Connect with us

Gulf

വൈദഗ്ധ്യമുണ്ട്; യോഗ്യതാപത്രമില്ല

Published

|

Last Updated

ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുതന്നെ ബഹ്‌റൈനില്‍ മലയാളി സമാജമുണ്ട്. അതായത്, കേരളപ്പിറവിക്കു മുമ്പു തന്നെ. ഗള്‍ഫില്‍ ഏറ്റവും ആദ്യം എണ്ണ കണ്ടെത്തിയത് ബഹ്‌റൈനിലാണ്. 1937ലാണിത്. ഇത് കേട്ടറിഞ്ഞ് മലയാളികള്‍ അവിടെയെത്തി. കുറേ പേരായപ്പോള്‍ മലയാളി സംഘടനയായി.

സഊദി അറേബ്യയില്‍ ഒരു പക്ഷേ അതിനു മുമ്പേ മലയാളീ കൂട്ടായ്മകള്‍ ഉണ്ടായിരുന്നിരിക്കണം. ഹജ്ജിനും ഉംറക്കും പോയി അവിടെ ജീവിതോപാധി കണ്ടെത്തിയവര്‍ കൂട്ടായ്മ രൂപവത്കരിച്ചിരിക്കണം. പക്ഷേ, ഔദ്യോഗിക രേഖകള്‍ ഇല്ല.
യു എ ഇ അടക്കം പല ഗള്‍ഫ് രാജ്യങ്ങളിലേക്കും പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ മലയാളികള്‍ കൂട്ടത്തോടെ എത്തി. സഊദി അറേബ്യയിലേക്കും യു എ ഇയിലേക്കുമാണ് കൂടുതല്‍ ഒഴുക്കുണ്ടായത്. നോര്‍ക്കയുടെ കണക്കനുസരിച്ച് ഇപ്പോള്‍ യു എ ഇയിലാണ് കൂടുതല്‍ പേര്‍, രണ്ടോ മൂന്നോ തലമുറകള്‍ ഇപ്പോള്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഗള്‍ഫില്‍ നിരന്തരം അധ്വാനിച്ച് ശീലിച്ചതിനാല്‍ നാട്ടില്‍ വെറുതെയിരിക്കാന്‍ കഴിയില്ല. എന്തെങ്കിലും തൊഴില്‍ തേടിയവരും ചെറുകിട സംരംഭങ്ങള്‍ ആരംഭിച്ചവരും നിരാശയിലാണ്. നാട്ടിലെ നടപ്പുശീലങ്ങള്‍ പരിചയമില്ലാത്തതിനാല്‍ അഭിവൃദ്ധിപ്പെടാന്‍ കഴിഞ്ഞില്ല. ഏതാണ്ട് 90 ശതമാനം പേരും സമ്പാദ്യം കളഞ്ഞു കുളിച്ചു.
കഴിഞ്ഞ വര്‍ഷം സഊദി അറേബ്യയിലെ നിതാഖാത്ത് ആയിരക്കണക്കിനാളുകളെ നാട്ടിലെത്തിച്ചു. സര്‍ക്കാറിന്റെ സഹായം ലഭ്യമായവര്‍ തീരെ കുറവ്. ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ 20 ലക്ഷം രൂപ പലിശരഹിത വായ്പയുണ്ടെന്ന് ധന മന്ത്രി കെ എം മാണി ആഗോള മലയാളി പ്രവാസി സംഗമത്തില്‍ അറിയിച്ചപ്പോള്‍ മൂക്കത്ത് വിരല്‍വെച്ചവരില്‍ എന്‍ ആര്‍ കെ വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി എം എ സലാം ഉള്‍പ്പെടും. ഇത്തരമൊരു വായ്പയെക്കുറിച്ച് ആരും ഇതേവരെ അറിഞ്ഞിട്ടില്ല.
“20 ലക്ഷം രൂപ വായ്പ മാത്രമല്ല, അതില്‍ രണ്ടു ലക്ഷം രൂപ തിരിച്ചു കൊടുക്കേണ്ടാത്തതുമാണ്.” ധനമന്ത്രി പറഞ്ഞു. 40,000 പേര്‍ വായ്പക്കു വേണ്ടി എന്‍ ആര്‍ കെ വെല്‍ഫയര്‍ ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രിയുടെ “വെളിപ്പെടുത്തല്‍” അവര്‍ക്ക് ഉപകാരപ്പെടട്ടെയെന്നും പി എം എ സലാം പരിഹസിക്കുന്നത് കേട്ടു.
വായ്പ ലഭിക്കുക അത്ര എളുപ്പമല്ലെന്ന് അനുഭവസ്ഥര്‍ക്ക് നന്നായറിയാം. നിരവധി കടമ്പകളുണ്ട്. ഗള്‍ഫില്‍ ദീര്‍ഘകാലം കഴിച്ചുകൂട്ടി വെറും കയ്യോടെയാണ് മടങ്ങിയതെന്ന് തെളിയിക്കണം. അതിന് ഓഫീസുകള്‍ കയറിയിറങ്ങണം. പലിശ ഭയന്ന് പലരും ബേങ്ക് വായ്പ വാങ്ങാറില്ല.
വിദേശ ഇന്ത്യക്കാര്‍ക്കുള്ള ബേങ്ക് വായ്പക്ക് പലിശ നിരക്ക് ഇരട്ടിയാണെന്ന് പ്രവാസി സംഘം സെക്രട്ടറി പി സെയ്താലിക്കുട്ടി ചൂണ്ടിക്കാട്ടി. ആഗോള മലയാളി പ്രവാസി സംഗമത്തില്‍ ഏറ്റവും മികച്ച പ്രസംഗങ്ങളിലൊന്ന് സെയ്താലിക്കുട്ടിയുടേതായിരുന്നു. ഭരണകൂടങ്ങളുടെ കാപട്യം അദ്ദേഹം തുറന്നുകാട്ടി.
ഗള്‍ഫ് മലയാളിക്ക് വേണ്ടത് യോഗ്യതാ സര്‍ട്ടിഫിക്കറ്റാണെന്ന് കെ എം സി സി ദുബൈ പ്രസിഡന്റ് പി കെ അന്‍വര്‍ നഹ. ഗള്‍ഫില്‍ ധാരാളം പേര്‍ ജോലിചെയ്ത് വൈദഗ്ധ്യം നേടിയിട്ടുണ്ട്. അവരില്‍ പലര്‍ക്കും വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കില്ല. പക്ഷേ, ലോകത്തിലെ തന്നെ ഏറ്റവും വിദഗ്ധ തൊഴിലാളിയായി അവര്‍ മാറിയിരിക്കുന്നു. വിവിധ ഭാഷകള്‍ അറിയുന്നവര്‍, ആധുനിക യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍, വില്‍പനയുടെ രസതന്ത്രം സ്വായത്തമാക്കിയവര്‍ ലക്ഷക്കണക്കിന് വരും. അവര്‍ക്ക് നാട്ടിലും ഗള്‍ഫിലും തൊഴിലവസരങ്ങളുണ്ട്. പക്ഷേ, യോഗ്യതാ സര്‍ട്ടിഫിക്കറ്റില്ല. നോര്‍ക്കയുടെ ഭാഗത്തു നിന്ന് ഇതിന് പരിഹാരം വേണം. അത്തരക്കാര്‍ക്ക് അക്രഡിറ്റഡ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഗള്‍ഫ് മലയാളികളുടെ വൈദഗ്ധ്യം പാഴായിപ്പോകരുത്. ഗള്‍ഫില്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ആശുപത്രികളിലും തൊഴില്‍ മേഖലയില്‍ മലയാളി സാന്നിധ്യം കുറഞ്ഞു വരുകയാണ്. അത് യോഗ്യതാ പത്രം ഇല്ലാത്തത് കൊണ്ടാണ്. ഇതിനു പുറമെ കേരളത്തില്‍ തൊഴില്‍ ദാന പ്രദര്‍ശനങ്ങള്‍ (ജോബ് എക്‌സ്‌പോ) നടത്തണം. അപ്പോഴറിയാം എത്ര ഗള്‍ഫ് മലയാളികള്‍ മടങ്ങിയെത്തി തൊഴില്‍ തേടുന്നുണ്ടെന്ന്.
മന്ത്രി കെ സി ജോസഫിന്റെ ഭാഗത്തുനിന്ന് അനുകൂല മറുപടി ലഭിച്ചു. പക്ഷേ എപ്പോള്‍, എങ്ങിനെ എന്നൊക്കെയുള്ള സംശയങ്ങള്‍ ബാക്കി.
(തുടരും)

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest