Connect with us

Gulf

മടവൂര്‍ സിഎം സെന്റര്‍ സില്‍വര്‍ ജൂബിലി ആഘോഷം തുടങ്ങി

Published

|

Last Updated

ദുബൈ: സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മടവൂര്‍ സി എം സെന്റര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതായി മടവൂര്‍ സി എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുര്‍റഹ്മാന്‍ മാഖവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 25 ഇന പദ്ധതികളോടെയാണ് ആഘോഷം. സമൂഹ വിവാഹം, ഭവന നിര്‍മാണം, കുടിവെള്ള പദ്ധതി, ആര്‍ട്‌സ് & സയന്‍സ് കോളജ് ബില്‍ഡിംഗ് ഉദ്ഘാടനം, ജൂബിലി ഓഡിറ്റോറിയം, പാരന്‍സ് ഹാള്‍, സ്പിരിച്വല്‍ ഹോം, എല്‍ പി, യു പി സ്‌കൂള്‍ പുതിയ ബ്ലോക്ക് ഉദ്ഘാടനം, കൃഷിയിലൂടെ സ്വയം പര്യാപ്തത, ഹോളിഡെ മദ്‌റസ, ഖുര്‍ആന്‍ പഠന കേന്ദ്രം തുടങ്ങിയവ വാര്‍ഷികത്തിന്റെ ഭാഗമാണ്. 2015 ഡിസംബര്‍ 25,26,27 തിയ്യതികളില്‍ നടക്കുന്ന സമ്പൂര്‍ണ സമാപന സമ്മേളനത്തോടെയാണ് സില്‍വര്‍ ജൂബിലി ആഘോഷം സമാപിക്കുക.
സമൂഹത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടേറെ പൂര്‍വ വിദ്യാര്‍ഥികള്‍ സി എം സെന്ററില്‍ നിന്ന് പഠിച്ചിറങ്ങിയവരിലുണ്ട്. സ്ഥാപനത്തില്‍ നിന്ന് ഇതിനകം പുറത്തിറങ്ങിയ സ്ഥാപനത്തിന്റെ സന്തതികളായ വിദ്യാര്‍ഥികളില്‍ മത പണ്ഡിതര്‍, ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍, അധ്യാപകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍ തുടങ്ങിയവര്‍ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും സമൂഹ സേവനത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
ഓര്‍ഫനേജ്, അഗതി മന്ദിരം, ആര്‍ട്‌സ് & സയന്‍സ് കോളജ്, ശരീഅത്ത്, ദഅ്‌വ കോളജുകള്‍, എല്‍ പി, യു പി, ഹൈസ്‌കൂളുകള്‍, ഹയര്‍ എജ്യുക്കേഷന്‍ സെന്ററുകള്‍ തുടങ്ങി ഇരുപതോളം സ്ഥാപനങ്ങള്‍ സെന്ററിന്റെ കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.
എല്‍ കെ ജി തലം മുതല്‍ പ്രഫഷണല്‍ തലം വരെ വിദ്യാര്‍ഥികളെ പഠിപ്പിച്ചു സമൂഹത്തിന് സേവനം ചെയ്യുന്ന പ്രതിഭകളാക്കി മാറ്റുകയാണ് സി എം സെന്റര്‍ ചെയ്തു വരുന്നത്. സ്‌നേഹ സമൂഹം നല്‍കുന്ന സഹകരണത്തിലൂടെയാണ് സ്ഥാപനം മുന്നോട്ടു നീങ്ങുന്നതെന്നും ബാഖവി അറിയിച്ചു. സലാം സഖാഫി എരഞ്ഞിമാവ്, സിദ്ദീഖ് മുസ്‌ലിയര്‍, മുസ്തഫ ചേലാമ്പ്ര എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.