Connect with us

Gulf

ഷാര്‍ജയില്‍ അനധികൃത പരസ്യങ്ങള്‍ നീക്കം ചെയ്തു

Published

|

Last Updated

ഷാര്‍ജ;അനധികൃതമായി പതിച്ച പരസ്യങ്ങളും, പോസ്റ്റുകളും മറ്റും നീക്കം ചെയ്തു.റോള നഗരത്തിലും പരിസരങ്ങളിലും പതിച്ചിരുന്ന പരസ്യങ്ങളും മറ്റുമാണ് ബന്ധപ്പെട്ടവര്‍ നീക്കം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലാണ് നടപടി കൈക്കൊണ്ടത്. അടിപ്പാതകളിലും, വിളക്കുകാലുകളിലും കെട്ടിട ചുമരുകളിലും മറ്റുമാണ് വ്യാപകമായി പരസ്യങ്ങള്‍ പതിച്ചിരുന്നത്.

നിയമം ലംഘിച്ചായിരുന്നു ഇത്. അനധികൃതമായി പരസ്യം പതിക്കുന്നവര്‍ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടി കൈക്കൊള്ളുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതു ചെവികൊള്ളാതെയാണ് പരസ്യങ്ങള്‍ പതിക്കുന്നത്. പേപ്പറുകളിലെഴുതിയാണ് പ്രധാനമായും പരസ്യങ്ങള്‍ പതിക്കുന്നത്. താമസ സൗകര്യം, കാര്‍ ലിഫ്റ്റ്, കട വില്‍പന, തൊഴിലവസരങ്ങള്‍ എന്നിവ സംബന്ധിച്ച പരസ്യങ്ങളാണ് അധികവും.
പലപ്പോഴും അടിപ്പാതകള്‍ പരസ്യങ്ങള്‍ കൊണ്ട് നിറയുന്നു. അടിക്കടി നീക്കം ചെയ്യാറുണ്ടെങ്കിലും മുന്നറിയിപ്പ് വകവെക്കാതെ പരസ്യങ്ങള്‍ പതിക്കുകയാണ്.
വെള്ളം ഉപയോഗിച്ചാണ് നീക്കം ചെയ്യുന്നത്. നഗരസഭ ക്ലീനിംഗ് ജീവനക്കാര്‍ക്ക് പലപ്പോഴും ജോലി ഇവ നീക്കം ചെയ്യലാണെന്ന് പറയുന്നു. ഇതിനു പുറമെ അനധികൃത കച്ചവടവും നടക്കാറുണ്ട്. റോള നഗരത്തിലെ അടിപ്പാതയില്‍ അവധി ദിവസങ്ങളിലാണ് പലപ്പോഴും കച്ചവടം നടക്കുന്നത്. പഴവര്‍ഗ്ഗ വില്‍പനയാണ് പ്രധാനമായും. കുറഞ്ഞ വിലക്കു ലഭിക്കുന്നതിനാല്‍ കച്ചവടം പൊടിപൊടിക്കും. ഇതിനെതിരെ അധികൃതര്‍ നടപടി കൈക്കൊണ്ടതിനാല്‍ ഇപ്പോള്‍ കച്ചവടക്കാര്‍ പിന്‍വലിഞ്ഞിട്ടുണ്ട്. അടുത്തിടെ ഏതാനും അനധികൃത കച്ചവടക്കാരെ അധികൃതര്‍ പിടികൂടിയിരുന്നു. അശ്ലീല സി ഡി വില്‍പനയും ചില ഭാഗങ്ങളില്‍ തകൃതിയായി നടക്കുന്നതായി പരാതിയുണ്ട്. ബംഗ്ലാബസാറിലും, യു എ ഇ എക്‌സ്‌ചേഞ്ച് പരിസരത്തുമാണ് വില്‍പനയെന്ന് പറയുന്നു. അവധി ദിവസങ്ങളിലാണത്രെ പ്രധാനമായും വില്‍പന.
മുസല്ല പാര്‍ക്കില്‍ അടുത്തിടെ അനധികൃത കച്ചവടം നീക്കം ചെയ്തിരുന്നു. ഷാര്‍ജയില്‍ അവധി ദിനങ്ങളിലും, സാധാരണ ദിവസങ്ങളിലും ഏറ്റവും കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന ഉദ്യാനങ്ങളിലൊന്നാണിത്. ഫോണ്‍ ബാലന്‍സ് വില്‍പനയും, നെറ്റ്‌ഫോണുമാണ് ഇവിടുത്തെ പ്രധാന കച്ചവടം. ഇതേ ചൊല്ലി ഇടപാടുകാര്‍ തമ്മില്‍ കലഹം പതിവായിരുന്നു.
നഗര സൗന്ദര്യത്തിനു കളങ്കം വരുത്തുന്ന തരത്തിലാണ് പരസ്യങ്ങളും മറ്റും പതിക്കുന്നത്. അതു കൊണ്ടുതന്നെയാണ് അനധികൃത പരസ്യങ്ങളും മറ്റും അധികൃതര്‍ നിരോധിച്ചത്. ഷാര്‍ജ വൃത്തിയും ശുചിത്വവും ഭംഗിയുമുള്ള നഗരമായി സൂക്ഷിക്കാന്‍ അധികൃതര്‍ ശ്രമിക്കുമ്പോഴാണ് ഇത്തരം നടപടികള്‍.