Connect with us

National

മോദിയുടെ ത്രീഡി പ്രചാരണം; ചെലവ് 60 കോടി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലയളവില്‍ ത്രീഡി പ്രചാരണത്തിന് ചെലവായത് 60 കോടി രൂപ. ത്രീഡി ഹോളോഗ്രാഫിക് പ്രചാരണം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 700 വെര്‍ച്വല്‍ റാലികളെ ഇങ്ങനെ അഭിസംബോധന ചെയ്യാം. രണ്ട് മാസത്തെ പ്രചാരണത്തിനുള്ള ലൈസന്‍സ് ഫീസ് മാത്രം 10 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പി സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ചെലവ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ലൈസന്‍സ് ഫീസിന് പുറമെ ത്രീഡി റാലിക്ക് ചെലവ് വന്നത് 51.35 കോടി രൂപയാണ്. ഇവക്ക് പുറമെ 450 സാധാരണ റാലികളെയും മോദി അഭിസംബോധന ചെയ്തിട്ടുണ്ട്. 2012ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും മോദി ത്രീഡി റാലി നടത്തിയിരുന്നു. അന്ന്, സംസ്ഥാനത്തിലെ 25 നഗരങ്ങളില്‍ 53 കേന്ദ്രങ്ങളില്‍ നിന്ന് ഒരേ സമയം ത്രീഡി പ്രഭാഷണം പ്രക്ഷേപണം ചെയ്തത് ഗിന്നസ് റെക്കോര്‍ഡായിരുന്നു. മറ്റ് പ്രചാരണ പരിപാടികള്‍ക്ക് 487 കോടി രൂപ ചെലവാക്കി. അച്ചടി, ഇലക്‌ട്രോണിക്, കേബിള്‍, ന്യൂസ് പോര്‍ട്ടലുകള്‍ എന്നിവയില്‍ പരസ്യം ചെയ്തത് വഴി 304 കോടി രൂപ ഇതില്‍പെടും. അതേസമയം, കൂട്ട എസ് എം എസ് വഴിയുള്ള പ്രചാരണത്തിന്റെ ചെലവ് ഇതില്‍ പെടില്ല.
ഇതുവരെ മറ്റൊരു നേതാവും വ്യാപക മാധ്യമ പ്രചാരണത്തിന് പുറമെ, അക്കാലയളവില്‍ മോദി മൂന്ന് ലക്ഷം കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യുകയുമുണ്ടായി. മോദിയടക്കമുള്ള താര പ്രാചരകരുടെ യാത്രാ ചെലവ് 78 കോടി രൂപയാണ്. മറ്റ് നേതാക്കളുടെത് 11 കോടി രൂപയും. ഹോളോഗ്രാഫിക് വെര്‍ച്വല്‍ റാലികള്‍ക്ക് ഔദ്യോഗിക തലത്തില്‍ നിയന്ത്രണമില്ല.
ഇതിന് പുറമെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എഴുതി എല്‍ ഇ ഡി ബോര്‍ഡുകള്‍ വിവിധ നഗരങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവയുടെ മൊത്തം ചെലവ് 19 കോടി രൂപയാണ്. പ്രചാരണ ഘട്ടത്തിലെ 18 കാള്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവയുടെ ചെലവ് 8.5 കോടി രൂപയാണ്. മണ്ഡലങ്ങളില്‍ ദൈനംദിനമുണ്ടാകുന്ന സംഭവങ്ങള്‍ സര്‍വേയിലൂടെ അറിയണമെന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. സര്‍വേയുടെ ചെലവ് ആറ് ലക്ഷം രൂപയാണ്.