Connect with us

Kerala

പിള്ളയെ തള്ളാന്‍ സമ്മര്‍ദം

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴയുമായി ബന്ധപ്പെട്ട് ബിജു രമേശുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ്- ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ളയെ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് മാണി വിഭാഗം രംഗത്തെത്തി. ഇതോടെ യു ഡി എഫ് കൂടുതല്‍ പ്രതിസന്ധിലായി.

ബാലകൃഷ്ണ പിള്ള മാണിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ഇതിനാല്‍ യു ഡി എഫില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കെ എം മാണി യു ഡി എഫ് നേതൃത്വത്തെ സമീപിച്ചു. ഇക്കാര്യം സ്ഥിരീകരിച്ച മുന്നണി കണ്‍വീനര്‍ പി പി തങ്കച്ചന്‍, പിള്ളയെ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്നത് കേരളാ കോണ്‍ഗ്രസിന്റെ മാത്രം അഭിപ്രായമാണെന്നും യു ഡി എഫിന്റെ തീരുമാനം ഈ മാസം 28ന് ചേരുന്ന മുന്നണി യോഗമാണ് സ്വീകരിക്കേണ്ടതെന്നും വ്യക്തമാക്കി.
ബിജു രമേശുമായുള്ള ഫോണ്‍ സംഭാഷണം ബാലകൃഷ്ണ പിള്ള സ്ഥിരീകരിച്ചതോടെ ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പിള്ളയുടെ പങ്ക് വ്യക്തമാണെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിച്ചു. അടുത്ത യു ഡി എഫ് യോഗത്തില്‍ പിള്ളയെ പങ്കെടുപ്പിച്ചാല്‍ വിട്ടുനില്‍ക്കാനാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനം. ഇതോടെ യു ഡി എഫ് യോഗത്തില്‍ പിള്ളയെ ക്ഷണിക്കുന്നത് സംബന്ധിച്ച് മുന്നണിയില്‍ ആശയക്കുഴപ്പം ഉടലെടുത്തിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കെ ബി ഗണേഷ്‌കുമാറിന്റെ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാലകൃഷ്ണ പിള്ളയെയും ഗണേഷ്‌കുമാറിനെയും മുന്നണിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിന് മുസ്‌ലീം ലീഗും പിന്തുണ നല്‍കിയേക്കും.
കലുഷിതമായ സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാലക്കാട്ടെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച യു ഡി എഫ് ഉപസമിതിയുടെ ഇന്ന് നടക്കാനിരുന്ന യോഗം മാറ്റിവെച്ചു. പിള്ള അധ്യക്ഷനായ സമിതി യോഗം ചേരുന്നതിനോട് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണിത്. അതേസമയം, നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി പി പി തങ്കച്ചന്‍ ചര്‍ച്ച നടത്തി. എന്നാല്‍, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഇക്കാര്യത്തില്‍ മൗനംപാലിക്കുകയാണ്.
യു ഡി എഫില്‍ നിന്ന് പുറത്താക്കുമെന്ന പേടി തനിക്കില്ലെന്നായിരുന്നുവെന്നാണ് ആര്‍ ബാലകൃഷ്ണ പിള്ളയുടെ പ്രതികരണം. യു ഡി എഫിലെ പിള്ളയേക്കാള്‍ ശക്തനായിരിക്കും മുന്നണിക്ക് പുറത്തുള്ള പിള്ളയെന്ന് താന്‍ കാണിച്ചു കൊടുക്കും. തന്റെ മാര്‍ഗം കണ്ടത്താന്‍ തനിക്കറിയാം. എന്ത് വേണമെങ്കിലും യു ഡി എഫ് ചെയ്യട്ടെയെന്നും പിള്ള വെല്ലുവിളിച്ചു.
ബാര്‍കോഴയെക്കുറിച്ചു ബിജു രമേശുമായി നടത്തിയ സംഭാഷണം പുറത്തുവന്ന സാഹചര്യത്തില്‍ കേസില്‍ പിള്ളയുടെ മൊഴി വിജിലന്‍സ് ഉടന്‍ രേഖപ്പെടുത്തിയേക്കും. ബാര്‍കോഴ ഇടപാടിനെക്കുറിച്ചു തനിക്ക് അറിയാമായിരുന്നുവെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നുമാണ് പിള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തിയത്.
കോഴ നല്‍കാന്‍ ബാറുകാര്‍ പതിനഞ്ച് കോടി പിരിച്ചതായി മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നുവെന്നും പിള്ളയുടെ സംഭാഷണത്തിലുണ്ട്.
കോഴപ്പണം കൈമാറിയതിന് പ്രധാന സാക്ഷികളെന്ന് ബിജു രമേശ് പറയുന്നവര്‍ ഇക്കാര്യം സമ്മതിക്കാതിരിക്കുകയും കോഴക്ക് മറ്റ് ശക്തമായ തെളിവുകള്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പിള്ളയുടെ മൊഴി നിര്‍ണായകമാകുമെന്നാണ് വിജിലന്‍സിന്റെയും വിലയിരുത്തല്‍. ചില കേസുകളില്‍ കേട്ടുകേള്‍വി പോലും അപൂര്‍വമായി നിര്‍ണായക തെളിവാകാറുണ്ടെന്നിരിക്കെ, കോഴ ഇടപാടിനെക്കുറിച്ച് കൊട്ടാരക്കരയില ബാറുടമകള്‍ പറഞ്ഞുവെന്ന ബാലകൃഷ്ണ പിള്ളയുടെ പരാമര്‍ശം അന്വേഷണ വിധേയമാകും. ബിജു രമേശ് വിജിലന്‍സിന് കൈമാറുന്ന രേഖയില്‍ പിള്ളയുമായുള്ള സംഭാഷണത്തിന്റെ പൂര്‍ണ രൂപവും ഉള്‍പ്പെടുന്നുണ്ട്.
അതേസമയം. കോഴ നല്‍കിയവര്‍ നിലപാട് മാറ്റിയതിന് പിന്നില്‍ സമ്മര്‍ദമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ വിജിലന്‍സിന് ഉടന്‍ നല്‍കുമെന്ന് ബിജു രമേശ് ആവര്‍ത്തിച്ചു. തെളിവുകള്‍ നല്‍കാന്‍ ഇന്ന് ഉച്ചക്ക് രണ്ട് മണി വരെ ബിജു രമേശിന് വിജിലന്‍സ് സമയം നല്‍കിയിട്ടുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest