Connect with us

International

മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ ജപ്പാന്‍കാരായ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഇസില്‍

Published

|

Last Updated

ബെയ്‌റൂത്ത്: ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ ജപ്പാന്‍കാരായ രണ്ട് ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഇസില്‍ തീവ്രവാദികളുടെ മുന്നറിയിപ്പ്. 72 മണിക്കൂറിനുള്ളില്‍ 20കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് തീവ്രവാദികളുടെ അന്ത്യശാസനം. എന്നാല്‍ തീവ്രവാദികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് ജപ്പാന്‍ ഉറപ്പിച്ചു പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ഇതുവരെ അഞ്ച് പാശ്ചാത്യന്‍ ബന്ദികളെയാണ് ഇസില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. എന്നാല്‍ ഇതാദ്യമായാണ് ജപ്പാന്‍ ബന്ദികളെ വെച്ച് ഇസില്‍ വില പേശുന്നത്. വെബ്‌സൈറ്റില്‍ ബന്ദികളുടെ ഇരുവശത്തും കറുത്ത വസ്ത്രം ധരിച്ച് നില്‍ക്കുന്ന തീവ്രവാദികളുടെ ചിത്രവും നല്‍കിയിട്ടുണ്ട്. നിങ്ങളുടെ പൗരന്‍മാരുടെ ജീവന് വിലനല്‍കുന്നുണ്ടെങ്കില്‍ 72 മണിക്കൂറിനകം 200 മില്യണ്‍ ഡോളര്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ഇസില്‍ തീവ്രവാദികള്‍ക്കെതിരെ പോരാട്ടം നടത്തുന്ന രാജ്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഷിന്‍സോ ആബെയുടെ നടപടിക്ക് പ്രതികാരമായാണ് ഈ തുക ആവശ്യപ്പെടുന്നതെന്നും അവര്‍ വാദിക്കുന്നു.
എന്നാല്‍ തീവ്രവാദികളുടെ ആവശ്യങ്ങളെ തള്ളിക്കളഞ്ഞ ജപ്പാന്‍, ദീര്‍ഘകാലമായി രാജ്യം പിന്തുടരുന്ന ഭീകരവിരുദ്ധ പോരാട്ടത്തില്‍ നിന്ന് പിന്തിരിയില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ഭീഷണിയെ കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും വീഡിയോയുടെ ആധികാരികത പഠിക്കുകയാണെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.