Connect with us

National

മുസാഫര്‍പൂര്‍: ഹിന്ദു വിധവ രക്ഷിച്ചത് പത്ത് മുസ്‌ലിം ജീവനുകള്‍

Published

|

Last Updated

മുസാഫര്‍പൂര്‍: കഴിഞ്ഞ ദിവസം ബീഹാറിലെ മുസാഫര്‍പൂരില്‍ ഇരുവിഭാഗം തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ, പത്ത് മുസ്‌ലിംകളുടെ ജീവന്‍ രക്ഷപ്പെടുത്തിയത് ഹിന്ദു വിധവ. മുസാഫര്‍പൂരിലെ അസീസ്പൂര്‍ ബഹില്‍വാറ ഗ്രാമത്തില്‍ അയ്യായിരത്തോളം പേര്‍ ആക്രമിക്കാന്‍ വന്നപ്പോഴാണ് സ്വന്തം ജീവന്‍ പോലും ഗൗനിക്കാതെ അയല്‍വാസികളായ മുസ്‌ലിം കുടുംബങ്ങള്‍ക്ക് 50കാരിയായ ശൈല്‍ ദേവി രക്ഷകയായത്. ഇരുപതുകാരന്റെ മൃതദേഹം കണ്ടതിനെ തുടര്‍ന്നാണ് ഞായറാഴ്ച ഇവിടെ സംഘര്‍ഷമുണ്ടായത്.
വളരെ ദരിദ്രാവസ്ഥയില്‍ കഴിയുന്ന കുടുംബമാണ് ശൈലിന്റെത്. ഗ്രാമത്തിലെ മുസ്‌ലിംകളെ വകവരുത്താന്‍ ജനക്കൂട്ടം എത്തിയപ്പോള്‍ വീടിന്റെ പുറത്തിറങ്ങി കാവല്‍ നില്‍ക്കുകയായിരുന്നു ശൈലും രണ്ട് പെണ്‍മക്കളും. ഇത് മീന്‍പിടിത്തക്കാരന്റെ കുടിലാണെന്ന് ജനക്കൂട്ടത്തോട് അവര്‍ പറഞ്ഞു. വീട്ടില്‍ മുസ്‌ലിംകള്‍ക്ക് അഭയം നല്‍കിയിട്ടില്ലെന്ന് കലാപകാരികളോട് കള്ളം പറഞ്ഞു. വീട്ടിലേക്ക് കയറാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും പിന്തിരിപ്പിക്കുകയായിരുന്നു. ഇവരുടെ അയല്‍ ഗ്രാമങ്ങളെല്ലാം സാമുദായിക സൗഹാര്‍ദത്തിന് പേര് കേട്ടതാണ്. മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് ഒരിക്കല്‍ കൂടി ശൈല്‍ തെളിയിച്ചെന്നും ഇത് അഭിമാനനിമിഷമാണെന്നും ഗ്രാമീണനായ അരവിന്ദ് കുമാര്‍ പറഞ്ഞു.
60കാരനായ ആശ് മുഹമ്മദ് ഉള്‍പ്പെടെയുള്ളവരെയാണ് ശൈല്‍ രക്ഷിച്ചത്. ശൈല്‍ തങ്ങള്‍ക്ക് മാലാഖ കണക്കെയാണ് അനുഭവപ്പെട്ടതെന്നും അവര്‍ അഭയം നല്‍കിയിരുന്നില്ലെങ്കില്‍ കൊല്ലപ്പെടുമായിരുന്നെന്നും മുഹമ്മദ് പറഞ്ഞു. മുസ്‌ലിംകളെ രക്ഷിച്ചതിന്റെ പേരില്‍ കലാപകാരികള്‍ പ്രതികാരം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചില ഗ്രാമീണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്നലെ ഗ്രാമതത്തിലെത്തിയ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി, ശൈലിന്റെ ധീരതയെ അഭിനന്ദിച്ചു. റാണി ലക്ഷ്മിബായിയോടാണ് മഞ്ചി അവരെ സാമ്യപ്പെടുത്തിയത്. 51000 രൂപയുടെ കാഷ് അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. അവിവാഹിതരായ അവരുടെ പെണ്‍കുട്ടികള്‍ക്ക് 20000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഐ ടി മന്ത്രി ശാഹിദ് അലി ഖാനും പ്രശംസിച്ചിരുന്നു.