Connect with us

Malappuram

ചോക്കാട് ഗ്രാമപഞ്ചായത്ത് ബോര്‍ഡ് യോഗം: കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി

Published

|

Last Updated

കാളികാവ്: നാളികേര വികസന ബോര്‍ഡില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ അജണ്ടവെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം കാരണം കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.
തിങ്കളാഴ്ച ചേര്‍ന്ന ചോക്കാട് ഗ്രാമപഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ നിന്നാണ് ആറ് കോണ്‍ഗ്രസ് അംഗങ്ങളും വിട്ട് നിന്നത്. ഒരംഗം നേരത്തെ തന്നെ ബോര്‍ഡ് യോഗത്തില്‍ നിന്ന് പോയിരുന്നു. 16 അജണ്ടകളാണ് തിങ്കളാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തിലുണ്ടായിരുന്നത്. 14-ാമത്തെ അജണ്ടയാണ് തര്‍ക്കങ്ങള്‍ക്കും ഇറങ്ങിപ്പോക്കിനും കാരണമായത്. നാളികേര വികസന ബോര്‍ഡില്‍ നിന്നും ആനുകൂല്യം ലഭിക്കുന്നത് സംബന്ധിച്ച് കര്‍ഷകരുടെ അപേക്ഷ എന്നായിരുന്നു അജണ്ടയുണ്ടായിരുന്നത്. അജണ്ട ചര്‍ച്ചക്കെടുത്ത ഉടനെത്തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമപ്രശ്‌നവുമായി രംഗത്ത് വരുകയായിരുന്നു. നാളികേര ഉത്പാതകസംഘങ്ങളും ഫെഡറേഷനുകളും സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്നും സൊസൈറ്റികളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചക്ക് ബോര്‍ഡിന് അധികാരമില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞത്.
രാഷ്ട്രീയമായ അജണ്ടയാണ് ഈ അജണ്ടക്ക് പിന്നിലെന്നും ചോക്കാട് ഗ്രാമ പഞ്ചായത്ത് പരിധിയിലെയും പഞ്ചായത്ത് പരിധിയിലെ ആളുകള്‍ അംഗങ്ങളായ സൊസൈറ്റികളിലേയും പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യേണ്ട വേദിയല്ല പഞ്ചായത്ത് ബോര്‍ഡ് എന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ വാദിച്ചു. ഭരണഘടനാപരമായി അധികാരമുള്ളതും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുമാണ് അത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാറില്‍ നിന്ന് ഫണ്ട് ലഭിക്കുന്ന മുറക്ക് നാളികേര കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോക്കിന് മുമ്പ് പറഞ്ഞു.
നിയമവിരുദ്ധമായി ചേര്‍ത്ത അജണ്ടക്കെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. അതേസമയം നാളികേര കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന കര്‍ഷകരുടെ അപേക്ഷയാണ് ചര്‍ച്ചക്ക് എടുത്തതെന്നും എല്ലാ കര്‍ഷകര്‍ക്കും ആനുകൂല്യം ലഭ്യമാക്കുന്നതിന് ഇടപെടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നിയമവിരുദ്ധമായി തട്ടിക്കൂട്ടി രജിസ്‌ട്രേഷന്‍ നടത്തിയ സംഘങ്ങള്‍ക്ക് കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാനാണ് പഞ്ചായത്ത് ഇക്കാര്യം അജണ്ടയില്‍ വെച്ചതെന്നും നാളികേര ബോര്‍ഡില്‍ കര്‍ഷകരുടെ ആവശ്യം സമര്‍പ്പിക്കുമെന്നും മുസ്‌ലിംലീഗ് അംഗങ്ങള്‍ പറഞ്ഞു. സി പി എം അംഗങ്ങളും കോണ്‍ഗ്രസ് അംഗമായിരുന്ന കോട്ടമ്മല്‍ സുന്ദരനും ബോര്‍ഡ് യോഗത്തില്‍ സന്നിഹിതരായിരുന്നു. നാളികേര സംഘങ്ങളെ ചൊല്ലിയുള്ള തര്‍ക്കമാണ് കോണ്‍ഗ്രസ് ലീഗ് പോര് മറനീക്കി പുറത്ത് വരാന്‍ ഇടയായത്.
തുല്യ ശക്തികലായിരുന്ന കോണ്‍ഗ്രസും ലീഗും തമ്മില്‍ മത്സരത്തിനിടെ കോണ്‍ഗ്രസ് അംഗം മുങ്ങുകയും തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങളായിരുന്ന പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നിവര്‍ പുറത്താകുകയും ഈ സ്ഥാനങ്ങള്‍ മുസ്‌ലിം ലീഗ് സ്വന്തമാക്കുകയും ചെയ്തത്. പിന്നീട് നടന്ന ബോര്‍ഡ് യോഗങ്ങളില്‍ കാര്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് വീണ്ടും നാളികേര സമിതികളെ ചൊല്ലി വിവാദം ഉണ്ടായത്.
വാര്‍ഡുകളെ
കൂട്ടിച്ചേര്‍ക്കണം
വണ്ടൂര്‍: പുതുതായി രൂപവത്കരിക്കുന്ന വാണിയമ്പലം പഞ്ചായത്തില്‍ പോരൂര്‍ പഞ്ചായത്തിലെ എട്ട്, ഒമ്പത്, പത്ത് വാര്‍ഡുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യം. ഇതിനായി ഈ വാര്‍ഡുകളിലെ ജനങ്ങളുടെ ആഭിമുഖ്യത്തില്‍ പതിനഞ്ച് അംഗ ജനകീയ സമിതി രൂപവത്കരിച്ചു. പൂത്രക്കോവ് ജിഎല്‍ പി സ്‌കൂളില്‍ നടന്ന യോഗം പി ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. കെ ശശിധരന്‍ അധ്യക്ഷതവഹിച്ചു. എന്‍ എം നസീം, എം രാധാകൃഷ്ണന്‍, എ അബ്ദുല്ലകോയ തങ്ങള്‍, എ സുനില്‍കുമാര്‍, സി ജെ ബിനുകുമാര്‍ സംസാരിച്ചു.