Connect with us

Gulf

യു എ ഇയില്‍ പരക്കെ മഴ; അപകടങ്ങളില്‍ മൂന്ന് മരണം

Published

|

Last Updated

ദുബൈ/ഷാര്‍ജ/അബുദാബി: യു എ ഇയില്‍ പരക്കെ മഴ. ചില സ്ഥലങ്ങളില്‍ കാറ്റും ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടു. മഴയെത്തുടര്‍ന്ന് വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. താപനില അഞ്ച് ഡിഗ്രിവരെ താണു.

അല്‍ ഐനില്‍ മഴയെത്തുടര്‍ന്നുള്ള വാഹനാപകടത്തില്‍ യുവാവ് മരിക്കുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം പൊതുജന സമ്പര്‍ക്ക വിഭാഗം മേധാവി ജമാല്‍ സാലം അല്‍ അമീരി അറിയിച്ചു. അബുദാബിയിലും അല്‍ ഐനിലുമായി നിരവധി അപകടങ്ങളാണ് സംഭവിച്ചത്. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തതാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്നും അമീരി ചൂണ്ടിക്കാട്ടി. ദുബൈയില്‍ മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്കു പരുക്കേറ്റു. ശൈഖ് സായിദ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചതായി പോലീസ് അറിയിച്ചു. ദുബൈ ജുമൈറ റോഡില്‍ മെര്‍ക്കാട്ടോ മാളിനു സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഒരു നഴ്‌സറിയുടെ പന്തല്‍ തകര്‍ന്നു.
രാജ്യത്തിന്റെ പലഭാഗങ്ങളിലും കനത്തമഴയും ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടു. ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ എന്നിവിടങ്ങളിലും ഇതര ഭാഗങ്ങളിലുമാണ് ശക്തമായ മഴയുണ്ടായത്. അജ്മാനിലും, ഷഹാമ അടക്കം അബുദാബിയുടെ ചില ഭാഗങ്ങളിലുമാണ് ആലിപ്പഴ വര്‍ഷം. കനത്ത ഇടിമിന്നലോടെ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു തുടക്കം. ശക്തമായ കാറ്റും അനുഭവപ്പെട്ടു. അജ്മാനിലും, ഫുജൈറയിലും വാഹനാപകടങ്ങളുണ്ടായി. അജ്മാനില്‍ പിക്കപ്പ് വാന്‍ മറിഞ്ഞു. കാറിനു തീപിടിച്ചു. ആളപായമുള്ളതായി വിവരമില്ല. ചിലയിടങ്ങളില്‍ മഴ ഇന്നലെ വൈകും വരെയും തുടര്‍ന്നു.
കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരത്തുകളും വെള്ളത്തില്‍ മുങ്ങി. നഗരങ്ങളിലെയും നാട്ടിന്‍ പുറങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ വന്‍ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഷാര്‍ജയിലാണ് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക്. പ്രത്യേകിച്ച് ദുബൈയിലേക്കുള്ള പാതകളില്‍. വാഹനങ്ങള്‍ മുന്നോട്ട് നീങ്ങാനാവാതെ മണിക്കൂറുകളോളം നിരത്തുകളില്‍ കുടുങ്ങി. ഇതു യാത്രക്കാരെ ഏറെ വിഷമിപ്പിച്ചു. മഴത്തുള്ളി വീഴുമ്പോള്‍ തന്നെ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. നിരത്തുകളില്‍ വാഹനങ്ങളുടെ നീണ്ട നിരകളാണ് മണിക്കൂറുകളോളം ദൃശ്യമായത്.
ഷാര്‍ജയില്‍ താരതമ്യേന ശക്തികുറവായിരുന്നു. ഇടക്കിടെ മാത്രമാണ് കനത്തത്. പുലര്‍ച്ചെ ആരംഭിച്ച മഴ വൈകുവോളം നീണ്ടു. താമസ കേന്ദ്രങ്ങളിലെ ചില റോഡുകള്‍ വെള്ളത്തിലായി. ഗതാഗത തടസ്സമായിരുന്നു ജനത്തെ ഏറെ പ്രയാസപ്പെടുത്തിയത്. മഴ നേരിയതോതില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. സ്‌കൂള്‍ ബസുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതിനാല്‍ വിദ്യാര്‍ഥികള്‍ എത്താനും തിരിച്ചു വീട്ടിലെത്താനും ഏറെ വൈകി. തണുത്തകാറ്റും അനുഭവപ്പെട്ടത് ജന ജീവിതത്തെ ബാധിച്ചു. അപ്രതീക്ഷിതമായി ശക്തിപ്പെട്ട മഴ മൂലം പുറത്തിറങ്ങാനും വിഷമിച്ചു. കുട പിടിച്ചാണ് പലരും ലക്ഷ്യ സ്ഥലങ്ങളിലെത്തിയത്.
യു എ ഇയില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സഊദിയുടെ അതിര്‍ത്തി പ്രദേശങ്ങളിലും പടിഞ്ഞാറന്‍ പ്രവിശ്യകളിലും നേരിയ മഴ പെയ്തിരുന്നു. രാവിലെ തുടങ്ങിയ മഴ വൈകുന്നേരം വരെ നീണ്ടുനിന്നു.
അടുത്ത ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. യു എ ഇയെ കൂടാതെ ഒമാന്‍, സഊദി എന്നിവിടങ്ങളിലും ഇന്നലെ മഴ ലഭിച്ചു.
അല്‍ ഐനിന്റെ മരുപ്രദേശമായ നാഹലില്‍ പെയ്ത മഴയോടൊപ്പം ശക്തമായ ഐസ് വീണത് വാഹനങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ വരുത്തി. പ്രഭാത നമസ്‌കാരം കഴിഞ്ഞുറങ്ങുന്നവര്‍ക്കും അല്ലാത്തവര്‍ക്കും പുറത്ത് എന്തോ സംഭവിക്കുന്നതുപോലെ അനുഭവപെട്ടു. പലരും പുറത്തിറങ്ങിയപ്പോയാണ് ഐസ് മഴയുടെ ഇടിച്ചിറങ്ങള്‍ ഭീകരമായി അനുഭവപെട്ടത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ജോലിക്കാര്‍, യാത്രക്കാര്‍ എല്ലാവരേയും അല്‍പസമയമാണെങ്കിലും പേടിപ്പെടുത്തുന്നതായിരുന്നു മഴ.
വാഹനങ്ങള്‍ റോഡിലും മറ്റും പാര്‍ക്ക് ചെയ്തും വേഗതകുറച്ചും നീങ്ങിയതിനാല്‍ കുറെ അപകടങ്ങള്‍ ഒഴിവായി. ഇരുണ്ടുമൂടിയ അന്തരീക്ഷത്തില്‍ നിന്നും പൊടുന്നനെ പെയ്ത മഴയില്‍ ഐസ് വര്‍ഷിച്ചു ചിറകൊടിഞ്ഞവീണ പ്രാവ് കാഴ്ച്ചക്കാരില്‍ വേദന തീര്‍ത്തു. പലയിടങ്ങളിലും നാശം വിതച്ച ഐസ് മഴയോടൊപ്പം ഇടിമിന്നലും അകമ്പടിയായി എത്തിയപ്പോള്‍തോരാത്ത മഴയും ഇടിമുഴക്കവും തണുത്തു വിറക്കുന്ന നാളുകായിരിക്കും ഇനി വരാനിരിക്കുന്നതെന്ന് അടക്കം പറയുകയാണ് പലരും.