ലോകം എന്ന വിഷയത്തെ അധികരിച്ച് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രസംഗിച്ചു. ആഗോളപണ്ഡിതര്‍ ആദരവോടെ കാണുന്ന മഹാനേതാവായിരുന്നു താജുല്‍ഉലമ. ആഗോളതലത്തില്‍ ഇസ്‌ലാമിക പ്രബോധനത്തിന് പങ്കുവഹിച്ച ബാഅലവികളുടെ ആത്മീയ ശിക്ഷണങ്ങളും രീതികളും കേരളത്തിന് പരിചയപ്പെടുത്തിയത് തങ്ങളാണ്. നഈമി പറഞ്ഞു. ഏറ്റവും ആധികാരികമായി മതവിധി പറയാന്‍ പറ്റുന്ന പണ്ഡിതനായതിനാലാണ് കേരളീയര്‍ തങ്ങളെ ആദരിക്കുന്നത്. താജുല്‍ ഉലമയുടെ ശിഷ്യന്മാര്‍ ദക്ഷിണേന്ത്യയില്‍ നിറഞ്ഞു നില്‍ക്കുന്ന പണ്ഡിത കേസരികളാണ്. ഇത് താജുല്‍ ഉലമയുടെ വിജ്ഞാനത്തിന്റെ ആഴം മനസ്സിലാക്കാന്‍ മതിയാകും. തിരുനബിയുമായുള്ള ആത്മീയ ബന്ധമാണ് താജുല്‍ ഉലമ- വിജ്ഞാന കിരീടം-എന്ന പദവിയിലേക്ക് തങ്ങളെ ഉയര്‍ത്തിയത്. ആഗോള പണ്ഡിതര്‍ താജുല്‍ഉലമയുടെ ആത്മീയതയുടെ അഗാധജ്ഞാനം ആഴത്തില്‍ മനസ്സിലാക്കിയവരാണെന്നും അദ്ദേഹം പറഞ്ഞു.
കെ എം അഹ്മദ് മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍ പ്രസംഗിച്ചു. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി, സയ്യിദ് ബാഅലവി തങ്ങള്‍ ദുബൈ, മുഹമ്മദ്കുഞ്ഞി മുസ്‌ലിയാര്‍ മുട്ടില്‍, എന്‍ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, പി കെ അലിക്കുഞ്ഞി ദാരിമി, മുഹ്‌യദ്ദീന്‍ സഖാഫി മുട്ടില്‍, സിറാജ് ഇരിവേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest