Connect with us

Ongoing News

മേരിയുടെ പെരുന്നാള്‍ രാവിന് കണ്ണീരിന്റെ നനവ്

Published

|

Last Updated

കോഴിക്കോട്: പെരുന്നാള്‍ സന്തോഷത്തിന്റെ ഇശലിന് ഈണം പിടിക്കുമ്പോഴും മേരി കുര്യന്റെ ഖല്‍ബില്‍ സങ്കടത്തിന്റെ നനവായിരുന്നു. അഛന്റെ ഓര്‍മകളില്‍ തിരിയിട്ട് വേദിയിലെത്തിയ മേരിക്ക് ഫലമെത്തിയപ്പോള്‍ സന്തോഷത്തിന്റെ എ ഗ്രേഡ്. കഴിഞ്ഞ തവണ അഛന്റെ മരണം ഹൃദയവേദനയായി കലോത്സവത്തിന്റെ വഴി മുടക്കിയപ്പോള്‍ ഇത്തവണ അഛനുള്ള ബാഷ്പാഞ്ജലി കൂടിയായി ഈ വിജയത്തിന്റെ ഇശല്‍മഴ.
കണ്ണൂര്‍ ജില്ലയിലെ വെള്ളിത്തനം സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥി മേരി കുര്യന് കഴിഞ്ഞ വര്‍ഷം അഛന്റെ മരണം മൂലം കലോത്സവത്തില്‍ പങ്കെടുക്കാനായിരുന്നില്ല. ഇക്കുറി അഛന്റെ സ്മരണകളില്‍ അവള്‍ ഓരോ വരിയും പാടിയപ്പോള്‍ സദസ്സ് നിറഞ്ഞ മനസ്സോടെ കൈയ്യടിച്ചു.
എം എച്ച് വള്ളുവക്കാട് എഴുതിയ പെരുന്നാള്‍ ആഘോഷത്തിന്റെ കഥ പറയുന്ന ദൂതര്‍ സുലൈമാന്‍ എന്ന കഥയായിരുന്നു മേരി പാടിയത്. അങ്കണ്‍വാടി ടീച്ചറായ അമ്മയോടപ്പമാണ് മേരി മത്സരിക്കാനെത്തിയത്. സ്‌കൂളിലെ പ്രധാനാധ്യാപകന്റെയും മ്യൂസിക്ക് ടീച്ചറുടെയും സഹായത്തോടെയാണ് ഈ കൊച്ചുമിടുക്കി കലോത്സവ വേദിയിലെത്തിയത്.
ഉള്‍ഗ്രാമങ്ങളിലുള്ള ഇത്തരം കുട്ടികളെ കലോത്സവ വേദിയിലെത്തിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംഗീത അധ്യാപകന്‍ എ പി ബേബി പറഞ്ഞു. ഇത്തവണ ജില്ലയില്‍ രണ്ടാം സ്ഥാനത്തായെങ്കിലും അപ്പീല്‍ വഴിയാണ് മേരി കോഴിക്കോട്ടെത്തിയത്. ആ വരവ് വെറുതെയായതുമില്ല.