Connect with us

Eranakulam

കൊച്ചി മെട്രോ: 470 കോടി രൂപയുടെ അധിക വായ്പ എടുക്കും

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്നതിനും വൈറ്റില- പേട്ട റോഡ് വീതി കൂട്ടലിനുമായി എറണാകുളം ജില്ലാ സഹകരണ ബേങ്കില്‍ നിന്ന് 470 കോടി രൂപയുടെ അധിക വായ്പ എടുക്കാന്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന കോര്‍പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇതു സംബന്ധിച്ച നിര്‍ദേശം അംഗീകരിച്ചു.
സ്ഥലമെടുപ്പിന് ആവശ്യമായ തുക ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാതെ വരുന്ന സാഹചര്യത്തിലാണ് വായ്പയെടുക്കുന്നതെന്ന് കെ എം ആര്‍ എല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 12 വര്‍ഷമാണ് തിരിച്ചടവിനുള്ള കാലാവധി. സര്‍ക്കാരായിരിക്കും വായ്പ തിരിച്ചടക്കുക. സംസ്ഥാന ബജറ്റില്‍ ഇതിനായി തുക വകയിരുത്തും. 9.95 ശതമാനമായിരിക്കും പലിശ നിരക്ക്. എസ് ബി ഐ നല്‍കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കിലാണ് ജില്ലാ സഹകരണ ബേങ്ക് വായ്പ അനുവദിക്കുക. അനുബന്ധ ചാര്‍ജുകളോ പ്രോസസിംഗ് ഫീസോ ഉണ്ടാകില്ല.
മെട്രോ റെയിലിന് അനുബന്ധമായി റോഡ് വഴിയും കായല്‍ വഴിയുമുള്ള ഗതാഗത സൗകര്യങ്ങള്‍ പരസ്പര ബന്ധിതമായി വികസിപ്പിക്കുന്ന പദ്ധതിക്കുള്ള വിദേശ വായ്പാ നടപടികളും പുരോഗമിക്കുകയാണ്. ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എ എഫ് ഡിയും ജര്‍മന്‍ ധനകാര്യ ഏജന്‍സിയായ കെ എഫ് ഡബ്ല്യൂവുമാണ് ഇതിനായി ധനസഹായം വാഗ്ദാനം ചെയ്തിട്ടുള്ളത്. ഫണ്ടിംഗ് ഏജന്‍സികള്‍ക്കും കേന്ദ്ര സര്‍ക്കാരിനും സമര്‍പ്പിക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഫെബ്രുവരി ആദ്യവാരം തയ്യാറാകുമെന്നും അതോടെ ധനസഹായത്തിനായി രണ്ട് കമ്പനികള്‍ക്കും പ്രോജക്ട് സമര്‍പ്പിക്കുമെന്നും കെ എം ആര്‍ എല്‍ അറിയിച്ചു.
ഏകീകൃത മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് സിസ്റ്റം നടപ്പിലാക്കുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട യാത്രാ നിരക്ക് സംബന്ധിച്ച് പഠിക്കുന്നതിന് കണ്‍സള്‍ട്ടന്‍സി സര്‍വീസിനെ നിയമിക്കുന്നതിനും ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. കൊച്ചി മെട്രോയിലെ യാത്രാ നിരക്ക് അന്തിമമായി നിശ്ചയിക്കുക ഈ പഠനത്തിന് ശേഷമായിരിക്കും.
മെട്രോ റെയിലിന്റെ ദൈനംദിന നടത്തിപ്പും മെയ്ന്റനന്‍സും സംബന്ധിച്ച സമീപന രേഖയും ബോര്‍ഡ് അംഗീകരിച്ചു. മെട്രോ റെയിലിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ കെ എം ആര്‍ എല്‍ സ്വന്തം ജീവനക്കാരെ ഉപയോഗിച്ചാകും നടത്തുക. അതേസമയം ഉപഭോക്തൃസേവനവും ശുചീകരണവും സ്റ്റേഷന്‍ പരിപാലനവും ഉള്‍പ്പെടെയുള്ള ജോലികള്‍ പുറംകരാര്‍ നല്‍കും. കഴിയുന്നത്ര മേഖലകളില്‍ വനിതകള്‍ക്ക് ജോലിയില്‍ ഉചിതമായ പ്രാതിനിധ്യം നല്‍കാനും ധാരണയായി.
യാത്രക്കാര്‍ക്ക് ടിക്കറ്റിംഗിനും ഉപഭോക്തൃസേവനങ്ങള്‍ക്കുമായി ഉപയോഗിക്കാന്‍ കഴിയുന്ന മൊബിലിറ്റി കാര്‍ഡ് തയ്യാറാക്കുന്നതിന് കെ എം ആര്‍ എല്ലും നാഷനല്‍ പേമെന്റ്‌സ് കോര്‍പറേഷനും തമ്മില്‍ ഉണ്ടാക്കുന്ന കരാറും ഡയറക്ടര്‍ ബോര്‍ഡില്‍ ചര്‍ച്ചക്ക് വന്നു. മെട്രോ റെയില്‍ നിര്‍മാണത്തിലുണ്ടായിട്ടുള്ള കാലതാമസവും യോഗം വിലയിരുത്തി. 2016 ജൂണിനകം ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെ മെട്രോ റെയില്‍ ഓടിത്തുടങ്ങാന്‍ കഴിയുന്ന വിധത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതു സംബന്ധിച്ച് ഡി എം ആര്‍ സി നല്‍കിയ ഉറപ്പും ബോര്‍ഡ് ചര്‍ച്ച ചെയ്തു. നഗരവികസന വകുപ്പു സെക്രട്ടറിയും കെ എം ആര്‍ എല്‍ ചെയര്‍മാനുമായ ശങ്കര്‍ അഗര്‍വാളിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

Latest