Connect with us

Malappuram

ഭവനനിര്‍മാണ അഴിമതി : ബി ഡി ഒ, വി ഇ ഒ എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

കൊണ്ടോട്ടി: കുഴിമണ്ണ പഞ്ചായത്തില്‍ ഭവന നിര്‍മാണം ഉള്‍പ്പടെ വിവിധ വികസന പ്രവൃത്തികളില്‍ നടന്ന അഴിമതിയെ തുടര്‍ന്ന് അരീക്കോട് ബി ഡി ഒ ജോസ് കുഴിമണ്ണ മുന്‍ വി ഇ ഒ മിനിമോള്‍ എന്നിവരെ നഗര വികസന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.
വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഴിമതി. ഇതേ കേസില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ദിനേശ് ലാല്‍ യു ഡി ക്ലര്‍ക്ക് രമ്യ എന്നിവരെ നാല് ദിവസം മുമ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുഴിമണ്ണ പഞ്ചായത്തില്‍ ഇന്ദിര ആവാസ് യോജന ഭവന നിര്‍മാണം, ഭവന പുനരുദ്ധാരണം, കിണര്‍ നിര്‍മാണം, വനിതാ ഡ്രൈവിംഗ് പരിശീലനം തുടങ്ങി വിവിധ പദ്ധതികള്‍ അനുവദിച്ചതില്‍ മൂന്നര കോടിയുടെ അഴിമതി നടന്നതായി പഴേരി മൂസ, എം കെ രായിന്‍ കുട്ടി, അബൂബക്കര്‍ സിദ്ദീഖ് വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു.
പരാതിയില്‍ നടന്ന അന്വേഷണത്തില്‍ ക്രമക്കേടുകള്‍കണ്ടെത്തുകയും ചെയ്തിരുന്നു. അഴിമതി ആരോപണത്തെ തുടര്‍ന്ന് പ്രസിഡന്റ് ഷൈലാ ഗഫൂര്‍, വൈസ് പ്രസിഡന്റ് പി അലവി സ്ഥാനം രാജി വെച്ചിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരെ മാത്രം സസ്‌പെന്‍ഡ് ചെയ്തു അഴിമതിക്കാരായ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെ സരക്ഷിക്കുകയാണ് ലക്ഷ്യമെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് സി പി എം അംഗങ്ങളായ വളപ്പന്‍ ബാവ, വിഭു പറഞ്ഞു. മുന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബി ഡി ഒ, മുന്‍ വി ഇ ഒ മിനിമോള്‍ ഭരണ സമിതിയിലെ ലീഗ് അംഗങ്ങള്‍ ഉള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെയും നടപടി സ്വീകരിക്കും വരെയും ശക്തമായ സമര പരിപാടുകളുമായി ഇടതു പക്ഷം മുന്നോട്ടു പോകുമെന്നും അവര്‍ പറഞ്ഞു. അഴിമതിക്കാര പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ കിഴിശ്ശേരിയില്‍ സി പി എമ്മിന്റെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുയോഗവും നടന്നു.

Latest