Connect with us

Articles

ബാര്‍ കോഴ: കലങ്ങിമറിഞ്ഞ് കേരള കോണ്‍ഗ്രസ് രാഷ്ട്രീയം

Published

|

Last Updated

ബാര്‍ കോഴ വിവാദം മാസങ്ങളായി കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി ആഞ്ഞടിക്കുന്നു. ബിജു രമേശ് എന്ന ബാര്‍ മുതലാളി ചാനലുകളില്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ മന്ത്രിമാര്‍ അടക്കമുള്ളവരുടെ ഉറക്കം കെടുത്തുകയാണ്. പല പ്രമുഖരുടെയും പേരുകളും ഫോണ്‍ സംഭാഷണങ്ങളും ഇതിനകം പുറത്തുവിട്ടു. ഇനിയും നാല് മന്ത്രിമാരുടെ ഫോണ്‍ സംഭാഷണങ്ങളും കോഴക്കഥകളും പുറത്തുവിടാനുണ്ടെന്നാണ് ബിജു രമേശ് മുന്നറിയിപ്പ് നല്‍കുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ സ്വന്തമായി അദ്ധ്വാന വര്‍ഗസിദ്ധാന്തം ഇറക്കിയ സാക്ഷാല്‍ കെ എം മാണി ബാര്‍ ഉടമകളുടെ പക്കല്‍ നിന്നും കോഴ വാങ്ങിയെന്ന വെളിപ്പെടുത്തല്‍ കേരളം ഞെട്ടലോടെയാണ് ശ്രവിച്ചത്. മാണി കോഴ വാങ്ങിയതിലുള്ള ഭീതിയിലല്ല ജനം അന്ധാളിച്ചത്. മറിച്ച് ഏറ്റവും കൂടുതല്‍ കാലം സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് റെക്കോഡിട്ട കെ എം മാണിയുടെ പൂര്‍വകാലം ഓര്‍ത്താണ് സാധാരണ ജനം വിറങ്ങലിച്ചതെന്നാണ് പിന്നാമ്പുറ സംസാരം.
ബാര്‍ കോഴ വിവാദം ഉയര്‍ത്തിയ അലയൊലികള്‍ ദിവസങ്ങള്‍ കഴിയുന്തോറും കെ എം മാണിയെയും കേരള കോണ്‍ഗ്രസിനെയും വിഴുങ്ങുമോയെന്ന ആശങ്കയാണ് പാര്‍ട്ടി നേതാക്കള്‍ക്ക്. ഏറ്റവുമൊടുവില്‍ കേരള കോണ്‍ഗ്രസിന്റെ ഏക വൈസ് ചെയര്‍മാനായ പി സി ജോര്‍ജ് ബിജു രമേശുമായി നടത്തിയ ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നതോടെ കേരള കോണ്‍ഗ്രസ് എമ്മില്‍ നീറിക്കൊണ്ടിരിക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ മറനീക്കുകയും ചെയ്തു. വലിയൊരു പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് സൂചന. കാരണം, കേരള കോണ്‍ഗ്രസില്‍ അവസാന വാക്കായി എല്ലാവരും അംഗീകരിച്ചിരുന്ന കെ എം മാണിയുടെ പ്രതിച്ഛായക്ക് പഴയ തിളക്കം ഇന്നില്ല. അധ്യാപകനായി ജോലി ചെയ്തിട്ടില്ലെങ്കിലും മാണി സാര്‍ എന്ന് സ്വയം മാലോകരെ വിളിപ്പിച്ചിരുന്ന മാണിയെ പലരും പഴയതുപോലെ ഗൗനിക്കുന്നില്ല. കര്‍ഷക പാര്‍ട്ടിക്ക് കേന്ദ്ര സര്‍ക്കാരിനെതിരെ വാളെടുക്കാന്‍ റബര്‍ വിലയിടിവും കാര്‍ഷിക വിളകളുടെ വിലയിടിവും ധാരാളം. എന്നാല്‍ സമരങ്ങള്‍ പേരിന് മാത്രം നടത്തി മാണിയും കൂട്ടരും.
കാരണം വെറൊന്നുമല്ല, മുഖ്യമന്ത്രിയാകാന്‍ മോഹിച്ച് കുറേ ഇടതും വലതും നേതാക്കളെ കൊടിയുടെ നിറം നോക്കാതെ പിന്തുണ വാങ്ങിയെടുക്കാന്‍ മാണി ശ്രമിച്ചത് കേരളം കണ്ടു. ചില വേളകളില്‍ യു ഡി എഫ് ബന്ധം അവസാനിപ്പിച്ച് ഇടതു മുന്നണിയുമായി ചേര്‍ന്ന് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമെന്നു വരെ മാണിയുടെ ഭാവി രാഷ്ട്രീയം ചിലര്‍ പ്രവചിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിനച്ചിരിക്കാതെ ബാര്‍ കോഴ വിവാദം ഭൂതം പോലെ മാണിയെ ഇന്ന് ചാഞ്ഞും ചരിഞ്ഞും വേട്ടയാടുന്നു. ചില വെളിപ്പെടുത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മാണിക്കെതിരെ കേസെടുക്കേണ്ട സ്ഥിതിയിലെത്തി സംസ്ഥാന ആഭ്യന്തര വകുപ്പ്. മാണിയുടെ രാജിക്കായി നാടെങ്ങും മുറവിളിയും ഉയരുന്നു. എന്നാല്‍ ആരെന്തു പറഞ്ഞാലും രാജിവെക്കില്ലെന്ന നിലപാടുമായി മുന്നേറുന്നൂ, മാണി. അഴിമതി എന്ന പഴി കേള്‍ക്കുമ്പോള്‍ പണ്ട് അധികാര കേന്ദ്രങ്ങളില്‍ വാണിരുന്നവര്‍ അനുവര്‍ത്തിച്ചിരുന്ന ധാര്‍മിക ഉത്തരവാദിത്വം ഇന്ന് ഭരണം കൈയാളുന്നവര്‍ മറന്നുപോകുന്നു.
മാണിക്കെതിരെ ബാര്‍ കോഴ വിവാദം ഉയര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കേരള കോണ്‍ഗ്രസും കെ എം മാണിയും പലകുറി ആവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് ഗൂഢാലോചനക്ക് പിന്നിലെന്നാണ് തുടക്കത്തില്‍ പി സി ജോര്‍ജ് അടക്കമുള്ളവര്‍ ആരോപിച്ചത്. എന്നാല്‍ കേരള കോണ്‍ഗ്രസിലെ ചിലരാണ് ബാര്‍ കോഴ വിവാദങ്ങള്‍ക്ക് പിന്നിലെന്ന് കോണ്‍ഗ്രസിലെ രണ്ടാംനിര നേതൃത്വവും തിരിച്ചടിച്ചു. ഒടുവില്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പാര്‍ട്ടി തലത്തില്‍ സി എഫ് തോമസ് എം എല്‍ എ അധ്യക്ഷനായി കമ്മിറ്റിയും വന്നു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കഴിയാത്ത തരത്തിലാണ് ഇവര്‍ നടത്തിയ പരിശോധനകളില്‍ ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. ഇതുകാരണം ബാര്‍ കോഴ വിവാദത്തില്‍ കൂടുതല്‍ തലപുണ്ണാക്കേണ്ടെന്നാണ് മാണി നേതാക്കളോട് ഉണര്‍ത്തിച്ചിരിക്കുന്നത്. ഒപ്പം പ്രായം നവതിയോട് അടുക്കുന്ന കെ എം മാണിക്ക് താന്‍ ഏറെക്കാലമായി സ്വന്തമായി കൊണ്ടുനടന്ന പാര്‍ട്ടിയെ വലിയ കുഴപ്പങ്ങളില്ലാതെ ഭദ്രമായി മകന്‍ ജോസ് കെ മാണിയെ ഏല്‍പ്പിക്കണമെന്നതാണ് നാളുകളായുള്ള ആഗ്രഹം. മാണിയാണ് പാര്‍ട്ടി ചെയര്‍മാനെങ്കിലും പാര്‍ട്ടിയുടെ സ്റ്റിയറിംഗ് ജോസ് കെ മാണിയാണ് കുറച്ചുനാളായി തിരിക്കുന്നത്. എന്നാല്‍ ജോസ് കെ മാണിയുടെ കടന്നുവരവിനെ അംഗീകരിക്കാന്‍ കേരള കോണ്‍ഗ്രസിലെ പല മുന്‍നിര നേതാക്കളും ഒരുക്കമല്ലെന്നതാണ് ഏറെ ആശ്ചര്യം. പിതാവിന്റെ തണലില്‍ പടര്‍ന്നുപന്തലിച്ച ജോസ് കെ മാണിയെ പാര്‍ട്ടിയുടെ സാരഥ്യം ഏല്‍പ്പിക്കുന്നതില്‍ ഇടക്കാലത്ത് കര്‍ഷക പാര്‍ട്ടിയില്‍ ലയിച്ച് ഒന്നായ പി ജെ ജോസഫും പി സി ജോര്‍ജും ശക്തമായ വിയോജിപ്പുമായി രംഗത്തുണ്ട്. എന്നാല്‍ ഇരുനേതാക്കളും ജോസ് കെ മാണിക്കെതിരായ എതിര്‍പ്പ് പരസ്യമാക്കാന്‍ തുനിഞ്ഞിട്ടില്ല. ഒടുവില്‍ ബാര്‍ കോഴ ഒത്തുതീര്‍പ്പിക്കാന്‍ ജോസ് കെ മാണിയും തന്നെ വിളിച്ചിരുന്നുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ഈ യുവതുര്‍ക്കിയെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു.
കോഴ വിവാദം ഉയര്‍ന്നപ്പോള്‍ മാണിയെ സംരക്ഷിക്കാന്‍ കച്ചകെട്ടി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട കേരള കോണ്‍ഗ്രസ് നേതാക്കളെ പലരെയും അടുത്ത ദിവസങ്ങളില്‍ കാണ്മാനില്ല. കോഴ വാങ്ങിയതിന്റെ വെളിപ്പെടുത്തലുകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴും ക്യുക്ക് വരിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തിട്ടും നേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ മാണി തയ്യാറാകാത്തതാണ് ഇവരെ പ്രകോപിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. കേരള കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുകയാണ്. വരും ദിവസങ്ങളില്‍ ഇതിന്റെ അലയൊലികള്‍ വളരും തോറും പിളരുകയും പിളര്‍ന്ന് വളരുകയും ചെയ്യുന്ന കര്‍ഷിക പാര്‍ട്ടിയെ പിടിച്ചുലയ്ക്കുമെന്ന ആശങ്കകളാണ് ഉയരുന്നത്.