Connect with us

International

സിറിയയില്‍ ഇസില്‍ വേട്ടക്കിടെ 43 സാധാരണക്കാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ബൈറൂത്ത്: സിറിയയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ഇസില്‍ തീവ്രവാദികളെ നേരിടുന്നതിന്റെ ഭാഗമായി നടന്ന വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 43 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. 150ഓളം സാധാരണക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇസില്‍ നിയന്ത്രണത്തിലുള്ള തല്‍ ഹമീസിലെ കന്നുകാലി മാര്‍ക്കറ്റിലാണ് ഇസില്‍ വേട്ട നടന്നത്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി സിറിയക്കകത്ത് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വാര്‍ത്ത പുറത്തുവിട്ടത്. നേരത്തെ 27 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്.
ഹെസാകെ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന തെല്‍ ഹമീസിന്റെ ഭൂരിഭാഗവും രാജ്യത്തെ സൈനികരുടെ കീഴിലാണെങ്കിലും ചില പ്രദേശങ്ങള്‍ ഇസില്‍ കൈയടക്കിവെച്ചിരിക്കുകയാണ്. എന്നാല്‍ തെല്‍ ഹമീസിന്റെ തെക്കന്‍ ഭാഗങ്ങളില്‍ നടന്ന വ്യോമാക്രമണത്തിനിടെ ധാരാളം ഇസില്‍ ഭീകരവാദികളെ കൊലപ്പെടുത്തിയതായി രാജ്യത്തെ സര്‍ക്കാര്‍ അനുകൂല പത്രമായ അല്‍-വത്വന്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമവിരുദ്ധമായ എണ്ണ വ്യാപാരത്തിന് ഇസില്‍ തീവ്രവാദികള്‍ കന്നുകാലി മാര്‍ക്കറ്റുകളാണ് ഉപയോഗിച്ചുവരുന്നത്. കിഴക്കന്‍ സിറിയയിലെ വിവിധ എണ്ണപ്പാടങ്ങള്‍ ഇപ്പോഴും പൂര്‍ണമായി ഇസില്‍ നിയന്ത്രണത്തിലാണ്. ജിഹാദികള്‍ പിടിച്ചെടുത്ത എണ്ണയുടെ കരിഞ്ചന്ത വ്യാപാരം തടയുന്നതിനായി അമേരിക്ക തുടരെ വ്യോമാക്രമം നടത്തിവരികയാണ്.

Latest