Connect with us

Business

ടൂറിസം പ്രചാരണത്തിനായി 'വിസിറ്റ് കേരള 2015' പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം പ്രചാരണത്തിനായി “വിസിറ്റ് കേരള 2015” പരിപാടിയുമായി കേരള ടൂറിസം. സംസ്ഥാനം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ “വിസിറ്റ് കേരളയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ടൂറിസം മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി നിക്ഷേപംസംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ആയുര്‍വേദം, സ്‌പൈസ് റൂട്ട്, മീറ്റിംഗുകള്‍, ഇന്‍സെന്റീവുകള്‍, സമ്മേളനങ്ങള്‍, എക്‌സിബിഷനുകള്‍ (മൈസ് ടൂറിസം), വിവാഹം, സാംസ്‌കാരിക മേളകള്‍, സാഹസിക വിനോദസഞ്ചാരം, സൈക്ലിംഗ് തുടങ്ങി കേരള ടൂറിസത്തിന്റെ ഉത്പന്നങ്ങളുടെ പ്രചാരണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ജനുവരിയിലെ നിശാഗന്ധി ഫെസ്റ്റിവല്‍, ഫെബ്രുവരിയിലെ ദേശീയ ഗെയിംസ്, മാര്‍ച്ച് അവസാനം വരെ നീളുന്ന രണ്ടാമത് കൊച്ചി-മുസിരിസ് ബിനാലെ, ഏപ്രില്‍ മാസത്തില്‍ തൃശൂര്‍ പൂരം, ആഗസ്റ്റില്‍ നെഹ്‌റു ട്രോഫി വള്ളംകളി, ഡിസംബറില്‍ രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ ഇവയില്‍ ചിലതാണ്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെ പരമ്പരാഗത വിപണികളില്‍ നിന്ന് ട്രേഡ് ഫെയറുകളും റോഡ് ഷോകളുമുള്‍പ്പെടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ട്രേഡ് ഫെയറുകളും ഫെമിലിയറൈസേഷന്‍ ടൂറുകളും വഴി പുതിയ വിപണി സാധ്യതകള്‍ തേടും.
കെ ടി ഡി സിയുടെ സ്ഥാപനങ്ങളില്‍ താമസത്തിനെത്തുന്നവര്‍ക്ക് ഗിഫ്റ്റ് വൗച്ചറുകളും മറ്റും നല്‍കുന്ന പദ്ധതി പരിഗണനയിലാണ്. വിവിധ വിമാന കമ്പനികളുമായി ചര്‍ച്ച നടത്തി പ്രത്യേക പാക്കേജിന് രൂപം നല്‍കും.

---- facebook comment plugin here -----

Latest