Connect with us

Articles

റണ്‍ റേഷന്‍ റണ്‍

Published

|

Last Updated

തളര്‍ന്നു. ഓടിയോടി തളര്‍ന്നു. ഒരു റേഷന്‍ കാര്‍ഡ്. ഒരപേക്ഷാഫോറം. എവിടെയെല്ലാം ഓടണം? ഞാനൊരുത്തി മാത്രം – ശാരദേടത്തി കിതയ്ക്കുകയാണ്.
അഞ്ചാറ് ദിവസമായി ഇതിന് പിന്നാലെ നടക്കുന്നു. പൂരിപ്പിക്കുമ്പോഴായിരിക്കും ഓരോര് സംശയം. അതെഴുതാമോ, ഇതെഴുതാമോ, ഇങ്ങനെയെഴുതാമോ, അങ്ങനെയെഴുതാമോ എന്നൊക്കെയുള്ള സംശയങ്ങള്‍.
അപ്പുറത്തെ വീട്ടിലെ മാഷ് ആകെ കുഴഞ്ഞു. ഹെല്‍പ്‌ലൈനില്‍ വിളിച്ചാല്‍ കൂ കൂ കൂ എന്നാണ് മറുപടി. അപ്പോള്‍ സപ്ലൈ ഓഫീസിലേക്ക് വിളിച്ചാലോ, അവര്‍ക്കും അറിയില്ല ശരിയുത്തരം.
ശാരദേടത്തിയുടെ കാര്‍ഡ് പണ്ടേ ബി പി എല്‍ ആണ്. ബി പി എല്‍ നമ്പറിനായി പഞ്ചായത്തിലേക്കൊരു യാത്ര. അവിടെ നിറയെ ആള്‍ക്കാരാ. എല്ലാവര്‍ക്കും നമ്പര്‍ അറിയണം. കാത്തിരുന്നു തളര്‍ന്നപ്പോള്‍ പഞ്ചായത്തുകാരന്‍ പറയുകയാ, ഇന്ന് അഞ്ച് മണിയായി, നാളെ വന്നോളാന്‍.
പിറ്റേന്ന് പോയപ്പോള്‍ നമ്പര്‍ കിട്ടി. തിരിച്ചു വന്നപ്പോഴാണ് കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറയുന്നത്. സ്‌കൂളില്‍ ചെന്നപ്പോള്‍ ഏഡ്മാഷില്ല. തിങ്കളാഴ്ച വീണ്ടും പോയപ്പോള്‍ കിട്ടി.
വെയില് കൊണ്ട് ആകെ തളര്‍ന്നു. എന്നാലെന്താ, സംഗതി ഒത്തല്ലോ.
വൈകുന്നേരം വീട്ടിലാകെ മാന്ദ്യം. സാമ്പത്തിക മാന്ദ്യമല്ല. ഭര്‍ത്താവിന് മിണ്ടാട്ടമില്ല. മരുമകള്‍ക്ക് മിണ്ടാട്ടമില്ല. ഇന്നലെ കണ്ട സീരിയലിലെ കഥാപാത്രം എന്തെങ്കിലും കടുംകൈ ചെയ്‌തോ?
അതൊന്നുമല്ല, റേഷന്‍ കാര്‍ഡാണ് വില്ലന്‍. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയാണത്രേ ഇനി മുതല്‍ കുടുംബനാഥ. അവളുടെ ഫോട്ടോ കാര്‍ഡില്‍ മുന്‍ഭാഗത്ത് അടിച്ചു വരും. പെണ്ണുങ്ങളല്ലേ, കോംപ്ലക്‌സാണ്. അമ്മായിഅമ്മ ഉടമയായില്ലേ എന്ന തോന്നല്‍.
ചായക്കടയില്‍ ഒരാഴ്ചയായി ചര്‍ച്ച റേഷന്‍ കാര്‍ഡാണ്. കാര്‍ഡിലെ പേര് രണ്ടാമതാകുന്നതോടെ ആണുങ്ങളുടെ കഥ കഴിഞ്ഞു എന്ന തരത്തിലാണ് ചര്‍ച്ച. നമ്മളൊക്കെ ബി പി എല്ലായില്ലേ എന്ന മട്ട്. പെണ്ണുങ്ങളുടെ താഴെയായില്ലേ എന്ന്! ഈഗോ. ആണീഗോ, പെണ്ണീഗോ…!
രാവിലെ രേഖകളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനിറങ്ങിയതാ. അപ്പോഴാണ് ടൗണിലൂടെ കൂട്ടയോട്ടം. റണ്‍ കേരള റണ്‍…
ഞാന്‍ നാലഞ്ച് ദിവസമായി കാര്‍ഡിനായി ഓടുന്നു. ഇനിയുമോടണമെന്നാണോ? ശാരദേടത്തി അറിയാതെ പറഞ്ഞു പോയി.
റണ്‍ റേഷന്‍ റണ്‍.

Latest