Connect with us

Gulf

കുടുംബ വിസാ സ്റ്റാമ്പിംഗ് നിരക്ക് വര്‍ധിപ്പിച്ചു

Published

|

Last Updated

ദുബൈ: ദുബൈ: ദുബൈയില്‍ കുടുംബാംഗങ്ങളുടെ താമസ വിസാ സ്റ്റാമ്പിംഗ് നിരക്ക് അധികൃതര്‍ വര്‍ധിപ്പിച്ചു. രണ്ടു വര്‍ഷത്തേക്കുള്ള, ആശ്രിതരുടെ വിസ പാസ്‌പോര്‍ട്ടില്‍ പതിക്കുന്നതിന്റെ ഫീസ് 270ല്‍ നിന്ന് 310 ആയാണ് വര്‍ധിപ്പിച്ചത്. ഈ ആഴ്ച വര്‍ധനവ് നിലവില്‍ വന്നു.

വിസാ സ്റ്റാമ്പിംഗ് നടത്തി കൗണ്ടറില്‍ നിന്ന് കയ്യോടെ പാസ്‌പോര്‍ട്ട് വാങ്ങുന്ന അടിയന്തിര സേവനത്തിന്റെ ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. 370ല്‍ നിന്ന് 410 ദിര്‍ഹമായാണ് ഇത് വര്‍ധിപ്പിച്ചത്. ഫീസിനു പുറമെ ടൈപിംഗ് സേവന കേന്ദ്രങ്ങളില്‍ അവരുടെ സര്‍വീസ് ചാര്‍ജ് വേറെ നല്‍കണം. കമ്പനികളുടെ കീഴില്‍ തൊഴില്‍ വിസയില്‍ എത്തുന്നവരുടെ വിസാ സ്റ്റാമ്പിംഗ് ഫീസ് നേരത്തെ വര്‍ധിപ്പിച്ചിരുന്നെങ്കിലും ആശ്രിതരുടെ വിസാ സ്റ്റാമ്പിംഗ് നിരക്കില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. കമ്പനി തൊഴില്‍ വിസകളുടെ സ്റ്റാമ്പിംഗ് നിരക്ക് അടുത്ത കാലത്ത് പുതുക്കി നിശ്ചയിച്ചത് 410 ദിര്‍ഹമായിരുന്നു. കമ്പനി വിസകള്‍ സ്റ്റാമ്പിംഗ് കഴിഞ്ഞാല്‍ കൗണ്ടറില്‍ നിന്ന് തന്നെ നേരിട്ട് കൈപറ്റുന്ന അടിയന്തിര സേവനം മാത്രമേ ലഭ്യമുള്ളു.
ദുബൈയില്‍ നിന്ന് ലഭിക്കുന്ന ഒരു മാസത്തേക്കുള്ള ടൂറിസ്റ്റ് വിസകള്‍ അടുത്ത 30 ദിവസം കൂടി നീട്ടി നല്‍കുന്ന സൗകര്യവും നിര്‍ത്തലാക്കിയിട്ടുണ്ട്. ഒരു മാസത്തെ ടൂറിസ്റ്റ് വിസയില്‍ എത്തിയിരുന്നവര്‍ക്ക് അധികമായി നേരത്തെ ലഭിച്ചിരുന്ന 10 ദിവസത്തെ ഗ്രേസ് പിരിഡും അടുത്ത കാലത്തായി അധികൃതര്‍ ഒഴിവാക്കിയിട്ടുണ്ട്. ഷാര്‍ജയിലും മറ്റും നേരത്തെ തന്നെ ഒരു മാസത്തേക്കുകൂടി നീട്ടലും ഗ്രേസ് പിരീഡും നിര്‍ത്തിയിരുന്നെങ്കിലും ദുബൈയില്‍ അടുത്തകാലം വരെ ഇത് തുടര്‍ന്നിരുന്നു.
30 ദിവസത്തേക്കും 90 ദിവസത്തേക്കും ആണ് സന്ദര്‍ശക വിസ നല്‍കുക. സന്ദര്‍ശക വിസ കാലാവധി ദീര്‍ഘിപ്പിക്കാന്‍ അനുമതി ഉണ്ടാവുകയില്ല. ടൂറിസ്റ്റ് വിസയുടെ ഫീസില്‍ 40 ദിര്‍ഹമിന്റെ വര്‍ധനവ് വരുത്തിയിട്ടുണ്ട്. നേരത്തെ 210 ദിര്‍ഹമായിരുന്നു. മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ ഒഴിവാക്കിയിട്ടുണ്ട്. ജനുവരി ഒന്നിനാണ് ഇത് പ്രാബല്യത്തില്‍ വന്നത്.
അതേസമയം താമസ വിസയിലുള്ളവര്‍ ആശ്രിതര്‍ക്കോ സുഹൃത്തുക്കള്‍ക്കോ സന്ദര്‍ശക വിസയെടുക്കുമ്പോഴുള്ള നിരക്കില്‍ മുമ്പുണ്ടായതിനെക്കാള്‍ അടുത്ത കാലത്ത് കുറവ് വരുത്തിയിട്ടുണ്ട്.
ഒരു മാസത്തേക്കുള്ള വിസക്ക് 670ല്‍ നിന്ന് 360 ആയും മൂന്ന് മാസത്തേക്കുള്ള വിസക്ക് 1210ല്‍നിന്ന് 760 ആയുമാണ് കുറവു വരുത്തിയത്. തിരിച്ച് ലഭിക്കുന്ന കരുതല്‍ തുകയായ 1000 ദിര്‍ഹം എന്ന നിയമത്തില്‍ മാറ്റങ്ങള്‍ വന്നിട്ടില്ല.