Connect with us

Kozhikode

ബാര്‍ അനുവദിച്ചതിന് പിന്നില്‍ എംപിയുടെ പങ്ക് അന്വേഷിക്കണമെന്ന്

Published

|

Last Updated

മുക്കം: മുക്കത്തെ സ്വകാര്യ ഹോട്ടലിന് ബാര്‍ അനുവദിച്ചതിന് പിന്നില്‍ എം ഐ ഷാനവാസ് എം പിയുടെ കൈകളുണ്ടോയെന്ന് കെ പി സി സി സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിഅംഗം കെ പി സി സി പ്രസിഡന്റ് വി എം സുധീരന് പരാതി നല്‍കാനൊരുങ്ങുന്നു. എം പിയുടെ സ്വന്തക്കാരനായ ഗ്രാമപഞ്ചായത്തംഗവും മറ്റു രണ്ടംഗങ്ങളുമാണ് ബാറിനനുകൂലമായി ഗ്രാമപഞ്ചായത്ത് യോഗത്തില്‍ കൈപൊക്കിയത്. ഈ അംഗങ്ങള്‍ ബാറിനനുകൂലമായ നിലപാട് സ്വീകരിച്ചതിനെതിരെ 18 ാം തീയതി നടന്ന ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഇവരെ പുറത്താക്കണമെന്ന പ്രമേയം കൊണ്ടുവന്നിരുന്നു. കെ പി സി സി സസ്‌പെന്‍ഡ് ചെയ്തതിന് ശേഷവും പഞ്ചായത്ത് ബോര്‍ഡ് യോഗ ശേഷവും ഈ അംഗങ്ങളെ എം പിയുടെ വീട്ടില്‍ കണ്ടതായി പ്രമേയത്തില്‍ പറയുന്നു. മുക്കത്തെ സ്വകാര്യ ഹോട്ടലിനെ സഹായിക്കാനാണ് എം പിയുടെ ശ്രമപ്രകാരം ബീവറേജസ് ഔട്ട് ലൈറ്റ് പൂട്ടിച്ചതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എം പിയെ പിന്തുണക്കുന്ന ഏതാനും യൂത്ത് കോണ്‍ഗ്രസുകാരും ഐ എന്‍ ടി യു സി പ്രവര്‍ത്തകരും മുക്കം മണ്ഡലം പ്രസിഡന്റിനെതിരെ ദുഷ്പ്രചാരണം നടത്തുകയാണെന്നും ബ്ലോക്ക് കമ്മിറ്റിയംഗം സലാം കാരമൂല പരാതിയില്‍ പറയുന്നു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബശീര്‍ പുതിയോട്ടിലിനെതിരെ തിടുക്കത്തില്‍ എടുത്ത നടപടി എം പിയുടെ പകപോക്കലാണ്. തന്നോട് വിശദീകണം ആരും ചോദിച്ചില്ലെന്നും പുറത്താക്കിയ ബശീര്‍ പുതിയോട്ടില്‍ പറഞ്ഞു. ബശീര്‍ പുതിയോട്ടലിനെ പുറത്താക്കിയതിനെത്തുടര്‍ന്ന് എഗ്രൂപ്പ് നേതാക്കള്‍ ഇന്നലെ മുക്കത്ത് യോഗം ചേര്‍ന്നിട്ടുണ്ട്. എം ഐ ഷാനവാസ് എം പിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതികാര നടപടികളെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് വേണ്ടി നടന്ന യോഗത്തില്‍ ഡി സി സി അംഗങ്ങളും ബ്ലോക്ക് പ്രസിഡന്റ,് നാല് മണ്ഡലം പ്രസിഡന്റുമാര്‍, പ്രധാന കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുത്തു.

Latest