Connect with us

Articles

ഹജ്ജിന് അപേക്ഷിക്കുമ്പോള്‍

ഹജ്ജിന് അപേക്ഷിക്കാനുള്ള അവസരം ഒരിക്കല്‍ കൂടി കൈവന്നിരിക്കുകയാണല്ലോ. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം കുറേ പുതിയ നിരദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായതിനാല്‍, വളരെ ശ്രദ്ധയോടെയും പൂര്‍ണതയോടെയും അപേക്ഷകള്‍ പൂരിപ്പിക്കണം. തെറ്റുകളും പോരായ്മകളും ഉള്ളതും വെട്ടിത്തിരുത്തിയെഴുതിയതും കൂട്ടിച്ചേര്‍ത്ത് എഴുതിയതും ആയ അപേക്ഷകള്‍ മറ്റൊരു മുന്നറിയിപ്പില്ലാതെ നിരസിക്കും. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയപോലെ ഇംഗ്ലീഷില്‍ വലിയ അക്ഷരത്തില്‍ വൃത്തിയായി കോളങ്ങള്‍ പൂരിപ്പിക്കേണ്ടതാണ്.
കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയായും www.hajcommittee.comല്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ, ഈവര്‍ഷം 70 വയസ്സ് തികഞ്ഞവരെയും കഴിഞ്ഞ വര്‍ഷം റിസര്‍വ് ബി കാറ്റഗരിയില്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും സീറ്റ് ലഭിക്കാത്തതിനാല്‍ ഹജ്ജിന് പോകാന്‍ കഴിയാത്തവരുമായ ആളുകളെയും നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുക്കുന്നതാണ്. അത്തരം ആള്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അവരുടെ കവറിലുള്‍പ്പെട്ട അതേ ആള്‍ക്കാരെ ഉള്‍പ്പെടുത്തി ഈ വര്‍ഷവും യഥാവിധി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ഈ വര്‍ഷം ബലികര്‍മത്തിനുള്ള കൂപ്പണ്‍ ഓരോ ഹാജിക്കും ഹജ്ജ് കമ്മിറ്റി നേരിട്ട് വിതരണം ചെയ്യുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ഓരോ അപേക്ഷകനും അപേക്ഷയോടൊപ്പം വേറെ വേറെ തയ്യാറാക്കിയതും അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യുന്നതുമായ നിര്‍ദിഷ്ട ഫോറത്തിലുള്ള സത്യപ്രസ്താവന വെള്ളക്കടലാസില്‍ സ്വയം സാക്ഷ്യപ്പെടുത്തി ഒപ്പിട്ടു നല്‍കണം. എന്നാല്‍ ഈ വര്‍ഷം, അഞ്ചാം തവണയായി അപേക്ഷിക്കുന്നവരും കഴിഞ്ഞ വര്‍ഷം വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്ളവരുമായ ആള്‍ക്കാരും റിസര്‍വ് “ബി” കാറ്റഗറിക്കാരുടെ നിര്‍ദിഷ്ട സത്യപ്രസ്താവനയുടെ അടിയില്‍ നല്‍കിയ സത്യപ്രസ്താവന കൂടി പൂരിപ്പിക്കേണ്ടതാണ്.
3.5 X3.5 വലിപ്പമുള്ള വെള്ള പ്രതലത്തിലുള്ളതും 70 ശതമാനം മുഖം വ്യക്തമാകുന്നതുമായ കളര്‍ ഫോട്ടോകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫോട്ടോയുടെ ഓരോ കോപ്പി വീതം അപേക്ഷയിലും ഫോട്ടോയുടെ പിന്നില്‍ പേരും അഡ്രസും എഴുതിയ മറ്റൊരു കോപ്പി ഒറിജിനല്‍ പാസ് പോര്‍ട്ടിന്റെ ബാക് കവറില്‍ സെല്ലോ ടേപ്പ് ഉപയോഗിച്ചും ഒട്ടിക്കണം.
2015 ജനുവരി പതിനെട്ടാം തീയതി എഴുപത് വയസ്സ് പൂരത്തിയാകുന്നവരെ റിസര്‍വ് കാറ്റഗറി “എ”യിലും 2012, 13, 14 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അപേക്ഷിച്ച് നാലാം വര്‍ഷക്കാരെ റിസര്‍വ് കാറ്റഗറി “ബി”യിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന ഒരിക്കലെങ്കിലും ഹജ്ജ് നിര്‍വഹിച്ചവരും ഏതെങ്കിലും വിധത്തില്‍ ജീവിതത്തിലൊരിക്കലെങ്കിലും ഹജ്ജ് ചെയ്ത റിസര്‍വ് കാറ്റഗറിക്കാരും അപേക്ഷിക്കാന്‍ പാടില്ല. അഥവാ, അങ്ങനെ കണ്ടെത്തിയാല്‍ അത്തരക്കാരുടെ മുഴുവന്‍ തുകയും കണ്ടുകെട്ടുന്നതും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയമാക്കുന്നതുമാണ്. “എ” വിഭാഗത്തില്‍ പെട്ടവര്‍ക്ക് നിര്‍ബന്ധമായും ഒരു സഹായി ആവശ്യമാണ്. മകന്‍, മകള്‍, ഭാര്യ, ഭര്‍ത്താവ്, മരുമകന്‍, സഹോദരന്‍, സഹോദരി, സഹോദര പുത്രന്‍, സഹോദര പുത്രി, പേരമകന്‍ എന്നീ അടുത്ത ബന്ധുക്കളെ മാത്രമേ സഹായികളായി പരിഗണിക്കൂ. മാത്രമല്ല, സഹായികള്‍ ബന്ധം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കേണ്ടതുമാണ്. എന്നാല്‍ മഹ്‌റമിന് ഇത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഒരിക്കല്‍ ഹജ്ജ് ചെയ്തവരല്ലാതെയുള്ള സഹായിയോ മഹ്‌റമോ ഒരു നിലക്കും കിട്ടാനില്ലാത്ത അവസ്ഥയില്‍ എഴുപത് വയസ്സ് തികഞ്ഞവര്‍ക്കും മഹ്‌റം ആവശ്യമായ സ്ത്രീകള്‍ക്കും മുന്‍പ് ഹജ്ജ് ചെയ്തവരെ കൂടെ കൊണ്ടുപോകാവുന്നതാണ്. പക്ഷേ, അവര്‍ ഹജ്ജിന്റെ മുഴുവന്‍ തുകയും അടയ്‌ക്കേണ്ടിവരും.
ഓരോ അപേക്ഷകനും അപേക്ഷയോടൊപ്പമുള്ള പേ ഇന്‍ സ്ലിപ്പില്‍ കാണിച്ചതുപോലെ മുന്നൂറ് രൂപയുടെ പ്രൊസസിംഗ് ചാര്‍ജ് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെയോ യൂനിയന്‍ ബേങ്കിന്റെയോ ഏതെങ്കിലും ശാഖയില്‍ അടച്ചിരിക്കണം. കൂടെയുള്ളവരുടെത് അതേ സ്ലിപ്പില്‍ ഒന്നിച്ചടച്ചാല്‍ മതി. അപേക്ഷകന് 20-2-2015നോ അതിനു മുമ്പോ കിട്ടിയതും 20-3-2016 വരെ കാലാവധിയുള്ളതുമായ മെഷീന്‍ റീഡബിള്‍ ആയതും കൈ കൊണ്ട് എഴുതാത്തതുമായ പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. അതില്‍ രണ്ട് പേജെങ്കിലും ബാക്കി വേണം. പാസ്‌പോര്‍ട്ട് ഓഫീസര്‍ ഒപ്പ് വെച്ചിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. 70 വയസ്സ് കഴിഞ്ഞ “എ” റിസര്‍വ് കാറ്റഗറിക്കാരും കഴിഞ്ഞ വര്‍ഷം വെയിറ്റിംഗ് ലിസ്റ്റിലുള്ള, ഈ വര്‍ഷം അഞ്ചാമതായി അപേക്ഷിക്കുന്ന “ബി” കാറ്റഗറിക്കാരും പാസ്‌പോര്‍ട്ടിന്റെ ഒറിജിനലും രണ്ട് കോപ്പികളും; അല്ലാത്തവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് കോപ്പികളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിദേശത്തുള്ളവര്‍ക്ക് ഒറിജിനല്‍ പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിസയുടെ പകര്‍പ്പ്, ജോലി ചെയ്യുന്ന കമ്പനിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
നമ്മുടെ കൈയില്‍ കിട്ടുന്ന അപേക്ഷാഫോറം ബുക്‌ലെറ്റ് മൂന്ന് പേര്‍ക്ക് അപേക്ഷിക്കാനുള്ളതാണ്. കൂടുതല്‍ പേരുണ്ടെങ്കില്‍, അടുത്ത സെറ്റ് ബുക് ഉപയോഗിക്കാം. ഒരു കവറില്‍ അഞ്ച് പേര്‍ക്ക് അപേക്ഷിക്കാം. എന്നാല്‍, 31-10-2015ന് രണ്ട് വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളോടൊപ്പം അപേക്ഷിക്കാം. ഈ തീയതിക്ക് രണ്ട് വയസ്സ് പൂര്‍ത്തിയായാല്‍ മുഴുവന്‍ തുകയും അടയ്ക്കണം. രണ്ട് വയസ്സ് തികയാത്തവര്‍ക്ക് വിമാനക്കൂലിയുടെ പത്ത് ശതമാനം നല്‍കണം. പക്ഷേ, പ്രൊസസിംഗ് ചാര്‍ജ് 300 രൂപ വേണ്ടതില്ല. ഇങ്ങനെ കുട്ടികളെയും ഉള്‍പ്പെടുത്തി ഒരു കവറില്‍ ഏഴ് പേര്‍ക്ക് വരെ അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ഐ എഫ് എസ് കോഡുള്ള ഏതെങ്കിലും ഒരു ബേങ്കിന്റെ ക്യാന്‍സല്‍ ചെയ്ത ചെക്കിന്റെ (കവര്‍ ലീഡറുടെ പേരുള്ളത്) രണ്ട് കോപ്പി വെക്കേണ്ടതാണ്. അഥവാ, അതില്ലെങ്കില്‍,ബേങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ കോപ്പിയോ അതും ഇല്ലെങ്കില്‍, ബേങ്ക് മാനേജര്‍ നിങ്ങളുടെ എക്കൗണ്ടും മറ്റു വിവരങ്ങളും രേഖപ്പെടുത്തിത്തരുന്ന ഒരു സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് കോപ്പിയോ വെക്കണം. കവര്‍ ലീഡര്‍ പുരുഷനായിരിക്കണം. എല്ലാ ഇടപാടുകളും അയാളുടെ പേരിലായിരിക്കും. ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഒരിക്കല്‍ ഹജ്ജ് ചെയ്തവര്‍, മാരക രോഗമുള്ളവര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, മഹ്‌റമില്ലാത്ത സ്ത്രീകള്‍, കോടതി വിദേശയാത്ര വിലക്കിയവര്‍, പൂര്‍ണ ഗര്‍ഭിണികള്‍ എന്നിവര്‍ ഹജ്ജിന് അപേക്ഷിക്കാന്‍ പാടില്ല. ഓരോ അപേക്ഷകനും എല്ലാ അപേക്ഷകളുടെയും രണ്ട് കോപ്പി വീതവും ഓരോ രേഖയുടെയും രണ്ട് കോപ്പി വീതവും സമര്‍പ്പിക്കണം. പുറമെ ഒരു കോപ്പി കൈവശം കരുതിവെക്കാനും വേണം. ഹജ്ജ് അപേക്ഷാ ഫോറങ്ങള്‍ ഹജ്ജ് കമ്മിറ്റി ഓഫീസ്, കലക്ടറേറ്റുകള്‍, വഖഫ് ബോര്‍ഡ് ഓഫീസ്, മദ്‌റസ ക്ഷേമനിധി ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ട്രെയ്‌നര്‍മാരില്‍ നിന്നും ലഭിക്കും. www.hajcommittee.com, www.keralahajcommittee.org എന്നീ സൈറ്റുകളില്‍ നിന്നും അല്ലാതെ കോപ്പി എടുത്തും ഉപയോഗിക്കാം. ഹജ്ജിന്റെ ആദ്യ ഗഡുവായ 81,000 രൂപ അടച്ച സ്ലിപ്പ് 30-4-2015നു മുമ്പായി ഹാജറാക്കണം. ഹജ്ജ് യാത്ര തുടങ്ങുന്നത് 17-8-15നും അവസാനിക്കുന്നത് 19-9-2015നുമാണ്. തിരിച്ചുവരുന്നത് 29-9-2015 മുതല്‍ 29-10-2015 വരെയുമാണ്. 39 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച ലീഡറുടെ മേല്‍വിലാസം വ്യക്തമായി എഴുതിയ ഒരു കവറും അപേക്ഷയോടൊപ്പം വെക്കണം. ആ കവറിന് മുകളില്‍ “ഹജ്ജ് അപേക്ഷ 2015” എന്നും മൊത്തം അപേക്ഷകരുടെ എണ്ണവും കാറ്റഗറിയും എഴുതണം. അപേക്ഷകള്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ഓഫീസ്, ഹജ്ജ് ഹൗസ്, പി ഒ കലിക്കറ്റ് എയര്‍പോര്‍ട്ട്, മലപ്പുറം ജില്ല, 673647 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. അപേക്ഷിക്കാവുന്ന അവസാന തീയതി 2015 ഫെബ്രുവരി 20.