Connect with us

Ongoing News

മേല്‍ക്കൈ നേടുന്നത് അപ്പീലുകാര്‍

Published

|

Last Updated

കോഴിക്കോട്: റവന്യൂ ജില്ലാ കലോത്സവങ്ങളില്‍ ഒന്നാമതെത്തിയവരെ ബഹുദൂരം പിന്നിലാക്കി അപ്പീലുമായെത്തിയവര്‍ കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലും അപ്പീലുകാര്‍ മേല്‍ക്കൈ നേടുന്നത് ജില്ലാ മത്സരങ്ങളുടെ വിധി നിര്‍ണയത്തെയാണ് ചോദ്യം ചെയ്യുന്നത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ കുച്ചുപ്പുടിയില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും പെണ്‍കുട്ടികളില്‍ ഒന്ന്, മൂന്ന് സ്ഥാനങ്ങളും അപ്പീലുകാര്‍ സ്വന്തമാക്കി. ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കുച്ചുപ്പുടിയില്‍ രണ്ട് പേരാണ് ഒന്നാമതെത്തിയത്. ഇതില്‍ ഒരാള്‍ അപ്പീലുകാരനാണ്. പാലക്കാട് ജില്ലയില്‍ ഒന്നാമതെത്തിയ മത്സരാര്‍ഥി സംസ്ഥാനത്ത് ഇരുപത്തി ഒന്നാമനായി. കണ്ണൂര്‍ ജില്ലയിലെ ഒന്നാമന്‍ സംസ്ഥാനത്ത് പതിനാറാമനും. ഇരുവിഭാഗത്തിലെയും രണ്ട്, മൂന്ന് സ്ഥാനങ്ങളും അപ്പീലിനുതന്നെ.
ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടത്തില്‍ കോട്ടയത്ത് നിന്ന് അപ്പീലിലെത്തി ഒന്നാമതെത്തിയപ്പോള്‍ ജില്ലയിലെ ഒന്നാമന്‍ പന്ത്രണ്ടാം സ്ഥാനത്തായി. പെണ്‍കുട്ടികളുടെ ലളിത ഗാനത്തില്‍ ജില്ലയിലെ ഒന്നാമനെ അഞ്ചാമതാക്കിയാണ് അപ്പീലുകാരി ഒന്നാമതെത്തിയത്. ആണ്‍കുട്ടികളുടെ കഥകളിയില്‍ തിരുവനന്തപുരത്തുനിന്നുള്ള അപ്പീലുകാരന്‍ ഒന്നാമതെത്തിയപ്പോള്‍ ജില്ലയിലെ ഒന്നാമന്‍ സംസ്ഥാനത്ത് ഏഴാമനായി. കഥാപ്രസംഗത്തില്‍ കണ്ണൂരിലെ ഒന്നാമനെ സംസ്ഥാനത്ത് ആറാമനാക്കിയാണ് അപ്പീല്‍ ഒന്നാമനായത്. തിരുവാതിരയില്‍ കണ്ണൂരില്‍നിന്നുള്ള അപ്പീലുകാര്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയപ്പോള്‍ ജില്ലയിലെ ഒന്നാമന്‍ സംസ്ഥാനത്ത് ഇരുപത്തിനാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വട്ടപ്പാട്ടില്‍ കണ്ണൂരില്‍നിന്നുള്ള ഒന്നാം സ്ഥാനക്കാരെ പതിമൂന്നാം സ്ഥാനത്താക്കിയാണ് അപ്പീലുകാര്‍ രണ്ടാം സ്ഥാനം കയ്യടക്കിയത്. ഗാനമേളയില്‍ തിരുവനന്തപുരത്തെ ഒന്നാം സ്ഥാനക്കാരെ പതിനഞ്ചാമതാക്കി അപ്പീല്‍ സംഘം രണ്ടാമതെത്തി. നാടന്‍ പാട്ടില്‍ കോഴിക്കോട്ടെ ഒന്നാമനെ പതിനൊന്നാമനാക്കി അപ്പീലുകാരന്‍ ഒന്നാം സ്ഥാനവും വയനാട്ടിലെ ഒന്നാമനെ ഇരുപത്തിമൂന്നാമനാക്കി അപ്പീലുകാരന്‍ രണ്ടാം സ്ഥാനവും നേടി.
മിക്ക ഇനങ്ങളിലും അപ്പീലുകാര്‍ ഒന്നാമതെത്തുന്നത് റവന്യൂ ജില്ലയിലെ വിധിനിര്‍ണയത്തിന്റെ അപാകതയാണ് സൂചിപ്പിക്കുന്നത്. വേണ്ടത്ര പരിചയമില്ലാത്ത വിധി കര്‍ത്താക്കളാണ് മിക്കയിനങ്ങളിലേയും വിധി നിര്‍ണയിക്കുന്നതെന്ന് പരക്കേ ആക്ഷേപം ഉയര്‍ന്നിരുന്നു. വിധി കര്‍ത്താക്കളെ സ്വാധീനിച്ച് വിജയം കൈക്കലാക്കുന്നതായുമുള്ള ആരോപണങ്ങള്‍ ശരിവെക്കുകയാണ് സംസ്ഥാന കലോത്സവത്തിലെ അപ്പീലുകാരുടെ കുതിപ്പ്.

Latest