Connect with us

Gulf

ദുബൈയില്‍ വ്യാജരേഖകളുമായി 1,028 പേരെ പിടികൂടി

Published

|

Last Updated

ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയില്‍ 46,000ത്തോളം യാത്രക്കാരുടെ രേഖകള്‍ പരിശോധനക്ക് വിധേയമാക്കിയതായി ദുബൈ താമസ കുടിയേറ്റ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. ദുബൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതില്‍ 1,028ഓളം യാത്രക്കാരുടെ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തി. വ്യാജ രേഖകളുമായി രാജ്യത്തെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിക്കുക. ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ സ്മാര്‍ട് ഗൈറ്റ് സ്ഥാപിക്കാന്‍ 10 കോടി ദിര്‍ഹം ചെലവ് ചെയ്തിട്ടുണ്ട്.
അടുത്ത അഞ്ച് വര്‍ഷത്തിനിടെ 50 ശതമാനം യാത്രക്കാര്‍ക്കും സ്മാര്‍ട് ഗൈറ്റ് വഴി വിമാനത്തില്‍ കടക്കാനും പുറത്തിറങ്ങാനും സൗകര്യമൊരുക്കും. വിമാനത്താവളത്തിലൂടെ കടന്നുപോയിയെന്ന് ഉറപ്പുവരുത്താന്‍ പാസ്‌പോര്‍ട്ടില്‍ രേഖ ആവശ്യമുണ്ടെങ്കില്‍ അതിനും സൗകര്യമുണ്ടാകും. ടെര്‍മിനല്‍ മൂന്നില്‍ 28 സ്മാര്‍ട് ഗൈറ്റുകളുണ്ട്. ആകെ 138 സ്മാര്‍ട് ഗൈറ്റുകളാണുള്ളത്. 2017 ഓടെ ഇലക്‌ട്രോണിക് പാസ്‌പോര്‍ട്ടുകള്‍ വ്യാപകമാകും.
അഡ്വാന്‍സ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സ്ഥാപിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടു വരികയാണ്. 2017 ഓടെ ലോകത്ത് 400 കോടി ആളുകള്‍ വിമാനത്തില്‍ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗള്‍ഫില്‍ 2020ഓടെ 45 കോടി യാത്രക്കാരുണ്ടാകും. ദുബൈയില്‍ 10 കോടി യാത്രക്കാരാണ് പ്രതീക്ഷിക്കുന്നത്. 2014ല്‍ 7.1 കോടി യാത്രക്കാരാണ് എത്തിയത്. പുതുതായി നിര്‍മിച്ച മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ അടുത്ത 10 വര്‍ഷത്തിനകം 20 കോടി യാത്രക്കാരെത്തും. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലും മക്തൂം രാജ്യാന്തര വിമാനത്താവളത്തിലുമായി 6,65,000 വിമാനങ്ങളാണ് എത്തുക. 2020 ലെ വേള്‍ഡ് എക്‌സ്‌പോക്ക് രണ്ട് കോടി സഞ്ചാരികള്‍ ദുബൈയില്‍ എത്തും. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് മാത്രം ഏഴ് കോടി യാത്രക്കാരെ ദുബൈയില്‍ എത്തിക്കും. 149 നഗരങ്ങളിലേക്ക് ദുബൈയില്‍ നിന്ന് നിലവില്‍ സര്‍വീസുണ്ട്. മുഹൈര്‍ ബിന്‍ സുറൂര്‍ അറിയിച്ചു.

Latest