Connect with us

Gulf

ദുബൈയില്‍ 'അതിര്‍ത്തികളുടെ ഭാവി'യെക്കുറിച്ച് രാജ്യാന്തര സമ്മേളനം

Published

|

Last Updated

ദുബൈ: താമസ കുടിയേറ്റവകുപ്പിന്റെ ആഭിമുഖ്യത്തില്‍ അതിര്‍ത്തികളുടെ ഭാവി എന്ന വിഷയത്തില്‍ രാജ്യാന്തര സമ്മേളനം നടത്തുമെന്ന് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 11,12 തിയ്യതികളില്‍ ദുബൈ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലെ റിട്‌സ് കാള്‍ട്ടന്‍ ഹോട്ടലിലാണ് സമ്മേളനം. 12 രാജ്യങ്ങളില്‍ നിന്ന് 24 ഓളം വിദഗ്ധര്‍ സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അഞ്ച് സെഷനുകളിലായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
ലോകത്ത് വിനോദസഞ്ചാരം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യങ്ങളുടെ സുരക്ഷ സംബന്ധിച്ചുള്ള ഉയര്‍ന്ന കാഴ്ചപ്പാടിനുവേണ്ടിയാണ് രാജ്യാന്തര സമ്മേളനം. വിമാനത്താവളങ്ങളുടെയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളുടെയും സുരക്ഷ വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ട്. യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി, നതര്‍ലന്റിലെ റോയല്‍ മാര്‍ഷൂസ് ജനറല്‍ ഡയറക്ടര്‍ ലഫ്. ജനറല്‍ ഡോ. ഹന്‍സ് ലൈട്ടന്‍സ്, ഹോങ്കോംഗ് എമിഗ്രേഷന്‍ ഡയറക്ടര്‍ ഹിറിക് ചാന്‍കോക്കി തുടങ്ങിയവര്‍ പങ്കെടുത്തു. ഭാവി ഭരണകൂടം സംബന്ധിച്ചുള്ളതാണ് ആദ്യ ചര്‍ച്ച. അതിര്‍ത്തികളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള ചര്‍ച്ചയാണ് രണ്ടാമതായി നടക്കുക. ഇത്തരത്തില്‍ അഞ്ച് സെഷനുകളുണ്ടാകും.
വ്യാജ രേഖകളുമായി രാജ്യങ്ങളിലേക്ക് നുഴഞ്ഞുകയറുന്ന പ്രവണതക്കെതിരെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. സ്മാര്‍ട് ഗൈറ്റുകളും ഇലക്‌ട്രോണിക് പാസ്‌പോര്‍ട്ടുകളും മറ്റും വ്യാപകമാക്കുകയാണ് ലക്ഷ്യം. 500 പ്രതിനിധികളെ പ്രതീക്ഷിക്കുന്നു. വിവിധ എയര്‍ ലൈനറുകളുടെ സി ഇ ഒമാര്‍, അയാട്ട പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും, മുഹമ്മദ് അല്‍ മര്‍റി പറഞ്ഞു.