Connect with us

Malappuram

ഒളവട്ടൂര്‍ പഞ്ചായത്ത് രൂപവത്കരണം ജനകീയ പ്രക്ഷോഭത്തിന് നീക്കം

Published

|

Last Updated

എടവണ്ണപ്പാറ: പുളിക്കല്‍ പഞ്ചായത്ത് വിഭജിച്ച് പുതുതായി ഒളവട്ടൂര്‍ പഞ്ചായത്ത് രൂപവത്കരിക്കണമെന്നാവശ്യവുമായി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ശക്തിപെടുത്താന്‍ നീക്കം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലും പിന്നോക്കം നില്‍ക്കുന്ന സ്ഥലങ്ങളില്‍ ഉള്‍പെട്ടതാണ് ഒളവട്ടൂര്‍.
ഒളവട്ടൂര്‍ ഭാഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ പുതുതായി പഞ്ചായത്ത് രൂപവത്കരിക്കണമന്നാവശ്യങ്ങള്‍ക്ക് ഏറെ പഴക്കമുണ്ട്. പുളിക്കല്‍ പഞ്ചായത്ത് ബോര്‍ഡ് കഴിഞ്ഞ വര്‍ഷം നവംബര്‍ 22ന് പുളിക്കല്‍ പഞ്ചായത്ത് വിഭജിച്ച് ഒളവട്ടൂര്‍ പഞ്ചായത്ത് രൂപവത്കരിക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. കൊണ്ടോട്ടി നിയോജക മണ്ഡലം എം എല്‍ എ മുഹമ്മദുണ്ണി ഹാജിക്കും തദ്ദേശ സ്വയം ഭരണ വകുപ്പിനും ഇതു സംബന്ധമായി നിവേദനം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലമായി ഡെപ്യൂട്ടി ഡയക്ടര്‍ ഓഫ് പഞ്ചായത്ത് ഗവണ്‍മെന്റിനോട് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഒളവട്ടൂര്‍ പഞ്ചായത്ത് രൂപവത്കരിക്കണമെന്നാവശ്യം ഗവണ്‍മെന്റ് അംഗീകരിച്ചിരുന്നില്ല.
ഇതിനെ തുടര്‍ന്നാണ് ജനകീയ സമരങ്ങള്‍ക്ക് ശക്തിപകരാന്‍ തീരുമാനിച്ചത്. അന്തിയൂര്‍ കുന്ന് അംശം നിലവിലുള്ള പുളിക്കല്‍ പഞ്ചായത്തായി നിലനിര്‍ത്താനും ഒളവട്ടൂര്‍ അംശം ഒളവട്ടൂര്‍ പഞ്ചായത്തായി രൂപവത്കരിക്കണമെന്നുമാണ് ആവശ്യം. പുതുതായി രൂപവത്കരിക്കണമെന്നാവശ്യപെടുന്ന ഒളവട്ടൂര്‍ ഭാഗത്തെ ജനസംഖ്യ 19000 ആണ്. ഇവിടെ 13000 വോട്ടര്‍മാര്‍ തന്നെയുണ്ട്. ആയിരം വോട്ടര്‍മാര്‍ക്ക് ഒരു വാര്‍ഡ് എന്ന നിലക്കാണെങ്കില്‍ ഒളവട്ടുര്‍ പഞ്ചായത്തില്‍ 13 വാര്‍ഡുകള്‍ ഉണ്ടാകും. ഒളവട്ടൂര്‍ അംശത്തില്‍ 13.5 ചതുരശ്ര കിലോമീറ്റര്‍ ഭൂവിസ്തൃതിയുണ്ട്. ഒളവട്ടൂര്‍ ഭാഗത്ത് നിലവില്‍ രണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുണ്ട്. ജി എച്ച് എസ് തടത്തില്‍ പറമ്പും എച്ച് ഐ ഒ എച്ച് ഒളവട്ടൂരുമാണ്.
യു പി സ്‌കൂള്‍, ആറ് എല്‍ പി സ്‌കൂള്‍, ഒരു അറബി കോളജ്, ടി ടി ഐ, അനാഥാലയം,14 അങ്കണ്‍വാടികള്‍, ആയുര്‍വേദാശുപത്രി, ഹോമിയോ ഡിസ്‌പെന്‍സറി പുതിതായി രൂപവത്കരിക്കണമെന്നാവശ്യപെടുന്ന ഒളവട്ടൂര്‍ ഭാഗത്തുണ്ട്. ഈ ഭാഗത്തെ ജനങ്ങളുടെ സമത്വവും സത്വരവുമായ വികസനത്തിന് ഒളവട്ടൂര്‍ പഞ്ചായത്ത് രൂപവത്കരിക്കണമെന്നാണ് ജനങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപെടുന്നത്.

Latest