Connect with us

International

ആസ്‌ത്രേലിയയില്‍ പോലീസുകാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

കാന്‍ബറെ: ആസ്‌ത്രേലിയയില്‍ പോലീസുകാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും അടുത്തിടെയുണ്ടായ ചില സംഭവങ്ങളെ തുടര്‍ന്ന് പോലീസിനെതിരെ ആക്രമണ സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഫ്രാന്‍സ്, കാനഡ, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ അടുത്തിടെയുണ്ടായ ചില സംഭവവികാസങ്ങള്‍ പോലീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ കാഠിന്യം വര്‍ധിപ്പിക്കുന്നതാണെന്ന് ആസ്‌ത്രേലിയന്‍ ഫെഡറല്‍ പോലീസ് പറഞ്ഞു. പോലീസുദ്യോഗസ്ഥര്‍ ജോലി കഴിഞ്ഞ് പോകുമ്പോഴോ മറ്റോ വാഹനങ്ങളുടെ ചില്ലുകളിലൂടെ അവരുടെ യൂനിഫോം കാണുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തോക്കുധാരിയായ വ്യക്തി നടത്തിയ ആക്രമണത്തില്‍ ഈ മാസം തുടക്കത്തില്‍ ആസ്‌ത്രേലിയയില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ മറ്റു രണ്ട് പോലീസുദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ കാനഡയിലും സമാനമായ ഒറ്റയാള്‍ ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. സംഭവത്തില്‍ ഒരു സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഇതിന് രണ്ട് ദിവസം മുമ്പും മറ്റൊരു ആക്രമണം കാനഡയില്‍ നടന്നിരുന്നു.

Latest