Connect with us

Ongoing News

ശിഷ്യന്‍മാര്‍ കൊമ്പുകോര്‍ത്തു; ആശാന്‍ ജയിച്ചു

Published

|

Last Updated

കോഴിക്കോട്: സ്‌കൂള്‍ കലോത്സവ വേദിക്ക് കോയ കാപ്പാട് എന്നാല്‍ മുസ്‌ലിം കലകളുടെ പര്യായപദമാണ്. ദഫ്മുട്ടിന്റെയും അറബന മുട്ടിന്റെയും ആഴംകണ്ട കലാകാരന്‍. ഇക്കുറിയും സംസ്ഥാന കലോത്സവത്തില്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ തിളക്കം കണ്ടാണ് ദഫ്മുട്ട്, അറബനമുട്ട് മത്സരങ്ങള്‍ക്ക് തിരശ്ശീല വീണത്.
വര്‍ഷങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദഫ്മുട്ടില്‍ ഒന്നാമതെത്തുന്നത് ഇദ്ദേഹത്തിന്റെ ശിഷ്യരാണ്. ഇത്തവണ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നായി ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ മത്സരത്തിനെത്തിയ എട്ട് ടീമുകള്‍ കോയകാപ്പാടിന്റെ ശിക്ഷ്യന്മാരായിരുന്നു. അറബനമുട്ടില്‍ മൂന്ന് സംഘങ്ങളും. ഇതില്‍ ഹൈസ്‌കൂള്‍ ദഫ്മുട്ടില്‍ കണ്ണൂര്‍ എളയാവൂര്‍ സി എച്ച് എം എച്ച് എസ് എസിന് ഒന്നാം സ്ഥാനവും മലപ്പുറം കൊട്ടുകര പി പി എം എച്ച് എസ് എസിന് രണ്ടാം സ്ഥാനവും കോഴിക്കോട്, വയനാട് ടീമുകള്‍ക്ക് എ ഗ്രേഡും ലഭിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം ദഫ്മുട്ടില്‍ നാല് സംഘങ്ങള്‍ക്ക് എ ഗ്രേഡും അറബനമുട്ടില്‍ മൂന്നാം സ്ഥാനവും ലഭിച്ചു.
ദഫിന്റെ തട്ടും മുട്ടും ഒഴിയാത്ത കാപ്പാട് ആലസ്സം വീട്ടിലെ ഇളം തലമുറക്കാരനായ കോയ കാപ്പാട് ഈ കലയെ കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമത്തിലാണ്. ആലസ്സം വീട്ടിലെ കാരണവരും രിഫാഇയ്യ ത്വരീഖത്തിലെ കണ്ണിയുമായ ഉസ്താദ് അഹമ്മദ്കുട്ടി മുസ്‌ലിയാരുടെ മകനായ കോയ കാപ്പാട് 20 വര്‍ഷത്തോളമായി ദഫ്മുട്ട് പരിശീലന രംഗത്തെ നിറ സാന്നിധ്യമാണ്. 1992ല്‍ പിതാവിന്റെ ഇടപെടല്‍ കാരണമായാണ് ദഫ്മുട്ട് സ്‌കൂള്‍ കലോത്സവ വേദിയിലെത്തുന്നത്. എന്നാല്‍ മത്സര വീര്യത്തില്‍ ദഫ്മുട്ടിന്റെ തനിമക്ക് പോറലേല്‍ക്കരുതെന്ന ശാഠ്യക്കാരനാണ് കോയ കാപ്പാട്. എന്നിട്ടും ഫാന്‍സി മുട്ടുകള്‍ മത്സരത്തില്‍ കടന്നുവരുന്നതില്‍ അദ്ദേഹം ആശങ്കാകുലനുമാണ്. ദഫ്മുട്ട് കേവലമൊരു കലയല്ലെന്നും അനുഷ്ഠാനത്തിനാണ് അതില്‍ പ്രധാന്യമെന്നും പരിഷ്‌കരണക്കാരെ കോയ കാപ്പാട് ഓര്‍മപ്പെടുത്തുന്നു.
ഈ മാസം 26 ന് ചെന്നൈയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ ക്ഷണം ലഭിച്ചത് ദഫ്മുട്ടിനുള്ള അംഗീകാരമായാണ് കോയ കാപ്പാട് കാണുന്നത്. അടുത്ത മാസം നടക്കുന്ന ദേശീയ ഗെയിംസിന്റെ സമാപന വേദിയില്‍ ദഫ്മുട്ട് അവതരിപ്പിക്കാനും ക്ഷണം എത്തിക്കഴിഞ്ഞു. 25 അംഗ സംഘമാണ് ദേശീയ ഗെയിംസിന്റെ വേദിയില്‍ ദഫ്മുട്ട് അവതരിപ്പിക്കുക.

Latest