Connect with us

Kollam

അറിവിന്റെ പ്രപഞ്ചം തീര്‍ത്തൊരു പ്രവാചക സ്‌നേഹ സദസ്

Published

|

Last Updated

കൊല്ലം: എത്ര പറഞ്ഞാലും പ്രകീര്‍ത്തിച്ചാലും തീരാത്ത തിരുനബി(സ)യുടെ മഹത്വവും സന്ദേശവും കേള്‍ക്കാന്‍ വിശ്വസികള്‍ക്ക് എന്നും ആവേശമാണ്. തിരുനബി (സ)യുടെ ജന്മദിനമാസത്തില്‍ വിശ്വാസികള്‍ അറിഞ്ഞതിനുമപ്പുറം പ്രവാചകരെ അറിയാനുണ്ടെന്ന അറിവും തിരിച്ചറിവും പകര്‍ന്ന് നല്‍കി വ്യത്യസ്തമാകുയാണ് കൊല്ലത്തെ ഒരു പ്രവാചക പ്രകീര്‍ത്തന സദസ്സ്. പ്രവാചകര്‍ മുഹമ്മദ് നബി (സ)യുടെ ചരിത്രത്തെക്കുറിച്ച് മാത്രം കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കൊല്ലം പള്ളിമുക്കില്‍ നടന്ന് വരുന്ന വാര്‍ഷിക പ്രഭാഷണ പരമ്പരയാണ് വിശ്വാസികള്‍ക്ക് വേറിട്ടൊരു അനുഭവമാകുന്നത്. ബാല്യം, കൗമാരം, യൗവ്വനം തുടങ്ങി പ്രവാചകരുടെ ജീവിതത്തിന്റെ സമസ്തമേഖലകളെയും പ്രതിപാദിച്ച് കൊണ്ട് “തിരുനബിയുടെ സ്‌നേഹ പ്രപഞ്ചം” എന്ന പേരില്‍ സംഘടിപ്പിക്കുന്ന സപ്തദിന പ്രഭാഷണ പരമ്പരയാണ് വിശ്വാസി മനസുകളില്‍ അറിവിന്റെ വസന്തകാലം തീര്‍ക്കുന്നത്. തുടര്‍ച്ചയായി പ്രവാചക ചരിത്രം മാത്രം വിഷയീഭവിക്കുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായൊരു പ്രഭാഷണവേദിയില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായിട്ട് പ്രഭാഷകനും ഒരാള്‍ തന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത. കേവലം വൈകാരികത നിറഞ്ഞ വാക്കുകള്‍ക്കുമപ്പുറം അറിവുകൊണ്ട് ആത്മീയതയിലേക്ക് വിശ്വസികളെ ആകര്‍ഷിക്കുന്ന യുവപണ്ഡിതനും എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷനുമായ ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമിയാണ് തിരുനബി(സ)യെ പ്രകീര്‍ത്തിച്ചും പ്രകീര്‍ത്തിക്കാന്‍ പ്രേരണ നല്‍കിയും വിജ്ഞാനത്തിന്റെ പുത്തന്‍ വാതായനങ്ങള്‍ വിശ്വാസികള്‍ക്ക് തുറന്ന് നല്‍കുന്നത്. തിരുനബി(സ) യുടെ വ്യക്തി വിശിഷ്ടതയും അസാധാരണത്വവും വിശ്വാസികളെ ബോധ്യപ്പെടുത്തുന്നതിനൊപ്പം സമകാലിക സംഭവങ്ങളിലെ പ്രവാചക നിലപാടുകളിലേക്കും പ്രഭാഷകന്റെ വാക്‌ദോരണികള്‍ കടന്നെത്തുമെന്നതും ഇവിടേക്ക് ആയിരങ്ങളെ ശ്രോദ്ധാക്കളായി ആകര്‍ശിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ മഹല്ലായ കൊല്ലൂര്‍വിള മുസ്‌ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ വേദിയില്‍ 2007ല്‍ എസ് എസ് എഫ് പ്രദേശിക ഘടകം ആരംഭിച്ച പ്രഭാഷണ പരിപാടിക്ക് ഇന്ന് ഓണ്‍ലൈന്‍ വഴി വിവിധ രാജ്യങ്ങളിലടക്കം പതിനായിരക്കണക്കിന് ശ്രോദ്ധാക്കളുണ്ട്. പ്രമുഖ ബ്രിട്ടീഷ് കവിയായ അബ്ദുല്‍ വദൂദ് പോള്‍ സതര്‍ലാന്‍ഡാണ് ഈ വര്‍ഷം സ്‌നേഹ പ്രപഞ്ചം ഉദ്ഘാടനം ചെയ്തത്. മുന്‍വര്‍ഷങ്ങളില്‍ അമേരിക്ക, യു കെ, സിറിയ, സഊദി അറേബ്യ, കാനഡ തുടങ്ങി രാഷ്ട്രങ്ങളിലെ പൗര പ്രമുഖരും പണ്ഡിതരും സ്‌നേഹപ്രപഞ്ചം പരിപാടിയില്‍ സംബന്ധിക്കാനായി കേരളത്തിലെത്തിയിട്ടുണ്ട്. സമസ്തയുടെ പ്രസിഡന്റായിരുന്ന സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി തുടങ്ങി കേരളത്തിലെ പ്രമുഖ മുസ്‌ലിം നേതാക്കളും ഇവിടുത്തെ പരിപാടിയില്‍ വിവിധ വര്‍ഷങ്ങളില്‍ വിശിഷ്ടാഥിതികളായി സംബന്ധിച്ചിട്ടുണ്ട്. മാനവീകതയുടെ പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്മദിന മാസത്തില്‍ സപ്തദിന പ്രഭാഷണത്തിന് പുറമെ കാന്‍സര്‍രോഗികള്‍ക്ക് ചികിത്സാ സഹായം, ഭക്ഷണവിതരണം, സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഘാടകരായ എസ് എസ് എഫ് പ്രവര്‍ത്തകര്‍ നടത്തി വരുന്നുണ്ട്. ഈവര്‍ഷത്തെ പ്രഭാഷണ പരമ്പര ഇന്ന് സമാപിക്കുമ്പോള്‍ അറിവിന്റെ നറുമണം വീശി “വസന്തത്തിന്റെ ആദ്യ മാസം” ആയ മറ്റൊരു റബീഉല്‍ അവ്വല്‍ കടന്ന് വരുമ്പോള്‍ വിജ്ഞാനത്തിന്റെ നവ്യാനൂഭൂതി നുകരാന്‍ താനുണ്ടാകണമേയെന്ന് നാഥനോട് കരളുരുകി പ്രാര്‍ഥിച്ചാകും ഓരോ പ്രവാചക പ്രേമിയും സ്‌നേഹപ്രപഞ്ച വേദിയില്‍നിന്നും യാത്രയാകുന്നത്.

 

---- facebook comment plugin here -----

Latest