Connect with us

Wayanad

ദേശീയപാത 212, 67 പാതകളിലെ രാത്രിയാത്രാ നിരോധം: 30ന് സുപ്രീം കോടതി അന്തിമവാദം കേള്‍ക്കും

Published

|

Last Updated

കല്‍പ്പറ്റ: ദേശീയപാത 212 ലെയും 67 ലെയും രാത്രിയാത്രാ നിരോധം സംബന്ധിച്ച് ഈ മാസം 30 ന് സുപ്രീം കോടതി അന്തിമവാദം കേള്‍ക്കും. കേരളാ സര്‍ക്കാര്‍, ഊട്ടി ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍, നീലഗിരി വയനാട് നാഷണല്‍ ഹൈവേ ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മറ്റി എന്നിവരുടെ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ ഡിവിഷന്‍ ബഞ്ച് വാദം കേള്‍ക്കുക.അധികം താമസിയാതെ തന്നെ അന്തിമ വിധി ഉണ്ടാവുമെന്നാണ് പ്രതീക്ഷ.ഉത്തരവാദിത്തപ്പെട്ടവരുടെ പിടിപ്പുകേടിന്റെയും അനാസ്ഥയുടെയും പ്രതിരൂപമായും കോടതി നടപടികളുടെ ദുരുപയോഗത്തിന്റെ ഉദാഹരണമായും ദേശീയപാതയിലെ രാത്രിയാത്രാ നിരോധം അഞ്ചര വര്‍ഷം പിന്നിട്ടിരിക്കുകയാണ്.
2007 ജൂണ്‍ ഏഴിനാണ് ചാമരാജ്‌നഗര്‍ ജില്ലാ കലക്ടര്‍ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിലൂടെ കടന്നുപോകുന്ന ഭാഗത്ത് ദേശീയപാത 212 ലും 67 ലും രാത്രിഗതാഗതം നിരോധിച്ച് ഉത്തരവിറക്കിയത്. കര്‍ണാടക മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ആ ഉത്തരവ് കലക്ടര്‍ പിന്‍വലിച്ചു. രാത്രിയാത്രാ നിരോധ ഉത്തരവ് കലക്ടര്‍ പിന്‍വലിച്ചതിനെ ചോദ്യം ചെയ്ത് ശ്രീനിവാസ ബാബു എന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ഈ ഹര്‍ജിയിലാണ് ഒരു ഇടക്കാല ഏകപക്ഷീയ ഉത്തരവിലൂടെ 2009 ജൂലൈ 27ന് കര്‍ണ്ണാടക ഹൈക്കോടതി ബന്ദിപ്പൂര്‍ വനത്തില്‍ ഇരു ദേശീയപാതകളിലും രാത്രികാല ഗതാഗതം നിരോധിച്ച് ഉത്തരവിടുന്നത്.
രാത്രിഗതാഗതം മൂലം ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കില്‍ നൂറുകണക്കിന് മൃഗങ്ങള്‍ വാഹനമിടിച്ച് ചാവുന്നു, വാഹനങ്ങളുടെ ശബ്ദവും വെളിച്ചവും റോഡിന്റെ ഇരുഭാഗത്തും രണ്ട് കിലോമീറ്റര്‍ വരെ ഉള്ളിലേക്ക് കടന്നുചെന്ന് മൃഗങ്ങളുടെ സ്വഭാവത്തിന് മാറ്റമുണ്ടാക്കുകയും അതുമൂലം അവ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയും ചെയ്യുന്നു.രാത്രിഗതാഗതം അനുവദിച്ചതിനാല്‍ വനം കൊള്ളക്കാരും, തീവ്രവാദികളും, വേട്ടക്കാരും വനം താവളമാക്കുന്നു മുതലായവയായിരുന്നു ഹര്‍ജിയിലെ പ്രധാന വാദങ്ങള്‍.
വയനാട്ടിലേക്ക് ഹുന്‍സൂര്‍, ഗോണിക്കുപ്പ, കുട്ട വഴി മറ്റൊരു റോഡ് വന്നാല്‍ ഈ പാത വനത്തിലൂടെ കടന്നുപോകുന്നില്ലെന്നും അതിനാല്‍ ബദല്‍പാതയായി കുട്ട-ഗോണിക്കുപ്പ റോഡിനെ അംഗീകരിക്കണമെന്നുമായിരുന്നു മറ്റൊരു വാദം.
ഇടക്കാല ഉത്തരവ് നേടിയശേഷം ശ്രീനിവാസബാബു കേസില്‍ താല്‍പ്പര്യം കാണിച്ചില്ല. ഈ അവസരത്തില്‍ വയനാട് പ്രകൃതി സംരക്ഷണ സമിതി കര്‍ണാടക ഹൈക്കോടതിയില്‍ ബന്ദിപ്പൂരിലെ ദേശീയപാതകളിലെ രാത്രിയാത്ര നിരോധിക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പ്പര്യഹര്‍ജി ഫയല്‍ ചെയ്തു. പ്രശസ്ത അഭിഭാഷക അനുചെങ്കപ്പയെയാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി രാത്രിയാത്ര നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹാജരാക്കിയത്.വയനാട് പ്രകൃതി സംരക്ഷണ സമിതി വനത്തില്‍ മൃഗങ്ങള്‍ വാഹനമിടിച്ച് രക്തത്തില്‍ കുളിച്ചു കിടക്കുന്ന പല ചിത്രങ്ങളും ഹാജരാക്കുകയും പവര്‍ പൊയിന്റ് പ്രസന്റേഷന്‍ നടത്തുകയും ചെയ്തു.
രാത്രിയാത്രാ നിരോധ കേസില്‍ കേരളാ സര്‍ക്കാരും, കേരള-കര്‍ണാടക ട്രാവലേഴ്‌സ് ഫോറവും, വ്യാപാരി വ്യവസായി ഏകോപനസമിതിയും അടക്കമുള്ള പല സംഘടനകളും കക്ഷി ചേര്‍ന്നിരുന്നു. എന്നാല്‍ വയനാട് പ്രകൃതി സംരക്ഷണ സമിതി കര്‍ണാടക ഹൈക്കോടതിയില്‍ നിരത്തിയ വാദങ്ങളെ ഫലപ്രദമായി നേരിടാനോ വസ്തുതകള്‍ പഠിച്ച് കേസ് നടത്താനോ ആരും തയ്യാറായില്ല.2000 മുതല്‍ 2012 വരെയുള്ള 12 വര്‍ഷ കാലയളവില്‍ വെച്ച് 14 മൃഗങ്ങള്‍ മാത്രമേ എന്‍ എച്ച് 212 ല്‍ വാഹനമിടിച്ച് ചത്തിരുന്നുള്ളൂ. വനമില്ലാത്ത ബദല്‍റോഡ് എന്ന് കര്‍ണാടക ഹൈക്കോടതിയില്‍ വയനാട് പ്രകൃതി സംരക്ഷണ സമിതി വാദിച്ച കുട്ട-ഗോണിക്കുപ്പ റോഡ് വാസ്തവത്തില്‍ 18 കിലോമീറ്റര്‍ ദൂരം വയനാട് വന്യജീവി സങ്കേതത്തിലൂടെയാണ് കടന്നുപോകുന്നു, എന്നാല്‍ ബന്ദിപ്പൂരിനേക്കാള്‍ വന്യമൃഗസാന്ദ്രത കൂടുതലാണിവിടെ. ഈ ഭാഗം വെട്ടിമാറ്റിയ റോഡിന്റെ മാപ്പാണ് കര്‍ണാടക ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നത്. വാഹനങ്ങളുടെ ശബ്ദവും വെളിച്ചവും 100 മീറ്റര്‍ പോലും റോഡിന്റെ വശങ്ങളിലേക്ക് എത്തില്ല. എന്നാല്‍ ഈ വസ്തുതകളൊന്നും ഹൈക്കോടതിയെ മനസിലാക്കിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല.
2010 മാര്‍ച്ച് 13ന് കേസില്‍ അന്തിമവിധി വന്നശേഷം കേസില്‍ കക്ഷി ചേര്‍ന്നവരാരും സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തില്ല. പുതുതായി തുറന്നുകിട്ടിയ കുട്ട-ഗോണിക്കുപ്പ ബദല്‍റോഡുമായി ബന്ധപ്പെട്ട കച്ചവടസാധ്യതകളാണ് ഇതിനു പിന്നിലെന്നും ആക്ഷേപമുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തപ്പോള്‍ത്തന്നെ 6-5-2010 ന് കോണ്‍വോയ് അടിസ്ഥാനത്തില്‍ രാത്രിഗതാഗതം പുനസ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കേരളത്തിനും കര്‍ണാടകക്കും നിര്‍ദേശം നല്‍കി. കേസിലെ എതൃകക്ഷികള്‍ക്ക് നോട്ടീസയക്കാനും ഉത്തരവിട്ടു.എന്നാല്‍ നോട്ടീസയക്കാനുള്ള 20 രൂപ കേരള സര്‍ക്കാരിനുവേണ്ടി കോടതിയില്‍ അടക്കാത്തതിനെത്തുടര്‍ന്ന് കേസ് നീണ്ടുപോയി. 20 രൂപ കോടതിയില്‍ അടക്കാതെ കേസ് നീട്ടിയ ആ കാലത്തെ സര്‍ക്കാര്‍ അഭിഭാഷകന്റെ നടപടികളും സംശയാസ്പദമാണ്.
സുപ്രീം കോടതിയില്‍ കേസ് അനന്തമായി നീളുന്ന സാഹചര്യത്തില്‍ കക്ഷി ചേരാനായി നിരവധി സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഊട്ടി ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്റെയും നീലഗിരി-വയനാട് നാഷണല്‍ ഹൈവേ ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മറ്റിയുടേയും ഹര്‍ജികള്‍ മാത്രമേ കോടതി ഫയലില്‍ സ്വീകരിച്ചുള്ളൂ. ഈ ഹര്‍ജികള്‍ ഉള്ളതിനാലാണ് ഇപ്പോഴെങ്കിലും കേസ് സുപ്രീം കോടതിയില്‍ അന്തിമവാദത്തിനായി വരുന്നത്.
സംസ്ഥാന സര്‍ക്കാര്‍ പ്രഗത്ഭ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ സംസ്ഥാനത്തിനുവേണ്ടി വാദിക്കാന്‍ ചുമതലപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടിക്രമങ്ങള്‍ ഒന്നുമായില്ല. ബന്ദിപ്പൂര്‍ വനത്തില്‍ മേല്‍പ്പാലം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും അതു സംബന്ധിച്ച നാറ്റ്പാക്കിന്റെ പഠനവും ഇഴഞ്ഞ് നീങ്ങുകയാണ്. വനത്തിലെ ഗതാഗതത്തിന്റെ ആഘാതം സംബന്ധിച്ച് പഠനം നടത്താന്‍ പീച്ചി വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ഈസയെ ചുമതലപ്പെടുത്തിയെങ്കിലും ആ റിപ്പോര്‍ട്ടും സുപ്രീം കോടതിയില്‍ നല്‍കിയിട്ടില്ല. ഇങ്ങനെ അനാസ്ഥകളുടെ രക്തസാക്ഷിയാകാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് ദേശീയപാത 212.
അന്തിമവാദത്തിനായി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സംസ്ഥാന സര്‍ക്കാരും കേസിലെ കക്ഷികളും സജ്ജരായില്ലെങ്കില്‍ രാത്രികാല ഗതാഗതം എന്നെന്നേക്കുമായി നിലക്കുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്.
രാത്രികാല ഗതാഗത നിരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രസ്താവന യുദ്ധങ്ങളും, ബന്ദും, ഹര്‍ത്താലുകളും നടത്തിയെങ്കിലും ശരിയായ പരിഹാര മാര്‍ഗത്തെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരും ചിന്തിച്ചില്ല എന്നതാണ് വസ്തുത. ഓര്‍ഡിനന്‍സ് ഇറക്കണമെന്നും, സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നുമുള്ള അപ്രായോഗിക ആശയങ്ങളില്‍ കടിച്ചുതൂങ്ങി മുന പോയ സമരങ്ങള്‍ നടത്തി കാലം കഴിച്ചവര്‍ കോടതി വഴിയുള്ള പ്രശ്‌നപരിഹാരത്തിന് ശ്രദ്ധ കൊടുക്കാതിരുന്നതാണ് രാത്രികാല ഗതാഗത നിരോധ പ്രശ്‌നം ഇത്രത്തോളം വഷളാക്കിയത്.
ഇനിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും കര്‍ണാടക ഹൈക്കോടതിക്ക് പറ്റിയ തെറ്റുകളും സ്ഥാപിത താല്‍പ്പര്യക്കാരുടെ കുതന്ത്രങ്ങളും സുപ്രീം കോടതിയില്‍ തുറന്നു കാട്ടുകയാണ് ഏക പോംവഴി.

Latest