Connect with us

Kerala

ബാര്‍ കോഴ: ശബ്ദരേഖ വിജിലന്‍സിന് കൈമാറി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട ബാറുടമകളുടെ യോഗത്തിലെ സംഭാഷണങ്ങളുടെ ശബ്ദരേഖ ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് വിജിലന്‍സിന് കൈമാറി. ഇന്നലെ വൈകീട്ട് മൂന്നോടെ പൂജപ്പുര വിജിലന്‍സ് ആസ്ഥാനത്തെത്തിയാണ് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയടങ്ങുന്ന സി ഡി ബിജു രമേശ് വിജിലന്‍സിന് കൈമാറിയത്. സാക്ഷികള്‍ കൂറുമാറാതിരിക്കാനാണ് ശബ്ദരേഖ കൈമാറിയതെന്ന് ബിജു പറഞ്ഞു. ബാറുടമകളുടെ സംഭാഷണത്തിലൂടെ മാണിക്ക് കോഴ കൊടുത്തെന്ന കാര്യം വ്യക്തമാകും. അതേസമയം, ബാലകൃഷ്ണപിള്ളയോട് താന്‍ കാണിച്ചത് തെറ്റാണ്. ഇതില്‍ ഖേദമുണ്ട്. പൊതുജനത്തെ ശരിയായ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ശബ്ദരേഖ പുറത്തുവിട്ടത്.
ബാര്‍കോഴ അന്വേഷിക്കുന്ന വിജിലന്‍സ് എ ഡി ജി പി ജേക്കബ് തോമസിന് സ്ഥാനക്കയറ്റം നല്‍കി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സമ്മര്‍ദങ്ങളെ വകവെക്കാതെ ബാര്‍കോഴ കേസില്‍ മുന്നോട്ടുപോയ ഉദ്യോഗസ്ഥനെ അടിയന്തരമായി സ്ഥാനക്കയറ്റം നല്‍കിയതില്‍ ദുരൂഹതയുണ്ട്. ഈ തീരുമാനം കേസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും. മാണിയെ രക്ഷിക്കാന്‍ മന്ത്രിസഭ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് ഈ തീരുമാനത്തിലൂടെ വ്യക്തമായതെന്നും ബിജു ചൂണ്ടിക്കാട്ടി.
ബാര്‍ അസോസിയേഷന്‍ ഔദ്യോഗികമായി ഒരു കോടിയാണ് മാണിക്ക് കൊടുത്തത്. അനിമോന്‍ സ്വന്തം കൈയില്‍ നിന്ന് 10 ലക്ഷം നല്‍കിയിട്ടുണ്ട്. 418 ബാറുകള്‍ തുറക്കാതിരിക്കാന്‍ നെടുമ്പാശ്ശേരിയില്‍ വെച്ച് രണ്ട് കോടി കൊടുത്തതായി അനിമോന്‍ പറയുന്നുണ്ട്. 312 ബാറില്‍ മാത്രം പ്രവര്‍ത്തനം ഒതുക്കി നിര്‍ത്തി 418 ബാറുകള്‍ പൂട്ടാനാണ് രണ്ട് കോടി കൊടുത്തതെന്നത് മറ്റൊരുഗൂഢാലോചനയാണെന്നും ബിജു ആരോപിച്ചു.

---- facebook comment plugin here -----

Latest