Connect with us

Malappuram

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നാളെ

Published

|

Last Updated

മലപ്പുറം: ശമ്പള പരിഷ്‌കരണവും ഇടക്കാലാശ്വാസവും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ജീവനക്കാരും അധ്യാപകരും നാളെ പണിമുടക്കും. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ്, അധ്യാപക സര്‍വീസ് സംഘടന സമര സമിതി, ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആന്റ് ടീച്ചേഴ്‌സ് എന്നീ സഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ജൂലായ് ഒന്ന് മുതല്‍ ലഭിക്കേണ്ട ശമ്പള പരിഷ്‌കരണം, അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നതിനാണ് ജീവനക്കാരും അധ്യാപകരും പണിമുടക്കിലേക്ക് പോകുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി വാഹനജാഥകളും സെക്രട്ടറിയേറ്റ് മാര്‍ച്ചുമടക്കമുള്ള ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും ഫലമറിയാതെ വന്നപ്പോഴാണ് പണിമുടക്കിന് നിര്‍ബന്ധിതമായത്. മുന്‍ ശമ്പള പരിഷ്‌കരണ കമ്മീഷനുകള്‍ 10 മാസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ കമ്മീഷന്റെ പ്രവര്‍ത്തനം 14 മാസം പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല. രണ്ട് തവണ കാലാവധി നീട്ടിക്കൊടുത്ത സര്‍ക്കാരും മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്ന കമ്മീഷനും ഒത്തു കളിക്കുകയാണ്. ശമ്പള പരിഷ്‌കരണം അനിശ്ചിതമായി നീണ്ടു പോകുന്ന സാഹചര്യത്തില്‍ മുന്‍കാലങ്ങളിലെ പോലെ ഇടക്കാലാശ്വാസം പ്രഖ്യാപിക്കണമെന്ന ആവശ്യത്തോടും സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. അനാദായകരമെന്ന പേരില്‍ പൊതുവിദ്യാലയങ്ങള്‍ അടച്ചു പൂട്ടാനും 35000 തസ്തികകള്‍ വെട്ടിക്കുറക്കാനുമുള്ള യു ഡി എഫ് സര്‍ക്കാറിന്റെ തീരുമാനം സേവന മേഖലയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ജീവനക്കാരുടെ പെന്‍ഷനടക്കം നിര്‍ത്തലാക്കി പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഭാരവാഹികള്‍ പറഞ്ഞു.

Latest