Connect with us

National

പാര്‍ലിമെന്റ് ബജറ്റ് സമ്മേളനം ഫെബ്രുവരി 23 മുതല്‍ ആരംഭിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23 മുതല്‍ ആരംഭിച്ചേക്കും. സമ്മേളനത്തിന്റെ തീയതി നിശ്ചയിക്കാന്‍ പാര്‍ലിമെന്ററികാര്യ മന്ത്രിസഭാ സമിതി ഇന്ന് യോഗം ചേരും.
പാര്‍ലിമെന്ററികാര്യ മന്ത്രിസഭാ സമിതിയുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ടെന്നും ബജറ്റ് സമ്മേളനത്തിന്റെ സമയക്രമം ചര്‍ച്ച ചെയ്യുമെന്നും പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. എല്ലാ പാര്‍ലിമെന്റ് അംഗങ്ങള്‍ക്കും ചോദ്യമുന്നയിക്കാന്‍ ചുരുങ്ങിയത് 15 ദിവസത്തെ നോട്ടീസ് നല്‍കേണ്ടതുണ്ട്. മോദി സര്‍ക്കാറിന്റെ പ്രഥമ സമ്പൂര്‍ണ വാര്‍ഷിക ബജറ്റ് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. സാമ്പത്തിക പരിഷ്‌കരണവും വ്യവസായ സൗഹൃദവും ആയിരിക്കുമോ ബജറ്റെന്നത്, വ്യവസായ ലോകത്തിന് പുറമെ വിദേശരാഷ്ട്രങ്ങളും ഉറ്റുനോക്കുന്നുണ്ട്. രണ്ടാം തലമുറ പരിഷ്‌കരണങ്ങളുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി സൂചന നല്‍കിയതിനാല്‍ വലിയ പ്രതീക്ഷയാണ് വ്യവസായികള്‍ക്കുള്ളത്.
സമ്മേളനത്തിന്റെ രൂപരേഖയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിമാരെയും സെക്രട്ടറിമാരെയും നായിഡു കണ്ടിട്ടുണ്ട്. ഇപ്പോഴുള്ള ഓര്‍ഡിനന്‍സുകള്‍ക്ക് പകരം വിവിധ വിഷയങ്ങളില്‍ ബില്ലുകള്‍ കൊണ്ടുവരുന്നതിലുള്ള നടപടിക്രമങ്ങള്‍ ഒമ്പത് മന്ത്രിമാരോടും സെക്രട്ടറിമാരോടും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്‍ഷ്വറന്‍സ് ബില്‍, കല്‍ക്കരി ബില്‍, മൈന്‍സ് ആന്‍ഡ് മിനറല്‍സ് ബില്‍, ഭൂമിയേറ്റെടുക്കല്‍ ബില്‍, പൗരത്വ ഭേദഗതി ബില്‍ എന്നിവയാണ് അവതരിപ്പിക്കുക. പരോക്ഷ നികുതി, ചരക്ക്- സേവന നികുതി, തൊഴില്‍ പരിഷ്‌കരണം, സബ്‌സിഡികള്‍, നിക്ഷേപ ചാക്രികതയുടെ ആരംഭം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് നായിഡു അറിയിച്ചു.
കേന്ദ്രമന്ത്രിമാരുടെയും ബി ജെ പി നേതാക്കളുടെയും എം പിമാരുടെയും വിവാദ പരാമര്‍ശത്തെയും ഹിന്ദുത്വ സംഘടനകളുടെ നിര്‍ബന്ധിത മതംമാറ്റ മേളകളെയും തുടര്‍ന്ന് ശൈത്യകാല സമ്മേളനം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങുകയായിരുന്നു. അന്ന് ഈ ബില്ലുകള്‍ അവതരിപ്പിക്കാനായില്ല. സമ്മേളനം അവസാനിച്ചതിന് ശേഷം ഓര്‍ഡിനന്‍സുകള്‍ ഇറക്കുകയായിരുന്നു. ഓര്‍ഡിനന്‍സ് രാജിനെതിരെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി കഴിഞ്ഞ ദിവസവും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ ബജറ്റ് സമ്മേളനത്തില്‍ ഇവ പാസ്സാക്കേണ്ടത് മോദി സര്‍ക്കാറിന്റെ അഭിമാനപ്രശ്‌നവും കൂടിയായിട്ടുണ്ട്.