Connect with us

Kozhikode

തോടന്നൂര്‍ ബ്ലോക്കില്‍ കര്‍ഷക വിജ്ഞാന വ്യാപന സംഘം പ്രവര്‍ത്തനം തുടങ്ങി

Published

|

Last Updated

വടകര: കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ തോടന്നൂര്‍ ബ്ലോക്ക് ആസ്ഥാനമായി കര്‍ഷക വിജ്ഞാന വ്യാപന സംഘം രൂപവത്കരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മണിയൂര്‍, ആയഞ്ചേരി, വില്യാപ്പള്ളി, തിരുവള്ളൂര്‍ പഞ്ചായത്തുകളിലെ 20 ഫാര്‍മേഴ്‌സ് ക്ലബുകളുടെ സംയുക്ത സംരംഭമാണ് മഹാത്മ കര്‍ഷക വിജ്ഞാന വ്യാപന സംഘം. മൂന്ന് പഞ്ചായത്തുകളിലായി 100 ഏക്കര്‍ സ്ഥലത്ത് ഈ വര്‍ഷം നെല്‍കൃഷി ആരംഭിക്കും. വിത്തുത്പാദനത്തിന് വേണ്ടി വില്യാപ്പള്ളി പഞ്ചായത്തുകളില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷിയും ഇതിന് പുറമെ നല്ലയിനം കുരുമുളക് തൈകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തോടന്നൂരില്‍ കുരുമുളക് നഴ്‌സറിയും ജൈവ കീടനാശിനി സംഭരണ കേന്ദ്രവും സ്ഥാപിക്കും. കര്‍ഷകര്‍ക്ക് കൃഷിക്ക് 50,000 രൂപയും പച്ചക്കറി കൃഷിക്ക് ഏക്കറിന് പതിനായിരം രൂപയും നെല്‍കൃഷിക്ക് ഹെക്ടറിന് 5000 രൂപയും താത്കാലിക സഹായമെന്ന നിലയില്‍ സംഘം നല്‍കും. സംഘത്തിന്റെ കീഴിലുള്ള നടീല്‍ ഉത്സവം ചെരണ്ടത്തൂര്‍ ചിറയില്‍ ഞാറുനട്ട് കൃഷി മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ചെരണ്ടത്തൂര്‍ ചിറയില്‍ സമഗ്ര നെല്‍കൃഷി വികസനത്തിന് പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംഘം പ്രസിഡന്റ് എരഞ്ഞോളി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. റിവോള്‍വിംഗ് ഫണ്ട് വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി നിര്‍വഹിച്ചു. മികച്ച കര്‍ഷകരെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി കണ്ണനാണ്ടി പൊന്നാടയണിയിച്ച് ആദരിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ അബ്ദുന്നാസര്‍ പച്ചക്കറി വിത്ത് വിതരണം ചെയ്തു. ആത്മ കോഴിക്കോട് പ്രൊജക്ട് ഡയറക്ടര്‍ പി സി ശ്രീലത പദ്ധതി വിശദീകരിച്ചു. എ ഡി ഷീല, പി സി ഷീബ, കെ ടി കുഞ്ഞിരാമന്‍, സി പി വിശ്വനാഥന്‍, ടി നാണു, സി പി കുഞ്ഞബ്ദുല്ല, ബിജു തോക്കോട്ട്, സെക്രട്ടറി കെ എം ബാബു, അബ്ദുല്‍ ഹമീദ് പ്രസംഗിച്ചു.