Connect with us

National

ഡല്‍ഹി ബി ജെ പിയില്‍ പൊട്ടിത്തെറി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബി ജെ പി സംസ്ഥാന ഘടകത്തില്‍ പൊട്ടിത്തെറി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിലും പുതുതായി പാര്‍ട്ടി അംഗത്വമെടുത്ത മുന്‍ ഐ പി എസ് ഓഫീസറായ കിരണ്‍ ബേദിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിലും പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ബി ജെ പി സംസ്ഥാന ഘടകം ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായക്ക് സീറ്റ് നല്‍കാതെ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം മാര്‍ച്ച് നടത്തിയത്.
ഏതെങ്കിലും ഒരു മണ്ഡലത്തില്‍ സതീഷ് ഉപാധ്യായക്കും സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പന്ത് മാര്‍ഗിലെ പാര്‍ട്ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന തീരുമാനം തന്റേതാണെന്നും പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സതീഷ് ഉപാധ്യായ ആവശ്യപ്പെട്ടെങ്കിലും അനുയായികള്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. പോലീസ് എത്തിയാണ് പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് അണികളെ ബലംപ്രയോഗിച്ച് മാറ്റിയത്. സതീഷ് ഉപാധ്യായ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പ്രചാരണത്തിന്റെ ചുമതല വഹിക്കുമെന്നും തിങ്കളാഴ്ചയാണ് നേതൃത്വം വ്യക്തമാക്കിയത്.
സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് വിവിധ നേതാക്കളുടെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബി ജെ പി നേതാവ് ധീര്‍ സിംഗ് ബിധുരി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ടു. ധീര്‍ സിംഗിന് പുറമെ ഒക്‌ലയില്‍ നിന്നുള്ള നാല് ബ്ലോക്ക് പ്രസിഡന്റുമാരും പാര്‍ട്ടി വിട്ടു. പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുകയാണെന്ന് ധിര്‍ സിംഗ് പറഞ്ഞു. മറ്റ് പല നേതാക്കളും രാജിഭീഷണി മുഴക്കിയിട്ടുണ്ട്. ഡല്‍ഹി ഘടകം വൈസ് പ്രസിഡന്റ് ശിഖ റായിക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചും അനുയായികള്‍ രംഗത്തെത്തി. സീറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ ബി ജെ പി സംസ്ഥാന നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്ന് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബി ജെ പി. എം പി മഹേഷ് ഗിരി പറയുന്നു.
ഈ മാസം പതിനഞ്ചിന് ബി ജെ പിയിലെത്തിയ കിരണ്‍ ബേദിയെ തിങ്കളാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നുവെന്ന് ബി ജെ പി നേതൃത്വം അറിയിച്ചത്. കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്നായിരിക്കും ഇവര്‍ ജനവിധി തേടുക. കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍ കഴിഞ്ഞ തവണ ജനവിധി തേടിയ മണ്ഡലമാണിത്. കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് എടുത്തതെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയത്.

Latest