Connect with us

Palakkad

ഗള്‍ഫ് നാടുകളില്‍ ഉദ്യോഗാര്‍ഥികളെ ചതിക്കുഴിയില്‍പ്പെടുത്തുന്ന സംഘത്തിനെതിരെ നടപടി വേണം

Published

|

Last Updated

പാലക്കാട്: ഗള്‍ഫ് നാടുകളില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജമദ്യ നിര്‍മ്മാണത്തിലും മറ്റ് അനധികൃത മേഖലകളിലും തൊഴില്‍ രഹിതരെ എത്തിക്കുന്ന സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള പ്രവാസി ആന്റ് ഗള്‍ഫ് റിട്ടേണ്‍സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഷൊര്‍ണ്ണൂര്‍ കരടിപറമ്പ് മുഹമ്മദ് മുസ്തഫ എന്നയാളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു.
വിദേശ നാടുകളിലെത്തുന്ന തൊഴില്‍രഹിതരായവരെ കണ്ടെത്തുകയും ഇവര്‍ക്ക് ജോലി വാഗ്ദാനം ചെയ്യുകയുമാണ് മുസ്തഫയുടെ രീതി. തുടര്‍ന്ന് വ്യാജമദ്യം കടത്തുന്നതിന് ഉപയോഗപ്പെടുത്തുകയാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപജീവനമാര്‍ഗ്ഗം തേടിയെത്തിയ മുസ്തഫ നിര്‍മാണരംഗത്തും കാര്‍ഷിക രംഗത്തും ഹെല്‍പ്പറായി ജോലി ചെയ്യവെയാണ് സൗദിയില്‍ വ്യാജമദ്യവില്‍പ്പനരംഗത്തേക്ക് തിരിഞ്ഞത്. പലപ്പോഴും പിടിക്കപ്പെടുമെന്ന് സൂചന ലഭിക്കുമ്പോള്‍ വിഗ്ദധമായി മുങ്ങി നാട്ടിലെത്തുകയും പിന്നീട് വ്യാജ പാസ് പോര്‍ട്ടില്‍ ഗള്‍ഫിലേക്ക് തിരിക്കുകയാണ് പതിവ്. വ്യാജപേരുകളിലായി നാലോളം പാസ്‌പോര്‍ട്ടുകള്‍ മുസ്തഫക്കുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. മുസ്തഫയുടെ വാഗ്ദാനത്തില്‍ പെട്ട നിരവധിപേരാണ് ഗള്‍ഫ് നാടുകളില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
മുസ്തഫയുടെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണനടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രവിദേശമന്ത്രാലയം, കേരളപ്രവാസി ക്ഷേമവകുപ്പ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ വയനാട് പൊലീസ് സ്റ്റഷനില്‍ വ്യാജപാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് മുസ്തഫയുടെ പേരില്‍ കേസുണ്ട്.
മുസ്തഫയുടെ തട്ടിപ്പിനെതിരെ സമഗ്രമായ അന്വേഷണം നടത്തി ശിക്ഷിക്കണമെന്നും ഗള്‍ഫ്‌നാടുകളിലെത്തുന്ന തൊഴില്‍ രഹിതരെ ഇത്തരം ചതിക്കുഴിയില്‍ വീഴാതെയിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പ്രവാസി ബന്ധു ചെയര്‍മാന്‍ എസ് അഹമ്മദ്, ലീഗല്‍ അഡൈ്വസര്‍ രാന്ദ്രീവ് രാജധാനി, എച്ച് നുറൂദ്ദീന്‍, സി സുരേഷ് പങ്കെടുത്തു.

Latest