Connect with us

Editorial

ഇനി മാണി തീരുമാനിക്കട്ടെ

Published

|

Last Updated

അസംബന്ധം, രാഷ്ട്രീയ ഗൂഢാലോചന തുടങ്ങിയ പദപ്രയോഗങ്ങള്‍ കൊണ്ട് പിടിച്ചു നില്‍ക്കാനാകാത്ത വിധം യു ഡി എഫിനെ അതിരൂക്ഷമായ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ബാര്‍ കോഴ സംബന്ധിച്ചു വെളിപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍. മാണിക്കെതിരെ ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കുന്ന, യു ഡി എഫിന്റെ സമുന്നത നേതാക്കളുടെ സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മാണി കോഴ വാങ്ങിയതായി കേരള കോണ്‍ഗ്രസ്. ബി നേതാവ് ബാലകൃഷ്ണപിള്ള സംഭാഷണത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്. ബാറുടമകളില്‍ നിന്ന് മാത്രമല്ല, നികുതിയിളവിനായി അരിമില്ലുകാരില്‍ നിന്നും സ്വര്‍ണവ്യാപാരികളില്‍ നിന്നും ബേക്കറി ഉടമകളുടെ സംഘടനയില്‍ നിന്നും അദ്ദേഹം കോഴ വാങ്ങിയതായി തനിക്കറിയാമെന്നും പിള്ള പറയുന്നു. കേസുമായി ഇറങ്ങിത്തിരിച്ച സാഹചര്യത്തില്‍ അതില്‍ നിന്ന് പിന്മാറരുതെന്നും സി ബി ഐ അന്വേഷണം ആവശ്യപ്പെടണമെന്നും ബിജു രമേശിനോട് പിള്ള ആവശ്യപ്പെടുന്നതായും സംഭാഷണം സാക്ഷ്യപ്പെടുത്തുന്നു. ബിജു രമേശുമായി പി സി ജോര്‍ജ് നടത്തിയ സംഭാഷണവും കോഴ ആരോപണത്തെ സാധൂകരിക്കുന്നതാണ്.
കെ എം മാണി എല്‍ ഡി എഫിലേക്ക് നീങ്ങുന്നതായി വാര്‍ത്ത വന്ന സാഹചര്യത്തിലാണ് ബിജു രമേശ് ബാര്‍കോഴ വിവാദവുമായി രംഗത്തു വരുന്നത്. തന്മൂലം മാണിയെ യു ഡി എഫില്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തിയ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന അഭ്യൂഹമുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് നേതൃത്വം അണികളെ ധരിപ്പിച്ചതും ഇതാണ്. ഗൂഢാലോചന അന്വേഷിക്കാന്‍ പാര്‍ട്ടി ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ കൂടിയായ പി സി ജോര്‍ജ്് തന്നെ കോഴ ആരോപണം സ്ഥിരീകരിച്ചതായി വെളിപ്പെടുമ്പോള്‍ നേതൃത്വത്തിന് കോണ്‍ഗ്രസിനെ പഴിച്ചു രക്ഷപ്പെടാനാകില്ല. പൂട്ടിയ ബാറുകള്‍ തുറക്കാതിരിക്കാന്‍ തുറന്നിരിക്കുന്ന ബാറുടമകളില്‍ നിന്നും മാണി രണ്ടു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണവുമായി രണ്ട് ദിവസം മുമ്പ് ബിജു രമേശ് രംഗത്തു വന്നപ്പോള്‍ ബിജുവിന്റെ വാക്കുകള്‍ ആരും വിശ്വസിക്കില്ലെന്ന പ്രതികരണത്തിലൂടെയായിരുന്നു മാണി അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സ്വന്തം പാര്‍ട്ടിയുടെ സമുന്നതനായ നേതാവിന്റെ വാക്കുകളെയും അസംബന്ധമെന്ന് പറയാനാകുമോ? ഫോണ്‍ സംഭാഷണത്തെ പിള്ളയും ജോര്‍ജും തള്ളിപ്പറയുന്നില്ലെന്നത് ശ്രദ്ധേയമാണ്. മാണിയെ രക്ഷിക്കാനാണ് ബിജുവുമായി താന്‍ സംസാരിച്ചതെന്നാണ് പി സി ജോര്‍ജ് നല്‍കുന്ന വിശദീകരണമെങ്കിലും അത് വിശ്വസിക്കാന്‍ പലരും തയ്യാറാകണമെന്നില്ല. പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള കടുത്ത സമ്മര്‍ദം മൂലം ജോര്‍ജ് ഇപ്പോള്‍ മാണിയുമായി പ്രത്യക്ഷത്തില്‍ നല്ല ബന്ധത്തിലാണെങ്കിലും അടുത്ത കാലം വരെ മാണിയുടെ കടുത്ത വിമര്‍ശകനായിരുന്നു.
മാണിയോടൊപ്പം മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്നുണ്ട് ഫോണ്‍ സംഭാഷണം. താനും ഗണേഷ് കുമാറും മുഖ്യമന്ത്രിയെ കാണാന്‍ പോയപ്പോള്‍ ബാര്‍ കോഴയെക്കുറിച്ച് അദ്ദേഹത്തെ വ്യക്തമായി ധരിപ്പിച്ചതാണെന്ന് പിള്ള സംഭാഷണത്തിനിടെ പറയുന്നുണ്ട്. മുഖ്യമന്ത്രി ഇത് നിഷേധിച്ചെങ്കിലും തന്റെ ഫോണ്‍ സംഭാഷണം അക്ഷരംപ്രതി ശരിയാണെന്ന് പിള്ള പറയുമ്പോള്‍ ആരെ വിശ്വസിക്കണമെന്നറിയാതെ അങ്കലാപ്പിലാകുകയാണ് പൊതുജനം.
വല്ലാത്തൊരു കുരുക്കിലാണ് ബാര്‍കോഴ വിവാദം യു ഡി എഫിനെ ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. മുന്നണി മര്യാദ ലംഘിച്ച ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍ നിന്നു പുറത്താക്കണമെന്നും ഇല്ലെങ്കില്‍ യു ഡി എഫില്‍ തങ്ങളെ പ്രതീക്ഷിക്കേണ്ടെന്നും മാണി ഗ്രൂപ്പിന്റെ ഭീഷണി ഒരു വശത്ത്. പുറത്താക്കിയാല്‍ കൂടുതല്‍ കോഴക്കഥകള്‍ പുറത്തു പറയാനുണ്ടെന്നും മുന്നണിയിലായത് കൊണ്ടാണ് പലതും പുറത്തു പറയാത്തതെന്നുമുള്ള പിള്ളയുടെ ഭീഷണി മറുവശത്ത്. മാണിയെ പിണക്കിയാല്‍ യു ഡി എഫ് സര്‍ക്കാറിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലാകും. പിള്ളയെ പിണക്കിയാല്‍ ആരുടെയൊക്കെ കോഴക്കഥകളാണ് പുറത്തു വരികയെന്നറിയാത്തതിനാല്‍ അദ്ദേഹത്തേയും കൈവിട്ടു കൂടാ. ഈ സാഹചര്യത്തില്‍ യു ഡി എഫിനെ രക്ഷിക്കാന്‍ മുന്‍കൈയെടുക്കേണ്ടത് സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവും രാഷ്ട്രീയ ചാണക്യനുമായ മാണി തന്നെയാണ്. അദ്ദേഹം ആരോപിക്കുന്നത് പോലെ, ഒരു പക്ഷേ ഈ കോഴയാരോപണത്തിന് പിന്നില്‍ പ്രതിലോമ ശക്തികളുടെയോ രാഷ്ട്രീയ വിരോധികളുടെയോ കൈകളുണ്ടായേക്കാമെങ്കിലും, അദ്ദേഹത്തിന്റെ കൈകള്‍ ശുദ്ധമെങ്കില്‍, ജനങ്ങളെ അത് ബോധ്യപ്പെടുത്തുന്നതുവരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറി നില്‍ക്കാനുള്ള രാഷ്ട്രീയ ത്യാഗമാണ് അദ്ദേഹം കാണിക്കേണ്ടത്. പൊതുജനത്തെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കി, യു ഡി എഫ് നേതാക്കളുടെ സംഭാഷണങ്ങളിലൂടെ തന്നെ ആരോപണം ബലപ്പെട്ട സാഹചര്യത്തില്‍ മന്ത്രി പദവിയില്‍ തുടരാതിരിക്കാനുള്ള ധാര്‍മിക ബോധം അദ്ദേഹം പ്രകടിപ്പിക്കുമെന്ന വിശ്വാസത്തിലാണ് പ്രബുദ്ധ കേരളം.