Connect with us

Editorial

വളഞ്ഞ വഴിയില്‍ ചുട്ടെടുക്കുന്ന നിയമം

Published

|

Last Updated

ബില്ലുകള്‍ അവതരിപ്പിച്ചു വിശദമായി ചര്‍ച്ച ചെയ്ത് കരടും പതിരും ഒഴിവാക്കിയായിരുന്നു മുന്‍കാലങ്ങളില്‍ പാര്‍ലിമെന്റിലും നിയമസഭകളിലും നിയമങ്ങള്‍ പാസ്സാക്കിയിരുന്നത്. ഇന്നിപ്പോള്‍ നിയമ നിര്‍മാണ സഭകളെ നോക്കുകുത്തികളാക്കി ഓര്‍ഡിനന്‍സ് വഴിയാണ് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇന്‍ഷ്വറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തല്‍, കല്‍ക്കരി ലേലത്തിന് അനുമതി, ഡല്‍ഹിയിലെ തിരഞ്ഞെടുപ്പിനു മുമ്പായി അനധികൃത കോളനികള്‍ക്ക് അംഗീകാരം നല്‍കല്‍, ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി തുടങ്ങി മോദി സര്‍ക്കാറിന്റെ ഏഴ് മാസ ഭരണത്തില്‍ ഒമ്പത് ഓര്‍ഡിനന്‍സുകളിറക്കുകയുണ്ടായി. വിശദമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ട വളരെ സുപ്രധാനവും കഴിഞ്ഞ പാര്‍ലിമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മൂലം പാസാക്കാന്‍ കഴിയാത്തതുമാണ് ഈ ബില്ലുകളില്‍ പലതും.
അസാധാരണവും അത്യപൂര്‍വവുമായ സാഹചര്യങ്ങളില്‍ ഭരണസ്തംഭനം ഒഴിവാക്കാനുള്ള മാര്‍ഗം എന്ന നിലക്ക് വിഭാവനം ചെയ്യപ്പെട്ട ഓര്‍ഡിനന്‍സ് സംവിധാനം ഈ വിധം ദുരുപയോഗം ചെയ്യുന്നതിനെതിരെ കഴിഞ്ഞ ദിവസം രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ശക്തമായി പ്രതികരിക്കുകയുണ്ടായി. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും സാധാരണ നിയമനിര്‍മാണങ്ങള്‍ക്കായി ഈ വഴി തിരഞ്ഞെടുക്കുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു. ഓര്‍ഡിനന്‍സുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതേക്കുറിച്ചു വിശദീകരണം തേടാന്‍ രാഷ്ട്രപതി അടുത്തിടെ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരെ വിളിച്ചുവരുത്തുകയുമുണ്ടായി. ഇതേതുടര്‍ന്ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ രണ്ട് ഓര്‍ഡിനന്‍സുകള്‍ ഉപേക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതമായിരുന്നു. നിയമത്തിനും നിയമ ഭേദഗതികള്‍ക്കും ഓര്‍ഡിനന്‍സ് ഇറക്കുന്നതില്‍ നിന്ന് സര്‍ക്കാറിനെതടയണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍, അഡ്വ. ശാന്തിഭൂഷന്‍, പ്രഫുല്‍ ബിദ്വായി തുടങ്ങി പ്രമുഖരുടെ ഒരു സംഘം ഈ മാസം ഏഴിന് രാഷ്ട്രപതിയെ സന്ദര്‍ശിക്കുകയും തുടര്‍ച്ചയായ ഓര്‍ഡിനന്‍സുകള്‍ ഭരണ ഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
യു പി എ സര്‍ക്കാറിന്റെ കാലത്ത് ഓര്‍ഡിനന്‍സ് വഴി നിയമനിര്‍മാണം നടത്തുന്നതിനെ ബി ജെ പി നിശിതമായി വിമര്‍ശിച്ചിരുന്നതാണ.് “വളരെ അവശ്യ ഘട്ടങ്ങളില്‍ അടുത്ത പാര്‍ലിമെന്റ് സെഷന്‍ വരെ കാത്തിരിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രമേ ആര്‍ട്ടിക്കില്‍ 123 അനുസരിച്ച് ഓര്‍ഡിനന്‍സിനെ അവലംബിക്കാവൂ” എന്നാണ് അന്ന് ജെയ്റ്റ്‌ലിയുള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞിരുന്നത്. 2013ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷാ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചപ്പോള്‍, അതില്‍ ഒപ്പ് വെക്കരുതെന്ന് ബി ജെ പി നേതാക്കള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുകയും “”ഭരണഘടനാ വിരുദ്ധ”മായ ഓര്‍ഡിനന്‍സുകളില്‍ ഒപ്പു വെക്കാന്‍ രാഷ്ട്രപതിക്ക് ബാധ്യതയില്ലെന്ന് അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ അടുത്ത പാര്‍ലിമെന്റ് സമ്മേളനത്തിന് രണ്ടു മാസം മാത്രം അവശേഷിച്ചിരിക്കെയാണ് ബി ജെ പി സര്‍ക്കാര്‍ ഇപ്പോള്‍ തിടുക്കപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദേശിക്കുന്ന ഓര്‍ഡിന്‍സ് കൊണ്ടുവന്നത്. എന്നിട്ടും പാര്‍ട്ടി നേതൃത്വം അതിനെ ന്യായീകരിക്കുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത കൊണ്ടാണത്രെ ഓര്‍ഡിന്‍സുകളിറക്കുന്നത്. കോര്‍പറേറ്റുകളുടെയും റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുടെയും താത്പര്യ സംരക്ഷണമാണ് ഇതിന് പിന്നിലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കഴിഞ്ഞ യു പി എ സര്‍ക്കാര്‍ കൊണ്ടു വന്ന ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തണമെന്നത് രാജ്യത്തെ വ്യവസായ ലോബിയുടെ മുഖ്യ ആവശ്യമായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
നെഹ്‌റുവിന്റെ കാലം തൊട്ടേ ഓര്‍ഡിനന്‍സ് രാജ് നടപ്പുണ്ട്. അദ്ദേഹത്തിന്റെ ഭരണത്തില്‍ 70 ഓര്‍ഡിനന്‍സുകളിറക്കി. തുടര്‍ന്ന് വന്ന കോണ്‍ഗ്രസ് സര്‍ക്കാറുകളും ഓര്‍ഡിനന്‍സ് ഭരണം തുടര്‍ന്നു. നെഹ്‌റുവിന്റെ കാലത്ത് നിശ്ചിത കാലാവധിക്ക് മുമ്പേ ഓര്‍ഡിനന്‍സുകള്‍ക്ക് പാര്‍ലിമെന്റിന്റെ അംഗീകാരം വാങ്ങാനുള്ള അംഗബലമുണ്ടായിരുന്നു സര്‍ക്കാറിനെങ്കില്‍ പില്‍ക്കാലത്ത് അതുപോലുമില്ലാതെയാണ് നിരന്തരം ഓര്‍ഡിനന്‍സുകളിറക്കിയത്. ഇന്നിപ്പോള്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ മോദി സര്‍ക്കാറിന് പല ഓര്‍ഡിനന്‍സുകള്‍ക്കും പാര്‍ലിമെന്റിന്റെ അംഗീകാരം ലഭിക്കാന്‍ പ്രയാസമാണ്. ഭരണകൂടങ്ങളുടെ ഇത്തരം അമിതാധികാര പ്രവണതകള്‍ക്ക് തടയിട്ടില്ലെങ്കില്‍ പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ സത്ത തന്നെ ഇല്ലാതാകും. ഇതേക്കുറിച്ചു ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുകയും അതുവഴി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഓര്‍ഡിനന്‍സ് രാജിനെതിരെ മുന്നറിയിപ്പ് നല്‍കിയ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയാണ് ഇതിന് മുന്‍കൈയെടുക്കേണ്ടത്.

Latest